ഒപ്പം നില്‍ക്കാന്‍ അവര്‍ എനിക്ക് മന്ത്രി സ്ഥാനം വരെ വാഗ്ദാനം ചെയ്തു

രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യം എന്നതാണ് രാഷ്ട്രീയം എന്ന വാക്കിന്റെ കേവലാര്‍ത്ഥം. ഞങ്ങളെ അരാഷ്ട്രീയ വാദികള്‍ എന്നു വിളിക്കുന്നവര്‍ ആദ്യം അതു മനസ്സിലാക്കണം. രാഷ്ട്ര വികസനം., ജനക്ഷേമം ഇതു രണ്ടുമാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍. ഇതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതും നടപ്പാക്കുന്നതും. അതുരണ്ടും നടപ്പാക്കിയതു കൊണ്ടാണ് 2015ല്‍ 19 സീറ്റുകളില്‍ ഇതുവരെ ഒരു മുന്നണിക്കും കിട്ടാത്തത്ര സീറ്റുകള്‍ നല്‍കി ജനങ്ങള്‍ ഞങ്ങളെ വിജയിപ്പിച്ചത്.

New Update
ഒപ്പം നില്‍ക്കാന്‍ അവര്‍ എനിക്ക് മന്ത്രി സ്ഥാനം വരെ വാഗ്ദാനം ചെയ്തു

 

 

അഭിമുഖം-സാബു ജേക്കബ് / വടയാര്‍ സുനില്‍

 

 

* അരാഷ്ട്രീയ വാദത്തിന്റെ പ്രയോക്താവാണ് സാബു ജേക്കബ് എന്ന് സോഷ്യല്‍ മീഡിയ കൊണ്ടാടുന്നുണ്ട്.
ഗ്രാമ പഞ്ചായത്ത് വിട്ട് നിയമസഭ പോലുള്ള വിശാലമായ ജനാധിപത്യ ഫോറത്തിലേക്ക് എത്തുമ്പോള്‍ പറയൂ, എന്താണ് 20-20 യുടെ രാഷ്ട്രീയ നിലപാട്?

രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യം എന്നതാണ് രാഷ്ട്രീയം എന്ന വാക്കിന്റെ കേവലാര്‍ത്ഥം. ഞങ്ങളെ അരാഷ്ട്രീയ വാദികള്‍ എന്നു വിളിക്കുന്നവര്‍ ആദ്യം അതു മനസ്സിലാക്കണം. രാഷ്ട്ര വികസനം., ജനക്ഷേമം ഇതു രണ്ടുമാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍. ഇതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതും നടപ്പാക്കുന്നതും. അതുരണ്ടും നടപ്പാക്കിയതു കൊണ്ടാണ് 2015ല്‍ 19 സീറ്റുകളില്‍ ഇതുവരെ ഒരു മുന്നണിക്കും കിട്ടാത്തത്ര സീറ്റുകള്‍ നല്‍കി ജനങ്ങള്‍ ഞങ്ങളെ വിജയിപ്പിച്ചത്. അത് ജനങ്ങള്‍ക്ക് അബദ്ധം പറ്റിയതാണന്ന് വിരോധികള്‍ പറഞ്ഞോട്ടെ. പക്ഷേ, അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയപ്പോള്‍ ആ പഞ്ചായത്തില്‍ അതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കി (19 ല്‍ 18 സീറ്റുകള്‍) വിജയിപ്പിക്കുകയും ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും തൊട്ടടുത്ത പഞ്ചായത്തുകളുമെല്ലാം ഞങ്ങള്‍ക്കു നല്‍കുകയും ചെയ്തു ജനങ്ങള്‍. അപ്പോള്‍ രാഷ്ട്രീയമെന്നതിന്റെ ശരിയായ അര്‍ത്ഥമറിഞ്ഞു പ്രവര്‍ത്തിച്ചതു ഞങ്ങളാണ്. ശബരിമല, കര്‍ഷക സമരം, പി.എസ്.സി. നിയമന പ്രശ്‌നം തുടങ്ങിയ സെന്‍സിറ്റീവായ പല പ്രശ്‌നങ്ങളും രാഷ്ട്രീയ കക്ഷികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവിടെയാണ് ഞങ്ങളുമായുള്ള വ്യത്യാസം. ഞങ്ങള്‍ ഇഷ്യു ബേസ്ഡ് അല്ല. പെര്‍ഫോമന്‍സ് ബേസ്ഡ് ആണ്. ഏതെങ്കിലും ഒരു പ്രശ്‌നമുണ്ടായാല്‍ അതില്‍ കലക്കി മീന്‍ പിടിക്കുകയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നത്.

