/kalakaumudi/media/post_banners/1f06246dcece988587427c67fd147a320e017668aa75291edfb7e86ee18d79e9.jpg)
ഗുവാഹട്ടി :അസമിൽ വിജയം ആവർത്തിച്ച് എൻഡിഎ. ആകെയുള്ള 126 സീറ്റിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 73 സീറ്റുകളാണ് നേടിയത്. 64 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി 52 സീറ്റുകളും.
കോൺഗ്രസ്, എഐയുഡിഎഫ്, ബിപിഎഫ് തുടങ്ങിയ കക്ഷികൾ ചേർന്ന് രൂപവത്കരിച്ച സഖ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല.
തുടർഭരണം ലഭിച്ചെങ്കിലും കോൺഗ്രസിനെ തൂത്തെറിയാൻ ബിജെപിക്ക് സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ്- എഐയുഡിഎഫ്-ബിപിഎഫ് സഖ്യം ഗുണംചെയ്തതാണ് കണക്ക് വ്യക്തമാക്കുന്നത്. കോൺഗ്രസ് 30, എ.ഐ.യു.ഡി.എഫ് 16, ബിപിഎഫ് 5, സിപിഐഎം ഒന്ന് എന്നിങ്ങനെയാണ് കോൺഗ്രസ് സഖ്യം മുന്നിട്ടു നിൽക്കുന്ന സീറ്റുകൾ. കഴിഞ്ഞ തവണ നേടിയ 19 സീറ്റിൽനിന്നാണ് 11 സീറ്റുകളോളം വർധിപ്പിക്കാൻ കോൺഗ്രസിന് സാധിച്ചത്.
മൂന്നു തവണ അധികാരത്തിലേറിയ തരുൺ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ തറപറ്റിച്ചാണ് 2016ൽ ബിജെപി അസമിന്റെ അധികാരം പിടിച്ചത്. 126 അംഗ നിയമസഭയിൽ 60 സീറ്റാണ് ബി.ജെ.പി നേടിയത്. കോൺഗ്രസ് നേതൃത്വം നൽകിയ സഖ്യത്തിന് 24 സീറ്റുകൾ മാത്രമാണ് അന്ന് നേടാനായത്. പതിനാല് സീറ്റുള്ള അസം ഗണ പരിഷത്ത് (എ.ജി.പി), പന്ത്രണ്ട് സീറ്റുള്ള ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ പാർട്ടികളെയും കോൺഗ്രസ് വിമതരെയും ഒപ്പം നിർത്തി ശക്തമായ സഖ്യമാണ് ബിജെപി സർക്കാർ രൂപവത്കരിച്ചത്.
അഭയാർഥി പ്രശ്‌നം, പൗരത്വനിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിങ്ങനെ കത്തുന്ന വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ട തിരഞ്ഞെടുപ്പാണ് അസമിൽ ഇത്തവണ നടന്നത്. നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കുകയും പൊതുവേയുള്ള വലിയ തകർച്ചയിൽനിന്ന് ഒരു ആശ്വാസ വിജയം നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ അധികാരം നിലനിർത്തുകയും കോൺഗ്രസിനെ ചിത്രത്തിൽനിന്ന് മായ്ച്ചുകളയുകയും ചെയ്യുക എന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. കൂടാതെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വേരോട്ടം കൂട്ടാൻ പരിശ്രമിക്കുന്ന ബി.ജെ.പിക്ക് അസമിലെ തുടർഭരണം നിർണായകവുമായിരുന്നു.
ഭരണത്തുടർച്ച എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള അധികാരത്തിന്റെയും ശക്തമായ സംഘടനാ സംവിധാനത്തിന്റെയും പിൻബലത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ ഇപ്പറഞ്ഞതൊന്നും കോൺഗ്രസിന് ഇല്ലായിരുന്നു. നേതൃശൂന്യത, ഗ്രൂപ്പ് തർക്കം, പണഞെരുക്കം, നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങി കോൺഗ്രസിനെ ഞെരുക്കിയ വിഷയങ്ങൾ നിരവധിയായിരുന്നു. തരുൺ ഗോഗോയിയുടെ മകൻ ഗൗരവ് ഗോഗോയിക്ക് വലിയ സ്വീകാര്യതയില്ലാത്തതും സുഷ്മിതാ ദേവിനെപ്പോലെയുള്ള നേതാക്കൾ സീറ്റ് ലഭിക്കാതെ അകന്നു നിന്നതും കോൺഗ്രസിന് ക്ഷീണത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു.
എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സംഭവിച്ച സഖ്യനീക്കങ്ങൾ കോൺഗ്രസിന് പുതിയ പ്രതീക്ഷ നൽകിയിരുന്നു. ബാഗലും ഛത്തീസ്ഗഡിൽ നിന്നെത്തിയ 12 എം.എൽ.എ.മാരും എഴുനൂറോളം കോൺഗ്രസ് നേതാക്കളും അസമിൽ മൂന്നാഴ്ചയായി ക്യാംപ് ചെയ്താണ് മഹാസഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുംചെയ്തു. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലാരിയുമായും ബദറുദ്ദീൻ അസമിലെ മിയ വിഭാഗത്തിന്റെ നേതാവായ അജ്മൽ നയിക്കുന്ന ആൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (ഏ.ഐ.യു.ഡി.എഫ്) ഉണ്ടാക്കിയ ധാരണയും ഇടത് പാർട്ടികൾ എന്നിവരുമായി സീറ്റ് ധാരണയുണ്ടാക്കാനും കോൺഗ്രസിന് സാധിച്ചിരുന്നു.
ബോഡോ സ്വാധീന മേഖലകളിൽ ബി.പി.എഫിനും മുസ്ലീം മേഖലകളിൽ ഐ.ഐ.ഡി.യു.എഫിനുമുള്ള വോട്ട് ബാങ്കുകളായിരുന്നു കോൺഗ്രസിന്റെ പ്രധാന പ്രതീക്ഷ. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭങ്ങൾ ഇതിന് വഴിമരുന്നിടുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതൊന്നും പ്രതീക്ഷിച്ച ഗുണം ചെയ്തില്ല.
2019 ൽ അസമിനെ ഇളക്കി മറിച്ച പൗരത്വനിയമവിഷയം തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഒട്ടും അനുകൂലമാകില്ലെന്ന തിരിച്ചറിവോടുകൂടിയാണ് ബിജെപി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തിയത്. പൗരത്വനിയമത്തെക്കുറിച്ച് പ്രകടനപത്രികൾ ഒരക്ഷരം പറയാതിരിക്കാൻ അവർ ശ്രദ്ധിച്ചു. ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ ബിജെപി നടത്തിയെങ്കിലും കരുതലോടെയായിരുന്നു നീക്കം. തദ്ദേശീയരായ അസമിയ വിഭാഗങ്ങളുടെ വികാരങ്ങൾ പരിഗണിക്കാതെ ധ്രുവീകരണത്തിന് തുനിഞ്ഞാൽ തിരിച്ചടിയുണ്ടാകുമെന്ന ഭയം ബി.ജെ.പിക്കുണ്ടായിരുന്നു.
പൗരത്വ നിയമം ചർച്ചക്ക് വച്ചാൽ വടക്കൻ അസമിലും അപ്പർ അസമിലും കനത്ത തിരിച്ചടിയുണ്ടാകുമെന്നും അവർ ഭയന്നിരുന്നു. അസമിലെ തദ്ദേശീയർക്ക് ബംഗാളിൽ നിന്ന് കുടിയേറിയ മുസ്ലീങ്ങളാണ് ഭീഷണിയെന്ന പ്രചാരണമായിരുന്നു ബി.ജെ.പി നടത്തിയത്. ഒപ്പം വികസനമുദ്രാവാക്യം പ്രധാന ചർച്ചാവിഷയമായി ഉയർത്തുകയും ചെയ്തു. ബിജെപിയുടെ അത്തരം നീക്കങ്ങൾ ഗുണം ചെയ്തു എന്നാണ് ഫലം നൽകുന്ന സൂചന.