ട്വന്റിട്വന്റിയുടെ ചുവടുകൾ പിഴച്ചില്ല, സീറ്റുപിടിയ്ക്കാനായില്ലെങ്കിലും വോട്ടുപിടിച്ചു

പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ജനസ്വാധീനം എവിടെ എന്ന ചോദ്യത്തിന് തദ്ദേശ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ടിങ് പാറ്റേൺ വ്യത്യസ്ഥമാണെന്ന നേതാക്കളുടെ വിശദീകരണമാണ് മറുപടി.

author-image
anil payyampalli
New Update
ട്വന്റിട്വന്റിയുടെ ചുവടുകൾ പിഴച്ചില്ല,  സീറ്റുപിടിയ്ക്കാനായില്ലെങ്കിലും വോട്ടുപിടിച്ചു

എറണാകുളം : രാഷ്ട്രീയേതരമായ ചുവടുവെയ്പുകളോടെ സജീവമായി രംഗത്തുവന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിർണ്ണായകശക്തിയായി വന്ന ട്വന്റിട്വന്റിയുടെ നിയമസഭാമോഹത്തിന് തിരിച്ചടി. എന്നാൽ, മത്സരിച്ചയിടങ്ങളിൽ തങ്ങളുടെ സ്വാധീനം വോട്ടർമാർക്കിടയിലുണ്ടെന്ന് തെളിയിച്ചുകൊടുക്കാൻ ട്വന്റിട്വന്റിയ്ക്ക് കഴിഞ്ഞു.

കൊച്ചി, വൈപ്പിൻ, ഏറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് ട്വന്റിട്വന്റി സ്ഥാനാർഥികളെ നിർത്തിയത്. ഇവിടങ്ങളിൽ മുന്നണി സ്ഥാനാർഥികൾക്ക് വൻ വോട്ടുചോർച്ചയുണ്ടാക്കാൻ കഴിയുകയും ജയപരാജയത്തിന് കാരണമാകാൻ ഈ വോട്ട് നിർണ്ണായകശക്തിയായി തീരുകയും ചെയ്തിട്ടുണ്ട്.

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കിഴക്കമ്പലം പഞ്ചായത്തിലാണ് അരാഷ്ട്രീയ സംഘടന ഭരണത്തിലേറിയത്. 19 വാർഡിൽ 17 ലും ജയിച്ച് അധികാരത്തിൽ വന്നതാണ് ട്വന്റി 20.

2020ലെ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിനു പുറമെ ചെല്ലാനം, ഐക്കരനാട് എന്നിവ ഉൾപ്പെടെ 3 പഞ്ചായത്തുകളിൽ കൂടി ഭരണം പിടിച്ചു.

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശക്തിപ്രകടിപ്പിച്ചെന്ന അവകാശവാദവുമായി എത്തിയ ജനകീയ കൂട്ടായ്മ വി ഫോർ കേരളയ്ക്ക് എന്നാൽ, ഒരു മണ്ഡലത്തിലും കാര്യമായ സ്വാധീനം ചെലുത്താനായില്ല.

യുഡിഎഫ് മികച്ച നേട്ടമുണ്ടാക്കിയ തൃക്കാക്കരയിൽ വിഫോർ കേരള സ്ഥാനാർഥിക്ക് ലഭിച്ചത് 149 വോട്ട് മാത്രം. വി ഫോർ കേരള കോഓർഡിനേറ്റർ നിപുൺ ചെറിയാൻ മൽസരിച്ച കൊച്ചി മണ്ഡലത്തിൽ ലഭിച്ചത് 2149 വോട്ട്. ഇതാണ് ഏറ്റവും ഉയർന്ന വോട്ടുനേട്ടവും. വി ഫോർ സ്ഥാനാർഥിയായി എറണാകുളം മണ്ഡലത്തിൽ മൽസരിച്ച സുജിത് സുകുമാരന് ലഭിച്ചതാകട്ടെ 1042 വോട്ടു മാത്രം.

അവസാന റൗണ്ടുകളിൽ രണ്ടാം സ്ഥാനത്തെങ്കിലും എത്തുമെന്നു പ്രതീക്ഷിച്ച കുന്നത്തുനാട് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേയ്ക്കു പോയത് ട്വന്റി ട്വന്റിക്കു തിരിച്ചടിയായി. മൽസരിച്ച മറ്റു മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തെങ്കിലും എത്താനായതാണ് ഏക ആശ്വാസം. ഭൂരിപക്ഷത്തെക്കാൾ വോട്ടുകൾ നേടാനായതിനാൽ ഇവിടെ വിജയിയെ നിർണയിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചെന്ന അവകാശവാദം ഉയർത്താമെന്നതു നേട്ടമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അക്കൗണ്ടു തുറന്ന ബിജെപിക്ക് ഇത്തവണ ഒരു സീറ്റുപോലും ലഭിക്കാതിരുന്നതും പൂഞ്ഞാറിൽ പി.സി. ജോർജിനു നേട്ടമുണ്ടാക്കാൻ സാധിക്കാതിരുന്നതും സംസ്ഥാനത്ത് തൽക്കാലം മൂന്നാമതൊരാൾക്കു സ്ഥാനമില്ലെന്നു വ്യക്തമാക്കുന്ന സന്ദേശമായി.