ശബരിമല പ്രശ്‌നം തന്നെ നോക്കു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് രാവിലെ തന്നെ ഒരഭിപ്രായം പറയുന്നു. ഒരു മണിക്കൂറിനുള്ളില്‍ അതേ പാര്‍ട്ടിയിലെ മറ്റൊരു നേതാവ് വേറൊരു അഭിപ്രായം പറയുന്നു. ഉച്ചയ്ക്കുള്ളില്‍ മൂന്നാമതൊരു നേതാവ് മൂന്നാമത് ഒരഭിപ്രായം പറയുന്നു- ഇതില്‍ ഏറ്റവും രസകരമായ കാര്യം രാവിലെ അഭിപ്രായം പറഞ്ഞ മൂത്ത നേതാവ് വൈകുന്നേരം അതു മാറ്റിപ്പറയുന്നു എന്നതാണ്! ഇങ്ങനെ ആള്‍ക്കനം എവിടെയാണോ കൂടുതല്‍ എന്നതു നോക്കി മാത്രം അഭിപ്രായം പറയുന്ന നേതാക്കളാണ് ഇവിടെയുള്ളത്. ഒരു വിഷയത്തിന്റെ മെറിറ്റും ഡീ മെറിറ്റും, അതു നാടിനെയും ജനങ്ങളെയും എങ്ങനെ ബാധിക്കും എന്നത് പഠിച്ചു വേണം അഭിപ്രായം പറയാന്‍. ആള്‍ക്കനം നോക്കിയാവരുത്. ഇത്തരം വിഷയങ്ങള്‍ പറഞ്ഞ് ഹര്‍ത്താലുകളൊക്കെ നടത്തിയിട്ടുണ്ട്. ഒരു റിസല്‍ട്ടും ഉണ്ടായതായി പക്ഷേ കണ്ടിട്ടില്ല. അമ്മാതിരി തമ്മിലടിപ്പിച്ചു മുതലെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഒരു കാര്യത്തില്‍ വിയോജിപ്പുള്ള ആളുകളെക്കൂടി വിശ്വാസത്തിലെടുത്തു വേണം ഇത്തരം വിഷയങ്ങളില്‍ നിലപാട് എടുക്കാന്‍. അതാവട്ടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും താല്പര്യങ്ങള്‍ക്ക് എതിരാകാനും പാടില്ല.

ശബരിമല പോലുള്ള സെന്‍സേഷണല്‍ ഇഷ്യു വരുമ്പോള്‍ ആളിക്കത്തിക്കുന്ന വാശിയോ അതിവൈകാരികതയോ നിറഞ്ഞ നിലപാടാവില്ല ട്വന്റി ട്വന്റി എടുക്കുക. ഇലയ്ക്കും മുള്ളിനും കേടില്ലാതെ അത് പരിഹരിക്കാനുള്ള നടപടിയായിരിക്കും കൈക്കൊള്ളുക. ഏതു കാര്യത്തിലും ഇതു തന്നെയായിരിക്കും ഞങ്ങളുടെ നിലപാട്. ഭരണം എന്നു പറയുന്നത് ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായയുടെ നിലപാട് ഒരിക്കലും ഞങ്ങള്‍ എടുക്കില്ല.

* നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക വഴി 20-20 മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമെന്താണ്?

കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അഴിമതിയാണ്. 2015 ല്‍ ഞങ്ങള്‍ കിഴക്കമ്പലം പഞ്ചായത്തിന്റെ അധികാരമേറ്റെടുക്കുമ്പോള്‍ 39 ലക്ഷം രൂപ കടബാധ്യതയായിരുന്നു പഞ്ചായത്തിനുണ്ടായിരുന്നത്. അഞ്ചു വര്‍ഷത്തെ ഭരണം ഞങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 13 കോടി 57 ലക്ഷം രൂപ മിച്ചം വയ്ക്കുന്ന സ്ഥിതി ഉണ്ടായി. ഇതെങ്ങനെ സാധ്യമായി എന്നതാണ് ചോദ്യം. ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല. ബിസിനസ് രംഗത്തുള്ളവരാണ്. ഈ ഭരണത്തിലേക്കു വരുമ്പോള്‍ രാഷ്ട്രീയം ആദ്യമായി മനസ്സിലാക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടം അഴിമതി മുക്തമാക്കി എന്നതാണ് ലളിതമായ ഉത്തരം. ഓരോ രൂപയും ജനങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ്.ജനങ്ങള്‍ അടയ്ക്കുന്ന നികുതിപ്പണം. ഒരു രൂപക്ക് ഒന്നര രൂപയുടെയെങ്കിലും മൂല്യം നല്‍കി ഞങ്ങള്‍ പദ്ധതികള്‍ നടപ്പിലാക്കി എന്നതിലാണ് കാര്യം. അഴിമതി പൂര്‍ണ്ണമായും തുടച്ചു നീക്കിയതിനൊപ്പം
അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയുമാണ് ഈ ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ യാത്ര ചെയ്തത്.

