
കിടക്കയില്‍ എഴുന്നേറ്റിരുന്ന് മൂരിനിവരുമ്പോള്‍ പയ്യന്‍ ശപിച്ചു. വൈകുന്നരമാക്കുന്നതെങ്ങനെ? ദിവസമല്ല, ചൂടാണ് പുലര്‍ന്നിരിക്കുന്നത്. കുപിതനായ പയ്യന്‍ എഴുന്നേറ്റു. മുന്‍വശത്തെ വാതിലിനടിയിലേക്കു പേപ്പര്‍ ബോയ് തിരുകിവച്ചിരുന്ന ദിനപത്ര സാഹിത്യം കുനിഞ്ഞെടുത്തു. തലവാചകങ്ങള്‍ കണ്ണോടിച്ചു. ആശ്വാസമായി. ലോകം ഒന്നുമുഴുവന്‍ ബാക്കി നില്‍ക്കുന്നുണ്ട്. ഭാരത്തിലാണെങ്കില്‍ തലേന്ന് ഒറ്റ തീവണ്ടിയും മറിഞ്ഞിട്ടില്ല. ബഹു സന്തോഷമായി. ഇങ്ങനെയിരിക്കണം നിത്യവും ഭൂഗോളമെന്നു മനസില്‍ പറഞ്ഞു.' മലയാളിയുടെ ജീവിതത്തെ കീഴ്‌മേല്‍ വായിക്കുകയും പരിഹാസം കൊണ്ട് കുളിപ്പിക്കുകയും ചെയ്ത ഇത്തരത്തിലുള്ള ഒട്ടേറെ കഥകളിലൂടെ പുത്തന്‍ വായനാനുഭവം പകര്‍ന്നു നല്‍കിയ മലയാള സാഹിത്യത്തിലെ ചിരിയുടെ ചക്രവര്‍ത്തിയാണ് വികെഎന്‍.
ഹാസ്യത്തിന്റെ ഗൗരവം, ആഴം, സമഗ്രത എന്നിവ അനുവാചകര്‍ക്ക് നല്‍കുന്ന ഭാവഗരിമ വികെഎന്‍ കൃതികളുടെ വായനയോടെയാണ് ബോധ്യമായിത്തുടങ്ങിയത്. ചിരിയും ചിന്തയുമാണ് വികെഎന്‍ കൃതികളുടെ മുഖമുദ്ര. ബുദ്ധികൊണ്ട് ആസ്വദിക്കാവുന്ന ധര്‍മ്മം. സമകാലീന-സാമൂഹിക-രാഷ്ട്രീയ - അധികാര വിമര്‍ശനങ്ങള്‍ നടത്തുന്ന വികെഎന്‍ കൃതികള്‍ എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുകയും അധികാരികളില്‍ നിന്ന് ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. പൊന്‍കുന്നം വര്‍ക്കി, ടി.എസ്. തിരുമുമ്പ് തുടങ്ങിയവര്‍ അനുഭവിച്ചതുപോലെ വികെഎന്‍ ദ ട്വിന്‍ ഗോഡ് അറൈവ്‌സ് എന്ന ലേഖനം എഴുതിയതിന്റെ പേരില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം നേരിടേണ്ടിവന്നു. ലേഖനം ദേവസ്വം കമ്മീഷണറെ പരിഹസിക്കുന്നതായിരുന്നു എന്നാണ് അധികാരികള്‍ കണ്ടെത്തിയ കാരണം. പിന്നീട് കാല്‍വച്ച പത്രപ്രവര്‍ത്തന മേഖലയും ശങ്കേഴ്‌സ് വീക്കിലിയിലെ എഴുത്തുകളും ഒരു പുതിയ മേച്ചില്‍പ്പുറം അദ്ദേഹത്തിന് തുറന്നുകൊടുത്തു. സമകാലീകരും പ്രഗത്ഭരുമായ ബഷീര്‍, ഒ.വി.വിജയന്‍, കാക്കനാടന്‍, എം.മുകുന്ദന്‍ എന്നിവരുമായുള്ള സൗഹൃദം പിന്നീട് എഴുത്തിന് പ്രചോദനവും ശക്തിയുമാവുകയും ചെയ്തു. വികെഎന്‍ തന്റെ എഴുത്തിലൂടെ സൃഷ്ടിച്ച ഹാസ്യം, അതിനു മുമ്പോ, അതിനുശേഷമോ മലയാളിക്ക് മറ്റൊരു സാഹിത്യകാരനില്‍ നിന്നും ലഭിച്ചിട്ടില്ല.
