പാട്ട് വഴിയിൽ വോട്ട് തേടി ദലീമജോജോ

അരൂരിലെ വോട്ടർമാർ ഞങ്ങളെ പൂർണ്ണമായും വിശ്വസിക്കുന്നവരാണ്. അവർ അറിവുള്ളവരാണ് അവർ കണ്ടറിഞ്ഞേ വോട്ടുചെയ്യൂ. അവരിൽ പൂർണ്ണവിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങൾ വിജയിക്കും.

author-image
Aswany Bhumi
New Update
പാട്ട് വഴിയിൽ വോട്ട് തേടി ദലീമജോജോ

 

ആലപ്പുഴയിലെ പ്രധാന മണ്ഡലമാണ് അരൂർ. കേരളത്തിലെ വിപ്ലവവനിത കെ. ആർ. ഗൗരിയമ്മ 1980 മുതൽ 2001 വരെ ആറു പ്രാവശ്യം വിജയിച്ച മണ്ഡലം.

2016 ൽ എം.എൽ.എയായിരുന്ന എ.എം ആരിഫ് രാജിവച്ച് എം.പിയായ ഒഴിവിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു വിജയം.

ഷാനിമോൾ ഉസ്മാൻ 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്ന് സീറ്റു പിടിച്ചെടുത്തു. 69,356 വോട്ട് നേടിയ ഷാനിമോൾ ഉസ്മാന് എതിരെ മത്സരിച്ച മനു. സി.പുളിക്കലിന് 67,277 വോട്ടാണ് കിട്ടിയത്.  2079 വോട്ടിന് പിടിച്ചെടുത്ത മണ്ഡലം നിലനിർത്താൻ ഷാനിമോൾ ഉസ്മാൻ തന്നെയാണ് ഇക്കുറിയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

പ്രശസ്ത പിന്നണിഗായികയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സി.പിഎമ്മിലെ ദലീമജോജോയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബി.ഡി.ജെ.എസിലെ ടി. അനിയപ്പനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം.

ഇവിടുത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി ദലീമജോജോ 'കലാകൗമുദി'യോട് സംസാരിക്കുന്നു:

നിയമസഭയിലേയ്ക്കുള്ള കന്നിയങ്കത്തെ എങ്ങനെ കാണുന്നു?

ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങൾക്കുവേണ്ടിയാണ് നിലകൊണ്ടത്. ജനങ്ങൾ അതെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ജനത്തെ പറ്റിക്കാനാവില്ല. അവർ എല്ലാ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കാരണം നാടിന്റെ ഉന്മേഷവും സന്തോഷവും ഈ സർക്കാരിന്റെ പ്രവൃത്തിയുടെ ഫലമാണ്. അതിനാൽ തീർച്ചയായും ഞങ്ങൾ വിജയിക്കും.

സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലെത്തി തിരഞ്ഞെടുപ്പിന്റെ ഭാഗമായതിനെപ്പറ്റി?

2015മുതലാണ് പ്രവർത്തനരംഗത്ത് സക്രിയമായത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി നിയോഗിക്കുന്നതും അങ്ങനെയാണ്. രണ്ടാം വട്ടവും വോട്ടർമാർക്കെന്നോടുള്ള വിശ്വാസം എന്നെ ജില്ലാപഞ്ചായത്തംഗവും വൈസ്പ്രസിഡന്റായും തിരഞ്ഞെടുക്കുന്നതിന് കാരണമായി. ജനങ്ങളുടെ ഈ വിശ്വാസമാണ് ഇ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് എന്ന നിയോഗിക്കുന്നതിനിടയാക്കിയത്.

സജിചെറിയാൻ പ്രചോദനമായതെങ്ങനെ ?

സജിചെറിയാൻ ഒട്ടനവധി കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്തു. മനുഷ്യർക്കുവേണ്ടി നിലകൊണ്ട മനുഷ്യനാണ് അദ്ദേഹം. നിരവധി ത്യാഗങ്ങൾ അദ്ദേഹം അനുഷ്ഠിച്ചു. വലിയ കാര്യങ്ങൾ അദ്ദേഹം ചെയ്തു. കൃഷി നിലനിർത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഞങ്ങൾക്ക പ്രചോദകമായി.

ഇടതുപക്ഷത്ത് നിലയുറപ്പിച്ചതെന്ത്?

സാമൂഹ്യപ്രവർത്തനമാണ് ഇടതുപക്ഷത്തിന്റെ മൂല്യം. കാരണം മനുഷ്യർക്ക് വേണ്ടി, എന്റെ കൂട്ടത്തിൽ വരുന്ന എന്റെ സഖാക്കൾ എന്ന് പറഞ്ഞാൽ അവരെയെല്ലാവരേയും എല്ലാവർക്കും നോക്കാവുന്നതേയുള്ളു. അവരെ നോക്കുമ്പോഴറിയാം അവരൊന്നും നേടിയിട്ടില്ലായെന്ന്. ദരിദ്രരും പാവപ്പെട്ടവരുമാണ് എന്റെ സഖാക്കൾ. എന്തുകൊണ്ടങ്ങിനെയായിത്തീരുന്നു? എല്ലാവർക്കും വലുതായി പോയിക്കൂടെ ? ആകാം. വർഷങ്ങളായി പ്രവർത്തിക്കുന്ന അവർ മറ്റുള്ളവർക്കുവേണ്ടി ത്യാഗം അനുഷ്ഠിച്ച് ദാരിദ്ര്യത്തിലേയ്ക്ക് കൂപ്പുകുത്തുന്നവരാണ്. അതാണ് അവരാണ് യഥാർത്ഥ മനുഷ്യർ. ആ പ്രസ്ഥാനത്തിലാണ് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നത്. അതുകൊണ്ട് എനിക്ക് പൂർണ്ണവിശ്വാസമുണ്ട് എന്റെ സഖാക്കളും ജനങ്ങളും വോട്ടു തന്ന് എന്നെ വിജയിപ്പിക്കുമെന്ന്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

എതിരാളി എം.എൽ.എയാണ്?