അഞ്ചു വര്‍ഷം മാത്രമേ തങ്ങള്‍ക്കു കിട്ടു എന്ന മനോഭാവത്തില്‍ ഭരണത്തെ ലോഡ്ജ് മുറിയിലെ താമസം പോലെ കണക്കാക്കുന്നവരാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍. ഞങ്ങള്‍ എന്തെങ്കിലും രാഷ്ട്രീയ നിലപാടിന്റെ പേരില്‍ അധികാരത്തില്‍ കയറിയവരല്ല. നാടിന്റെയും ജനങ്ങളുടെയും ബുദ്ധിമുട്ടു കണ്ട് എന്തെങ്കിലും ചെയ്യണം എന്നു കരുതി വന്നവരാണ്.തുടര്‍ ഭരണം എന്നതിലുപരി ഞങ്ങളെ ഏല്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കിയത്. ഒരേ പദ്ധതികളും 25 വര്‍ഷം മുന്നില്‍ കണ്ടാണ് ഞങ്ങള്‍ വിഭാവനം ചെയ്തത്. നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളില്‍ ഇല്ലാത്തതും അതാണ്. അതു കൊണ്ടു തന്നെയാണ് റോഡ് ടാര്‍ ചെയ്യുന്നതിനു പിന്നെകുത്തിപ്പൊളിക്കാന്‍ വാട്ടര്‍ അതോറിറ്റി ഇപ്പോഴും വരുന്നത്. ഒരു റോഡ് ടാര്‍ ചെയ്യുന്നതിന് മുമ്പ് ആ റോഡില്‍ ഇപ്പോള്‍ എത്ര ട്രാഫിക് ഉണ്ട്.,.അടുത്ത അഞ്ച്, പത്ത്, ഇരുപത്തിയഞ്ച് വര്‍ഷം കഴിയുമ്പോള്‍ എത്രയാകാം എന്നു വരെ ശാസ്ത്രീയ പഠനം നടത്തിയിട്ടാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ റോഡുകള്‍ വന്നു നോക്കിയാല്‍ നിങ്ങള്‍ക്കതു ബോധ്യമാകും.

* പഞ്ചായത്ത് മെമ്പര്‍ മാര്‍ക്ക് കിറ്റക്‌സ് ശമ്പളം കൊടുത്ത് ആജ്ഞാനുവര്‍ത്തികളാക്കിയിരിക്കുന്നു എന്നാണ് മറ്റൊരു ആക്ഷേപം. എന്തു പറയുന്നു?

2015 ല്‍ ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരു മെമ്പര്‍ക്ക് കിട്ടിയിരുന്നത് അയ്യായിരം രൂപയായിരുന്നു. ഞങ്ങളുടെ മെമ്പര്‍മാരെ സംബന്ധിച്ചിടത്തോളം എല്ലാവരും ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടിയവരും ചെയ്തു കൊണ്ടിരുന്ന തൊഴില്‍ ഉപേക്ഷിച്ചു വന്നവരുമാണ്. ഒരു പഞ്ചായത്ത് മെമ്പര്‍ എന്നതൊരു ഫുള്‍ ടൈം ജോബാണ്. 24 മണിക്കൂറും ഒരു ഡോക്ടറെ പോലെ ഇരിക്കേണ്ടയാളാണ് മെമ്പര്‍. രാത്രി പന്ത്രണ്ടു മണിക്കായിരിക്കും ഒരു മരണമോ അപകടമോ ഉണ്ടാവുന്നത്. ഉടനെ എഴുന്നേറ്റു പോകണം. നമ്മുടെ നാട്ടില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ പത്ത് ലക്ഷം രൂപ വരെ പാര്‍ട്ടിക്കു നല്‍കുന്നവരുണ്ട്. പിന്നെ ജയിക്കാനും അത്രയും തന്നെ മുടക്കേണ്ടി വരും. മെമ്പറാകാന്‍ പത്തിരുപത് ലക്ഷം ചെലവാക്കണം! 20 ലക്ഷം മുടക്കിയാല്‍ ഒരു കോടിയുണ്ടാക്കാം എന്ന ബോധ്യത്തിലാണ് രാഷ്ട്രീയക്കാര്‍ ഈ പണം മുടക്കുന്നത്. കിഴക്കമ്പലം പോലെയുള്ള ഒരു പഞ്ചായത്തിലാണ് എങ്കില്‍ ഒരു മെമ്പര്‍ക്ക് വര്‍ഷം ഈസിയായി 20 ലക്ഷം രൂപയുണ്ടാക്കാം. വാര്‍ഡില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലെല്ലാം 10-20 ശതമാനം കമ്മീഷന്‍ മെമ്പര്‍ക്ക് ഏതു നാട്ടിലും ഉറപ്പാണ്. അത് കൊടുത്താലേ കരാറുകാരന് ബില്ല് ഒപ്പിട്ടു കിട്ടുകയുള്ളു. പത്തും ഇരുപതും ലക്ഷം മുടക്കി മെമ്പറാകുന്നവന്റെ ലക്ഷ്യം നാടു നന്നാക്കലല്ല. സ്വയം നന്നാകലാണ്. ഞങ്ങളുടെ മെമ്പര്‍മാരില്‍ പലരും അവരുടെ തൊഴില്‍ ഉപേക്ഷിച്ചിട്ടാണ് ഈ രംഗത്തേക്കു വന്നത്. സര്‍ക്കാരില്‍ നിന്നും കിട്ടുന്ന 5000 രൂപ വണ്ടിക്കു പെട്രോളടിക്കാന്‍ പോലും തികയില്ല. ഒരു ദിവസം പത്തിരുപത്തഞ്ചു പേരെങ്കിലും മെമ്പറെ കാണാന്‍ വരും. പ്രസിഡന്റാണങ്കില്‍ അതിലേറെയും. ഇതില്‍ മരുന്നു മേടിക്കാന്‍ നിവൃത്തിയില്ലാത്തവരും ഒക്കെയുണ്ടാകും. അമ്പതും നൂറുമൊക്കെ മെമ്പര്‍ക്ക് കൊടുക്കേണ്ടി വരും. എവിടുന്നു കൊടുക്കുമിത്?