കുന്നത്തുനാടിനു പുറമേ മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിലാണ് കിറ്റക്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി സ്ഥാനാർഥികളെ നിർത്തിയത്. മൽസരിച്ച എട്ടു മണ്ഡലങ്ങളിൽ കുന്നത്തുനാടെങ്കിലും സ്വന്തമാക്കാൻ സാധിക്കുമെന്നായിരുന്ന ട്വന്റി ട്വന്റിയുടെ പ്രതീക്ഷ.

പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ജനസ്വാധീനം എവിടെ എന്ന ചോദ്യത്തിന് തദ്ദേശ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ടിങ് പാറ്റേൺ വ്യത്യസ്ഥമാണെന്ന നേതാക്കളുടെ വിശദീകരണമാണ് മറുപടി.

ട്വന്റി ട്വന്റിയുടെ സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടു സ്വന്തമാക്കിയത് കുന്നത്തുനാട് മൽസരിച്ച ഡോ. സുജിത് പി. സുരേന്ദ്രനാണ്. 42701 വോട്ടുകൾ. മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ആയിരുന്ന വി.പി. സജീന്ദ്രന്റെ നഷ്ടം 2,715 വോട്ടുകളാണെന്നു പറയുമ്പോൾ ഒരു പക്ഷെ ട്വന്റി ട്വന്റി മൽസരിക്കാനില്ലായിരുന്നെങ്കിൽ ഈ വോട്ടുകൾ യുഡിഎഫിനു സമാഹരിക്കാമായിരുന്നു എന്ന വിലയിരുത്തലുണ്ട്.

ഇവിടെ ബിജെപിയുടെ രേണു സുരേഷിന്റെ നേട്ടം 7218 വോട്ടുകളാണ്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് സ്ഥാനാർഥി തുറവൂർ സുരേഷ് 16,459 വോട്ടുകൾ നേടിയ സ്ഥാനത്താണ് ഇതെന്നതും ശ്രദ്ധേയമാണ്.

കുന്നത്തുനാടുകഴിഞ്ഞാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിച്ച മൂവാറ്റുപുഴയിൽ ട്വന്റി ട്വന്റി സ്ഥാനാർഥി സി.എൻ. പ്രകാശ് പിടിച്ചത് 11913 വോട്ടുകൾ മാത്രം. ഇവിടെ യുഡിഎഫിന്റെ മാത്യു കുഴൽനാടൻ 6161 വോട്ടുകൾക്കാണ് വിജയം സ്വന്തമാക്കിയത്.

കുന്നത്തുനാടു കഴിഞ്ഞാൽ ട്വന്റി ട്വന്റി ഏറ്റവും അധികം വോട്ടുപിടിച്ചത് പെരുമ്പാവൂർ മണ്ഡലത്തിലാണ്. ഇവിടെ യുഡിഎഫിന്റെ എൽദോസ് കുന്നപ്പിള്ളി 2899 വോട്ടുകളുടെ ലീഡ് നേടിയപ്പോൾ ട്വന്റി ട്വന്റിയുടെ ചിത്ര സുകുമാരൻ 20536 വോട്ടുകൾ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ എൽദോസിന്റെ ഭൂരിപക്ഷം 7,088 ആയിരുന്നിടത്താണ് ഈ ഇടിവ്. ബിജെപിയുടെ ടി.പി. സിന്ധു മോൾക്ക് 15135 വോട്ടുമാത്രമാണ് ഇത്തവണ നേടാനായത്. ബിജെപിയുടെ ഇ.എസ്. ബിജു 2016ൽ 19,731 വോട്ടുകൾ നേടിയിരുന്നു.

ട്വന്റി ട്വന്റിയുടെ കൊച്ചി സ്ഥാനാർഥി ഷൈനി ആന്റണി 19676 വോട്ടുകൾ നേടിയപ്പോൾ വൈപ്പിനിൽ ജോബ് ചക്കാലയ്ക്കൽ 16707 വോട്ടുകളും എറണാകുളം സ്ഥാനാർഥി പ്രഫ. ലസ്ലി പള്ളത്ത് 10634 വോട്ടുകളും കരസ്ഥമാക്കി.

കേരള കോൺഗ്രസ് അധ്യക്ഷൻ പി.ജെ. ജോസഫിന്റെ മരുമകൻ ജോ ജോസഫ് കോതമംഗലത്ത് കേരള കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മൽസരിച്ചപ്പോൾ ലഭിച്ചത് 7978 വോട്ടുകൾ മാത്രം. തൃക്കാക്കരയിൽ മൽസരിച്ച ടെറി തോമസിന് 6986 വോട്ടുകളാണ് ലഭിച്ചത്.

trend twenty twenty not won