സാധാരണജീവിതത്തിലെ വിഷയങ്ങളാണ് അദ്ദേഹം ഒട്ടുമിക്ക കഥകളിലും വരച്ചിട്ടത്. വികെഎന്നിന്റെ രചനകളിലെല്ലാം ഒരു മാനുഷിക മൂല്യം ഉണ്ട്. ഏതു മേഖലയിലെ വിജ്ഞാനവും തനിക്ക് അന്യമല്ലെന്ന് തെളിക്കുന്നവയാണ് വികെഎന്‍ രചനകള്‍. വാക്കുകളാണ് വികെഎന്നിന്റെ കൈയിലുള്ള പ്രധാന കരുക്കള്‍. അവയെ വലിച്ചും നീട്ടിയും കുറുക്കിയും ലോപിപ്പിച്ചും രൂപഭേദം വരുത്തിയും വേറൊരു സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രയോഗിച്ചും മറ്റൊരു സന്ദര്‍ഭത്തെക്കൂടി ഓര്‍മ്മിപ്പിച്ചും ചിലപ്പോള്‍ മറ്റൊരര്‍ത്ഥത്തില്‍ പ്രയോഗിച്ചും വിപരീതാര്‍ത്ഥ ധ്വനി സൃഷ്ടിച്ചും വാക്കുകൊണ്ട് അമ്മാനമാടി പലതരത്തിലും ഹാസ്യമുണ്ടാക്കാനുള്ള വികെഎന്നിന്റെ സിദ്ധി അദ്വിതീയമാണ്. അദ്ദേഹത്തിന്റെ കഥകളില്‍ നിറയെ കവിതകളുണ്ട്. പ്രാചീന മധ്യകാല കവിതകള്‍ തൊട്ട് സുഗതകുമാരിയുടെ വരികള്‍ വരെ. കവിതകളുടെ വിവര്‍ത്തനങ്ങളും ഹാസ്യാനുകരണവും ഉണ്ട്.
ഉള്ളുതുറന്ന് ചിരിക്കുകയും മറ്റുള്ളവരെക്കൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു നോവല്‍ രചയിതാവാണ് വികെഎന്‍. ഒരു നോവലിസ്റ്റ് എന്നനിലയില്‍ രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതിയെ നര്‍മ്മബോധത്തോടെ ചിത്രീകരിക്കാന്‍ അസാമാന്യമായ പാടവം പ്രദര്‍ശിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം പത്രപ്രവര്‍ത്തന ശൈലിയും സാഹിത്യരചനാ ശൈലിയും സമഞ്ജസമായി സംയോജിപ്പിച്ചുകൊണ്ടാണ് മലയാളിയെ ചിരിപ്പിച്ചത്. കുഞ്ചന്റെ പിന്‍ഗാമിയെന്ന് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചതു ശരിയാണ്. ഹാസസാഹിത്യമെന്നത് വെറുതെ ചിരിക്കാനുള്ളതല്ല. ചിരിയിലൂടെ ചിന്തയും പഠനവും എന്നതായിരുന്നു വികെഎന്‍ ശൈലി. കക്ഷിരാഷ്ട്രീയത്തിന്റെ ദുഷ്‌കൃതികളെ മൂര്‍ച്ചയേറിയ ഭാഷയില്‍ പരിഹസിക്കുന്ന നല്ല നോവലുകള്‍ കാഴ്ചവച്ച വികെഎന്‍ മലയാള നോവല്‍ സങ്കല്‍പത്തെ കുറച്ചൊന്നുമല്ല പരിപോഷിപ്പിച്ചത്. നോവലിനെ പ്രാണശക്തിയുള്ളതാക്കിത്തീര്‍ക്കുന്ന പുതിയ പത്രപ്രവര്‍ത്തന ധര്‍മ്മത്തെ ഈ നോവലിസ്റ്റ് വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ സാമ്പത്തികവും സാമൂഹികവുമായ രാഷ്ട്രീയ ഘടനയെക്കുറിച്ചുള്ള അവഗാഢമായ അവബോധത്തില്‍ നിന്നുകൊണ്ട് പുതുപുത്തന്‍ താത്്പര്യങ്ങളുടെ സാധ്യതകളെ വികെഎന്‍ അന്വേഷിക്കുന്നു. അവയെ നിറഞ്ഞ ഹാസ്യത്തോടെയാണെങ്കിലും പൂര്‍ണ്ണമായ വിശ്വാസത്തോടെ പകര്‍ത്തുകയും ചെയ്യുന്നു.