ഷാനിമോൾ ഉസ്മാൻ എം.എൽ.എയെക്കുറിച്ച് ഞാൻ പറയേണ്ട കാര്യമില്ല. കാരണം അത് ഞങ്ങൾ തമ്മിൽ വ്യക്തിപരമായുള്ള മത്സരമല്ല. പ്രസ്ഥാനത്തിന്റെ മത്സരമാണ്. അവരെക്കുറിച്ച് വ്യക്തിപരമായി ഒന്നും പറയുന്നില്ല. എന്നാൽ, എം.പിയായ മുൻ എം.എൽ.എ തുടങ്ങിവച്ച പ്രവർത്തനങ്ങൾ നല്ല നിലയ്ക്ക് കൊണ്ടുപോകാത്തതുകൊണ്ട് ജനങ്ങൾക്ക് കുറെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്.

ഈ ഒന്നര വർഷം. കുറേയേറെപ്പാലങ്ങളും റോഡുകളുമൊക്കെ മുൻ എം.എൽ എ മുന്നോട്ടുവച്ചതാണ് അത് നടപ്പിലാക്കിയിട്ടുണ്ടെങ്കിലല്ലേ ജനങ്ങൾക്ക് കൃത്യമായി കിട്ടുകയുള്ളു. നമ്മുടെ എം.എൽ.എ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് മറ്റുകാര്യങ്ങൾക്ക് മാറ്റിയതിനാൽ പ്രവൃത്തികൾ നിലച്ചു. കുറേയേറെ മനുഷ്യർക്ക് അത് സങ്കടകരമായ അവസ്ഥകളുണ്ടാക്കി. എങ്കിലും അവർക്ക് അവരുടേതായ (ഷാനിമോൾ ഉസ്മാന്) കഴിവുകളുണ്ടാവാം. അവരുടെ കഴിവിൽ അവർ പരിശ്രമിക്കട്ടെ. ഞാൻ എന്റെ കഴിവിൽ പരിശ്രമിക്കുന്നു.

വനിതാപ്രവർത്തകരെ രാഷ്ട്രീയപാർട്ടികൾ അവഗണിക്കുന്നതിനെപ്പറ്റി ?

വനിതയെന്ന നിലയിൽ ഞാൻ മുന്നെ പറഞ്ഞതുപോലെ ഇടതുപക്ഷപ്രസ്ഥാനം അവരെ അവഗണിക്കുന്നില്ല. പീലിംഗ് തൊഴിലാളികൾക്ക് കൂലി 17 രൂപയിൽ നിന്നും 18 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. അത് 19 രൂപയാക്കണമെന്നാണ് ആവശ്യം. അത് ഞങ്ങൾ ചെയ്യും. ഈ സർക്കാർ വന്നതിന് ശേഷമാണ് അതൊക്കെ ചെയ്തത്. എവിടേയും മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. പിണറായി സർക്കാരിന് മനുഷ്യന്റെ ദുഃഖങ്ങൾ തിരിച്ചറിയാനുള്ള കഴിവുണ്ട്.

അതിനാൽ സ്ത്രീകളെ വളരെയധികം മാനിക്കും. കുടുംബശ്രീവഴിയായി ഒത്തിരികാര്യങ്ങൾ ചെയ്യുന്നുണ്ട്.വിധവകൾക്കും ഭിന്നശേഷിക്കാർക്കും മറ്റുമായി അനേകം സ്വയം തൊഴിൽ പദ്ധതികളുണ്ട്.സ്ത്രീകൾക്ക് പുരോഗമനപരമായ കാര്യങ്ങൾ ചെയ്യാൻ പിണറായി സർക്കാർതന്നെ അധികാരത്തിലുണ്ടാവണമെന്നുണ്ട്. അതിന് വേണ്ടിയാണ് ഞാൻ വോട്ടഭ്യർത്ഥിച്ച് ജനങ്ങൾക്ക്മുന്നിൽ വരുന്നത്. എല്ലാവരും ഞങ്ങളിൽ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ ബലത്തിലാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്.

അരൂരിലെ വോട്ടർമാരോട് പറയാനുള്ളത് ?

അരൂരിലെ വോട്ടർമാർ ഞങ്ങളെ പൂർണ്ണമായും വിശ്വസിക്കുന്നവരാണ്. അവർ അറിവുള്ളവരാണ് അവർ കണ്ടറിഞ്ഞേ വോട്ടുചെയ്യൂ. അവരിൽ പൂർണ്ണവിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങൾ വിജയിക്കും.

 

daleema jojo assembly election