ഒന്നുകില്‍ ഏതെങ്കിലും വ്യവസായിയില്‍ നിന്നോ അതിസമ്പന്നരില്‍ നിന്നോ വാങ്ങിച്ചു കൊടുക്കേണ്ടി വരും. മെമ്പര്‍ പിന്നീട് അവരോടു ബാധ്യതപ്പെട്ടിരിക്കും. അവര്‍ക്ക് പിന്നീട് പലതും ചെയ്തു കൊടുക്കേണ്ടി വരും. അത് ഒരു അഴിമതി തന്നെയാണ്. ഇവിടെ ഇടതും വലതും ഒക്കെ ചെയ്യുന്നത് ഇതാണ്. പൈസ വാങ്ങിക്കുന്നു. എന്നിട്ട് നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നു. നൂറു ശതമാനവും അഴിമതി തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഞങ്ങള്‍ പ്രധാനപ്പെട്ട ഒരു തീരുമാനമെടുത്തത്. ഓണറേറിയമായി കിട്ടുന്ന 5000 രൂപ അവരുടെ വീട്ടു ചെലവിനും മറ്റുമായി പോകും. അതിനു പുറമെ വരുന്ന നാട്ടുകാര്‍ക്കായി ചെയ്യുന്ന ആശുപത്രി ചെലവുകള്‍. ചായ കുടിക്കാന്‍ നല്‍കുന്നവ തുടങ്ങിയവ ഒക്കെ എഴുതി വെയ്ക്കുക. മാസാമാസം അത് ക്ലെയിം ചെയ്താല്‍ പാര്‍ട്ടി അത് റീ ഇമ്പേഴ്‌സ് ചെയ്യുക . അതാണ് ഞങ്ങള്‍ ചെയ്യുന്നത്.പാര്‍ട്ടിയുടെ പ്രതിനിധികളായ അവര്‍ക്കു വേണ്ടി 20-20 പാര്‍ട്ടിയാണത് ചെയ്യുന്നത്. ഞാനോ എന്റെ വ്യവസായങ്ങളോ അല്ല. എന്റെ വ്യവസായങ്ങള്‍ അവരുടെ പരിധിയില്‍ വരുന്നതുമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ മുതലുള്ളവര്‍ ശമ്പളം പറ്റുന്നവരല്ലേ? കിറ്റക്‌സ് കമ്പനിയോ കമ്പനിയുടെ സി.എസ്.ആര്‍. ഫണ്ടോ അല്ല പാര്‍ട്ടി കൊടുക്കുന്നതാണത്. അഴിമതി ഇല്ലാതാക്കാന്‍ പാര്‍ട്ടി അവരുടെ ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെലവഴിക്കുന്ന തുക റീ ഇമ്പേഴ്‌സ് ചെയ്യുന്നതില്‍ എന്താണ് പിശക്? ഇതൊരു വലിയ അപരാധമായാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഒന്നുങ്കില്‍ നിങ്ങള്‍ പറയണം. അഴിമതി നടത്തിക്കോട്ടെ. എല്ലാവരില്‍ നിന്നും കാശുവാങ്ങിച്ചോട്ടെ. അതിന്റെ സിംഹഭാഗവും കീശയിലാക്കിക്കോട്ടെ എന്ന്. ജനപ്രതിനിധികള്‍ വല്ലവരോടും പിരിച്ചു ജീവിച്ച് അഴിമതി വ്യാപകമാക്കുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ കൈക്കൊണ്ട നടപടി മഹാ അപരാധമാണെങ്കില്‍ എനിക്കെതിരെ നിയമ നടപടി എടുക്കട്ടെ. എന്നെ വേണമെങ്കില്‍ തൂക്കിക്കൊല്ലട്ടെ.