ഡല്‍ഹി അടിസ്ഥാനമാക്കി ഔദ്യോഗിക ജീവിതം നയിച്ച വികെഎന്‍ ഡല്‍ഹിയിലെ വിശാല വീഥികളെയും തെരുവുകളെയും കേരളത്തിലെ തറവാടുകളുടെ ഉമ്മറക്കോലാകളെയും ഉള്ളറകളെയും മലയാളിക്ക് പരിചയപ്പെടുത്തി. അങ്ങനെ പയ്യന്‍സും ചാത്തന്‍സും മി. ചാത്തുവും പാറോതിക്കുട്ടിയുമൊക്കെ നമ്മുടെ പരിചയക്കാരായി. പത്മനാഭന്റെ കൊച്ചി രാജ്യ ചരിത്രത്തില്‍ നിന്ന് പല്ലാവൂര്‍ മണിയന്‍ മാരാരുടെ തിമിലക്കെട്ടിലേക്ക്, വാല്‍ട്ടര്‍ വിറ്റ്മാന്റെ കവിതകളില്‍ നിന്ന് പാച്ചു ചാക്യാരുടെ വാക്കിലേക്ക്, കലാമണ്ഡലം രാമന്‍കുട്ടി നായരുടെ ഹനുമാന്‍ വേഷത്തില്‍ നിന്ന് സ്റ്റെഫിഗ്രാഫിന്റെ പെര്‍ഫോമന്‍സിലേക്ക്, ഉണ്ണുനീലി സന്ദേശത്തിലെ തച്ചുശാസ്ത്ര വര്‍ണ്ണനയില്‍ നിന്ന് തിരുനാവായിലെ മാമാങ്കത്തിന് ചാവേര്‍പ്പട പോയ വഴിയെക്കുറിച്ച് - അങ്ങനെ എത്രയെത്ര മനോഹര വര്‍ണചിത്രങ്ങളാണ് വികെഎന്‍ കൃതികളില്‍ നിഴലിക്കുന്നത്.
ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലുമെല്ലാം മലയാളികള്‍ തനതായ രീതിയില്‍ നിന്ന് അകലുകയാണെന്നും അനുകരണ ഭ്രമത്തിന്റെ പിന്നാലെയാണെന്നും വ്യക്തമാക്കുന്ന ഒരു കഥയാണ് മോരിന്റെ പര്യായം. തനി നാട്ടിന്‍പുറത്തുകാരനായ ഹാജി എന്ന അതിലെ കഥാപാത്രത്തെ വായനക്കാര്‍ ഏറെ ഇഷ്ടപ്പെടുന്നു. അയാളുടെ ഭാഷ പ്രദേശികതയുടെ ഉച്ചാര സവിശേഷതകളും ഭംഗിയുമുള്ളതാണ്. മലയാളികളായ നമുക്ക്, നമ്മുടെ തീന്‍മേശകളില്‍ ഭക്ഷണം ആവശ്യപ്പെടാന്‍ പോലും ഇംഗ്ലീഷ് വാക്കുകള്‍ വേണം എന്ന പരിഹാസ്യമായ അവസ്ഥയെ കളിയാക്കി ചിരിക്കുകയാണ് വികെഎന്‍ ചെയ്യുന്നത്. മലയാളത്തെ നമ്മള്‍ തന്നെ രണ്ടാംകിട ഭാഷയായി തരംതാഴ്ത്തുന്നതിന്റെ ഉദാഹരണമാണ് കഥാകൃത്ത് കാട്ടിത്തരുന്നത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമികമായ ആവശ്യമാണെന്നിരിക്കേ അത് ചോദിക്കാനും വാങ്ങാനും ഭക്ഷിക്കാനും നാട്യങ്ങളൊന്നും വേണ്ടെന്നിരിക്കെ മലയാളികള്‍ അതിനുപോലും വിദേശിയെ അനുകരിക്കുന്നതിന്റെ അര്‍ത്ഥശൂന്യതയാണ് വികെഎന്‍ തുറന്നുകാട്ടുന്നത്. വേഷത്തിലും ആ അനുകരണം കാണാം. ഭാഷയും വേഷം ഏതൊരു നാടിന്റെയും സംസ്‌കാരമായിരിക്കണം. അത് കൈവെടിയുമ്പോള്‍ ജനത സ്വന്തം ആത്മാഭിമാനത്തേയും അതുവരെ ആര്‍ജ്ജിച്ച സംസ്‌കാരത്തിന്റേയും ഈടുവെപ്പുകളെയുമാണ് തള്ളിക്കളയുന്നത്.