* ട്വന്റി ട്വന്റിയുടെകണ്‍സ്യൂമര്‍ സ്റ്റോറില്‍ വെളിച്ചെണ്ണ വില്‍ക്കുന്നത് 44 രൂപക്കാണ്. പാലും സവാളയുമൊക്കെ അഞ്ചു രൂപയ്ക്കും! പല സാധനങ്ങള്‍ക്കും ഇങ്ങനെ അവിശ്വസനീയമാം വിധം വില കുറവാണ്. ബള്‍ക്ക് പര്‍ച്ചേസ് നടത്തിയാല്‍ പോലും ഈ വിലയ്ക്ക് വില്‍ക്കാനാവില്ല. ഇതെങ്ങനെ സാധിക്കുന്നു?

ഞങ്ങളുടെ സി.എസ്.ആര്‍. ഫണ്ടിന്റെ നല്ലൊരു ശതമാനം പോകുന്നത് ഈ മാര്‍ക്കറ്റ് സെക്ഷനിലേക്കാണ്. ഭക്ഷ്യ സുരക്ഷ എന്നത് ഇന്ത്യയിലാകെ നടപ്പാക്കാന്‍ കഴിയുന്ന ഒരു മെക്കാനിസമാണ്. അത് നടപ്പാക്കാന്‍ കഴിയും എന്നതിന്റെ ചെറിയൊരു പതിപ്പാണ് മാവേലി സ്റ്റോറും മറ്റും. പക്ഷേ, അവിടെയൊക്കെ വലിയ അഴിമതികള്‍ നടക്കുന്നതാണ് പ്രശ്‌നം. അങ്ങനെയല്ലായിരുന്നെങ്കില്‍, അതിനെ ഞങ്ങള്‍ നടത്തുന്ന രീതിയിലേക്ക് എളുപ്പത്തില്‍ മാറ്റാനാകും. ഇവിടെ ചെയ്യേണ്ടത് എന്താണെന്നാല്‍, ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കണം. ഊട്ടിയില്‍ പത്തു രൂപക്കു കിട്ടുന്ന തക്കാളി ഇവിടെ എത്തുമ്പോള്‍ അമ്പതു രൂപയാകുന്നു. അതില്‍ ഇരുപതു രൂപയെങ്കിലും ഇടനിലക്കാരെടുക്കുന്നു. ബാക്കിയുള്ളത് കച്ചവടക്കാരും. ഇടനിലക്കാരെ ഒഴിവാക്കിയാല്‍ തന്നെ നമുക്ക് പന്ത്രണ്ടോ പതിമൂന്നോ രൂപയ്ക്കത് വില്‍ക്കാന്‍ കഴിയും. ഇതാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങള്‍ വില്‍ക്കുന്ന പച്ചക്കറിയില്‍ 37 ശതമാനത്തോളം ഞങ്ങള്‍ ഇവിടെ തന്നെ ഉല്പാദിപ്പിക്കുകയാണ്. കൃഷിക്കാര്‍ക്ക് ഞങ്ങള്‍ ഒരു തറവില ഉറപ്പാക്കിയിട്ടുണ്ട്.

ഏതെങ്കിലും തരത്തില്‍ കൃഷി നാശം വന്നാല്‍ കൃഷിക്കാരന് ഞങ്ങളുടെ പാര്‍ട്ടി നഷ്ടപരിഹാരം നല്‍കും. ഒപ്പം കാര്‍ഷികോല്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ കിട്ടുന്നതിനെക്കാളും കൂടിയ വിലയും ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെ രണ്ടു തരത്തിലും ഞങ്ങളുടെ പ്രദേശത്തെ കൃഷിക്കാര്‍ സുരക്ഷിതരാണ്. അതു കൊണ്ട് കൃഷി ചെയ്യാന്‍ കൂടുതല്‍ ആളുകള്‍. മുന്നോട്ടു വരുന്നു. കര്‍ഷകരില്‍ നിന്നും 30 രൂപയ്ക്ക് ഒരു സാധനം വാങ്ങിയാല്‍ ഒരു രൂപ പോലും ലാഭമെടുക്കാതെ അതേ വിലയ്ക്കു തന്നെയാണ് ഞങ്ങളുടെ കണ്‍സ്യൂമര്‍ സ്റ്റോറില്‍ വില്‍ക്കുന്നത്. കൃഷിക്കാരും ഉപഭോക്താവും ഒരേ പോലെ തൃപ്തരാകുന്ന സ്ഥിതി അങ്ങനെ സംജാതമാകുന്നു. കിഴക്കമ്പലത്തെ മുഴുവന്‍ പാടങ്ങളിലും ഞങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. 2013 ല്‍ തരിശായി കിടക്കുന്ന മുഴുവന്‍ കരഭൂമിയിലുമായി രണ്ടു ലക്ഷം വാഴ കൃഷി ചെയ്യാന്‍ തീരുമാനിച്ചു. വാഴത്തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. അപ്പോഴാണ്. വെറുതെ കിട്ടുന്നതു കൊണ്ട് എല്ലാം അലമാരിയിലിരുന്നു മുളയ്ക്കാന്‍ തുടങ്ങിയതറിഞ്ഞത്. വാഴ നടാനുള്ള പണിക്കൂലിയായിരുന്നു പ്രശ്‌നം. അബദ്ധം മനസ്സിലാക്കിയ ഞങ്ങള്‍ പിന്നീട് വണ്ടിയില്‍ വാഴവിത്തും അതു കുഴിച്ചു വയ്ക്കാനുള്ള പണിക്കാരുമായി ഓരോ വീട്ടിലുമെത്തി വാഴ വയ്ക്കുന്ന പരിപാടി തുടങ്ങി. രണ്ടു ലക്ഷം ഞാലിപ്പൂവന്‍ അങ്ങനെ നട്ടു. അതെല്ലാം ഒരേ സമയം തന്നെ കുലച്ചു. അന്ന് മാര്‍ക്കറ്റ് വില ഞാലിപ്പൂവന് അറുപത് രൂപയായിരുന്നു, കച്ചവടക്കാര്‍ വാങ്ങുന്നത്.2 0-25 രൂപയ്ക്കും. പക്ഷേ വന്‍ തോതില്‍ വിളവു വന്നതോടെ കച്ചവടക്കാര്‍ വില കുറച്ചു കുറച്ച് അഞ്ചു രൂപ വരെ എത്തിച്ചു.. അപകടം മനസിലായ. ഞങ്ങള്‍ എല്ലായിടത്തും കൗണ്ടറുകളിട്ട് 30 രൂപ വച്ച് ഞാലിപ്പൂവന്‍ തിരിച്ചു വാങ്ങി. 30 രൂപയ്ക്കു തന്നെ സ്റ്റോര്‍ വഴി വിറ്റു. കൃഷിക്കാരന് നല്ല ലാഭം കിട്ടി. 60 രൂപയ്ക്ക് മാര്‍ക്കറ്റില്‍ കിട്ടിയിരുന്ന ഞാലിപ്പൂവന്‍ അതിന്റെ പകുതി വിലയ്ക്ക് കസ്റ്റമറിനും കിട്ടി. എല്ലാവരും ഹാപ്പി. ഇപ്പോള്‍ ഞങ്ങള്‍ ഒരു കണ്‍ട്രോള്‍ മെക്കാനിസമാണ് അവലംബിക്കുന്നത്. ഡിമാന്റ് അനുസരിച്ചു മാത്രമാണ് ഉല്പാദനം.

* ട്വന്റി- ട്വന്റി ഒരു പ്രോ ബി.ജെ.പി. സംഘടനയാണെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ചില ലെഫ്റ്റ് ഹാന്‍ഡിലുകള്‍ നടത്തിയിരുന്നു. എന്താണ് പ്രതികരണം?

പരമ്പരാഗതമായി എല്‍.ഡി.എഫ് അഥവാ യു.ഡി.എഫ് എന്നതാണ് കേരളത്തിന്റെ രീതി. ബി.ജെ.പിക്ക് ഇതുവരെ കേരളത്തില്‍ ഒരു പ്രസക്തിയുമില്ല എന്നതാണ് സത്യം .പരമാവധി ഒരു സീറ്റാണ് അവര്‍ക്കു നേടാനായത്. കാരണം, കേരളം മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല. എല്ലാ സമുദായങ്ങളും ഒന്നിച്ചു സ്പര്‍ധയില്ലാതെ ജീവിക്കുന്ന നാടാണ്. അതുകൊണ്ടാണ് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റേതായി ഒരു പാര്‍ട്ടി വന്നാല്‍ ഇവിടെ പച്ചപിടിക്കാത്തത്. ബി.ജെപി എന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ട്വന്റി ട്വന്റി ക്ക് ഒരു ബന്ധവുമില്ല. കിഴക്കമ്പലം പഞ്ചായത്തിലാവട്ടെ ബി.ജെ.പി. അപ്രസക്തമായ ഒരു പാര്‍ട്ടിയാണ്. സംഘടനാ കമ്മറ്റികള്‍ പോലും അവര്‍ക്കിവിടെയില്ല.