മോരിന്റെ പര്യായമെന്ന കഥയില്‍ ഹാജിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന തനി ഇംഗ്ലീഷ് രീതിയില്‍ കളസവും തൊപ്പിയും കോഴിത്തൂവലുമണിഞ്ഞ വിളമ്പുകാരനും കളസവും കുപ്പായവുമിട്ടു കഴുത്തില്‍ ടൈ കൂടി കെട്ടിയിരിക്കുന്ന സ്റ്റുവര്‍ഡും പരിഹാസ്യരാണ്. സാമൂഹ്യ വിമര്‍ശനത്തിലേക്ക് തന്റെ നര്‍മ്മം ചാലിച്ച ശൈലിയിലൂടെ കടന്നുപോകുന്ന വികെഎന്നിന്റെ രചനകള്‍ ഏറെ പ്രത്യേകതയുള്‍ക്കൊണ്ടിരുന്നു. ഗണിതശാസ്ത്ര വിശാരദയായ പാറോതിക്കുട്ടി യഥോചിതം പ്രസവിച്ച പെണ്‍കുട്ടികള്‍ക്ക് ബിന്ദു, രേഖ, ലംബ, വൃത്ത എന്നു പേരിടുന്നതും മലനാട് സഹകരണ ബാങ്കിന്റെ പൊതുയോഗത്തില്‍ സെക്രട്ടറി കണക്കവതരിപ്പിക്കുന്നതും ആ സമയത്ത് പ്രസിഡന്റ് പ്യൂണിനോട് കണ്ണുകാണിക്കുന്നതും പ്യൂണ്‍ പെട്ടെന്ന് ഉഴുന്നുവടയും ചായയും അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതും വായില്‍ വടയും ചായയും കൊതകൊത കൊതയ്ക്കുന്നതും, ആ സമയം നോക്കി കണക്കു പാസായതായി പ്രസിഡന്റ് പ്രഖ്യാപിക്കുന്നതും ഓര്‍ത്തോര്‍ത്ത് ഏതൊരു വായനക്കാരനും ചിരിച്ചുപോകും. ഇങ്ങനെ എത്രയെത്ര നര്‍മ്മങ്ങള്‍!