നേരത്തെ പറഞ്ഞതുപോലെയുള്ള കുളം കലക്കലിന്റെ ഭാഗമാണ് നുണപ്രചാരണങ്ങള്‍.നിലവിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും വിയോജിപ്പ് ഉള്ളവരാണ് ഞങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നത്.

2015ല്‍ ഞങ്ങള്‍ മുസ്‌ളിം വിരോധികളാണ് എന്ന നുണപ്രചാരണമാണ് ഇവരഴിച്ചു വിട്ടത്. ഞാനൊരു ക്രിസ്ത്യാനി ആയതു കൊണ്ടായിരുന്നു അത്. പക്ഷേ ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളിലും ജയിച്ചു വന്നവരിലും നല്ല ശതമാനം മുസ്‌ളിമുകള്‍ ആയിരുന്നു-
ഏതു മുന്നണിയാണെങ്കിലും തത്വമൊക്കെ പറയും പക്ഷേ,അവസാനം വരുമ്പോള്‍ പറയും .'പെരുമ്പാവൂര്‍, കോതമംഗലം മണ്ഡലങ്ങള്‍ ജാക്കോബൈറ്റ് ആണ്.'അതു നോക്കിയാണ് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ നോക്കുന്നത്. ഞങ്ങള്‍ മാത്രമാണ് ജാതിയോ മതമോ അല്ലാതെ സ്ഥാനാര്‍ത്ഥിയെ മാത്രം തേടിയത്. ഇപ്പോള്‍ പെരുമ്പാവൂരില്‍ ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് ഒരു ഹിന്ദു സ്ഥാനാര്‍ത്ഥി വന്നിരിക്കുന്നത്.ഏറ്റവും യുക്തനായ സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ ജാതി മതങ്ങള്‍ നോക്കാതെ അന്വേഷിച്ചതു കൊണ്ടാണത്.

 

* നിങ്ങള്‍ക്ക് രണ്ടോ മൂന്നോ എം.എല്‍.എ.മാരെ ജയിപ്പിക്കാനായാല്‍, രണ്ടു മുന്നണിക്കും ഭൂരിപക്ഷത്തിന് അത്രയും പേരുടെ പിന്തുണ ആവശ്യമായി വന്നാല്‍ ഏതു മുന്നണിയെ സഹായിക്കും?

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആശയപരമായി യോജിക്കാന്‍ കഴിയാത്തവരാണ്. ട്വന്റി ട്വന്റി യില്‍ ഉള്ളത്. ഞങ്ങള്‍ ആരെയെങ്കിലും പിന്തുണയ്ക്കുകയോ പിന്തുണ തേടുകയോ ചെയ്താല്‍ അന്നീ പ്രസ്ഥാനം ഇല്ലാതാകും. ഞങ്ങളുടെ പിന്തുണയോടെ മാത്രമേ ഇവിടെ ഒരു സര്‍ക്കാരിന് ഭരിക്കാനാകൂ എന്ന സാഹചര്യം വന്നാല്‍ ഞാന്‍ ഒറ്റയ്ക്കല്ല എല്ലാ സംഘടനാ സംവിധാനങ്ങളും കൂടിയാലോചന നടത്തിയേ തീരുമാനമെടുക്കൂ. രണ്ടു കാര്യങ്ങള്‍. പക്ഷേ ഇപ്പോഴേ പറയാന്‍ കഴിയും. എന്നും ഞങ്ങളുടേത് ഒരു കണ്ടീഷണല്‍ സപ്പോര്‍ട്ട് ആയിരിക്കും. മന്ത്രിസഭയില്‍ ചേരുന്നത് ഉള്‍പ്പെടെ ഒരു വിധത്തിലുള്ള സ്ഥാനമാനങ്ങളും ഞങ്ങള്‍ സ്വീകരിക്കില്ല. കാരണം, ഇതൊരു മാറ്റത്തിന്റെ മുന്നേറ്റമാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞ 73 വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് കാര്യമായ വികസനം കൊണ്ടു വരാനോ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനോ സാധിച്ചിട്ടില്ല.

* പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ട്വന്റി ട്വന്റിയ്ക്കും അതിന്റെ അമരക്കാരനായ സാബു ജേക്കബിനും എന്തെങ്കിലും വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നോ?

അധികാരം, പണം., സ്ഥാനമാനങ്ങള്‍. ഇതിന് പിന്നാലെയാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം. മത്സരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ ഇതില്‍ ഏതെങ്കിലുമൊന്നിനെങ്കിലും വേണ്ടിയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതു മൂന്നുമല്ല ലക്ഷ്യം.