സാഹിത്യ ജീവിതം
സ്വന്തം ജീവിതാനുഭവങ്ങളുടെ കരുത്തും സ്വന്തമായി രൂപപ്പെടുത്തിയ ശൈലിയുമായി 25 ലേറെ കൃതികള്‍ മലയാളത്തിന് വികെഎന്‍ സംഭാവന ചെയ്തു. 1950ല്‍ ആദ്യകഥ ബുഷ്ഷര്‍ട്ട് ശങ്കേഴ്‌സ് വീക്കിലിയില്‍ പ്രസിദ്ധീകരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ മികച്ച കഥയായി വിവാഹപ്പിറ്റേന്ന് ആണ് വിലയിരുത്തപ്പെടുന്നത്. വിവാഹപ്പിറ്റേന്ന് എന്ന ഒരൊറ്റ കഥകൊണ്ട് മലയാള സാഹിത്യത്തില്‍ സ്ഥാനമുറപ്പിച്ചു, എന്ന് കഥാകാരന്‍ ഉറൂബ് നിരീക്ഷിക്കുന്നു. അധികാരം എന്ന നോവലില്‍ ഡല്‍ഹിയിലെ അധികാര രാഷ്ട്രീയത്തിന്റെ ജീര്‍ണതയിലായിരുന്നു വിഷയം. കോളജ് തലത്തില്‍ പാഠപുസ്തകമായിരുന്ന ഈ കൃതി ചില സംഘടനകളുടെ സമരം കൊണ്ട് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എഴുത്തിന്റെ കാലാധിവര്‍ത്തിയായ കരുത്താണ് ഈ നോവല്‍ വെളിപ്പെടുത്തുന്നത്. വികെഎന്‍ കൃതികളുടെ പ്രധാന പ്രതിപാത്യ വിഷയം ഭക്ഷണം, അധികാരം തുടങ്ങിയവയായിരുന്നു. മിക്കവാറും എല്ലാ കൃതികളിലും ഭക്ഷണത്തോടുള്ള ആര്‍ത്തി പരാമര്‍ശിതമാവുന്നുണ്ടെങ്കിലും ഭക്ഷണം ഇതിവൃത്തയായി എഴുതിയ ചില രചനകളാണ് ലഞ്ച്, ദോശ, ചോറിനുവേണ്ടി, മോരിനുവേണ്ടി, മോരിന്റെ പര്യായം, നിലനില്‍പിനുവേണ്ടി തുടങ്ങിയവ. വികെഎന്‍ കൃതികളിലെ പ്രധാന കഥാപാത്രങ്ങളായി വരുന്ന പയ്യന്‍സ്, ചാത്തന്‍സ്, ഹാജിയാര്, നാണ്വാര് എന്നിവരെല്ലാം നമ്മെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം മുഹൂര്‍ത്തങ്ങളിലാണ് വികെഎന്നിന്റെ ദാര്‍ശനികമായ ചിരി നമുക്ക് ബോധ്യമാവുക.
ജീവിതരേഖ
ജനനം: 1932 ഏപ്രില്‍ 6 തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍. പിതാവ്: കൃഷ്ണന്‍ നായര്‍, മാതാവ്: ലക്ഷ്മി അമ്മ. മെട്രിക്കുലേഷന്‍ പാസായശേഷം മലബാര്‍ ദേവസ്വം വകുപ്പില്‍ 1951 മുതല്‍ 8 വര്‍ഷക്കാലം ജോലി നോക്കി.
1959 മുതല്‍ 69 വരെ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി ശങ്കേഴ്‌സ് വീക്കിലി സ്റ്റേറ്റ്‌സ് മാന്‍ എന്നിവയില്‍ കോളമിസ്റ്റുമായി.
നോവലുകള്‍:
ആരോഹണം, പിതാമഹന്‍, ജനറല്‍ ചാത്തന്‍സ്, അത്തം പെരുനാള്‍, അധികാരം, അനന്തരം, അമ്മൂമ്മക്കഥ, അസുരവാണി, കുടിനീര്, ചിത്രകേരളം, നാണ്വാര്, മഞ്ചല്‍, കാവി, പെണ്‍പട, സിന്‍ഡിക്കേറ്റ് എന്നിവ. ആരോഹണം എന്ന നോവല്‍ ആീ്ശില ആൗഴഹല െഎന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു.
കഥകള്‍: 50 കഥകള്‍, ചാത്തന്‍സ്, പയ്യന്‍ കഥകള്‍, മാനാഞ്ചിറ ടെസ്റ്റ്, ഹാജ്യാര്, സര്‍ ചാത്തുവിന്റെ റൂളിങ്, ഒരു നൂറു മിനിക്കഥകള്‍, ദുഷ്യന്തന്‍ മാഷ്, പൊടിപൂരം തിരുനാള്‍, കോഴി, ഹൂവിനുശേഷം ഹൂ തുടങ്ങിയവ.
നര്‍മ്മ ലേഖനങ്ങള്‍:
അയ്യായിരവും കോപ്പും, നമത് വാഴ്‌വും കാലവും. 1969-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. 1978-ല്‍ എം.പി.പോള്‍ അവാര്‍ഡ്. 1982-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. 1997ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ്. കേരളസാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ചെയര്‍മാന്‍ എന്നീ പദവിങ്ങളും വഹിച്ചിട്ടുണ്ട്. 2004 ജനുവരി 25ന് ചിരിയുടെ ചക്രവര്‍ത്തി കഥാവശേഷനായി.