അധികാരം വേണമെങ്കില്‍ എനിക്കു തന്നെ പലതും തരാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫര്‍ വന്നിരുന്നു. രാജ്യസഭാ സീറ്റു തരാന്‍ തയ്യാറായിരുന്നു.മന്ത്രി സ്ഥാനവും എം.എല്‍.എ. സീറ്റും ഒക്കെ ഓഫര്‍ വന്നിട്ടുണ്ട്. പല തരത്തിലാണ് ഓഫറുകള്‍. എറണാകുളം ജില്ലയില്‍ ഞങ്ങള്‍ ഒരു പ്രബല ശക്തിയായി മാറിയത് തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാം എന്ന ഓഫറുണ്ടായിരുന്നു. സഹകരിച്ചു പ്രവര്‍ത്തിക്കാം എന്നും വാഗ്ദാനം ഉണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പു കാലത്തും മൂന്നു മുന്നണികളും ഇത്തരം വാഗ്ദാനങ്ങളുമായി വന്നിട്ടുണ്ട്. ഞാനോ ഒപ്പമുള്ള കൊച്ചൗസേപ്പ് ചേട്ടനെ പോലുള്ള പ്രമുഖരോ ഒന്നും .അധികാരവും പണവും കാംക്ഷിച്ചു നില്‍ക്കുന്നവരല്ല. ഈ നാടു നശിച്ചു കൊണ്ടിരിക്കുന്നതു കണ്ടു വിഷമിച്ച്, എന്തെങ്കിലും നമ്മുടെ ജീവിതകാലത്ത് ചെയ്യണം, പട്ടിണി കിടക്കുന്ന ആളുകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ഒറ്റ ലക്ഷ്യമേ ഞങ്ങള്‍ക്കുള്ളു.

കിഴക്കമ്പലം പഞ്ചായത്തില്‍ വോട്ടെടുപ്പു ദിവസം നടന്ന അക്രമങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു ചേര്‍ന്നു നടത്തിയതാണ്. ഞങ്ങള്‍ക്ക് വോട്ടു ചെയ്യുമെന്ന് തോന്നിയ വോട്ടര്‍മാരെ ഇവരെല്ലാം ചേര്‍ന്നാണ് ആക്രമിച്ചത്. ഒരു സ്ഥലത്തെ ആക്രമണത്തിന്റെ വീഡിയോ മാത്രമാണ് ലോകം. കണ്ടത്. രാവിലെ മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ബൂത്തുകള്‍ പിടിച്ചെടുത്തു. ഞങ്ങളുടെ 1500ഓളം പേര്‍ക്ക് വോട്ടു ചെയ്യാനേ കഴിഞ്ഞില്ല. 42 പേരെ സര്‍വ രാഷ്ട്രീയ സഖ്യം അതി ഭീകരമായി മര്‍ദ്ദിച്ചു. ജനാധിപത്യവിരുദ്ധമായ ഈ കാട്ടുനീതിക്ക് എതിരായ നിലപാടിന്റെ ഭാഗമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ആരെയും എന്തും ചെയ്തു കളയുമെന്ന രാഷ്ട്രീയ ഹുങ്കും ഗുണ്ടായിസവും ഞങ്ങളെ അതിന് നിര്‍ബന്ധിതരാക്കുകയായിരുന്നു. നാലു പഞ്ചായത്തുകളില്‍ മാത്രമുള്ള ഒരു പാര്‍ട്ടി 140 മണ്ഡലങ്ങളില്‍ മത്സരിക്കുക എന്നത് ഒട്ടും പ്രായോഗികമല്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അതുകൊണ്ട് ഒരു ടെസ്റ്റ് ഡോസ് എന്ന നിലയില്‍ എറണാകുളം ജില്ലയില്‍ മാത്രം മത്സരിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങിയത്. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഒന്നര ലക്ഷത്തിലേറെപ്പേര്‍ ട്വന്റി ട്വന്റി യുടെ അംഗങ്ങളായി. എറണാകുളം ജില്ലയില്‍ 1897 ഓളം വാര്‍ഡുകളുണ്ട്. 50 പേരെങ്കിലും മെമ്പര്‍ഷിപ്പ് എടുക്കാത്ത ഒരു ഡിവിഷനും ഇല്ല എന്നത് അങ്ങേയറ്റം പോസിറ്റീവായി ഞങ്ങള്‍ കണ്ടു.

എറണാകുളം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവിന് സീറ്റിനു വേണ്ടി ഒരു സ്ഥാനാര്‍ത്ഥി നല്‍കിയത് പത്ത് കോടി രൂപയാണ് - രണ്ടു കോടിയോളം രൂപ ഇടനിലക്കാരനും കൊടുത്തു. എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണിത്. നോക്കിനില്‍ക്കെ രണ്ടു മുന്നണികളിലും സ്ഥാനാര്‍ത്ഥികള്‍ മാറുന്നതും നമ്മള്‍ കണ്ടു.കോടികള്‍ മുടക്കി സീറ്റു നേടുന്നവന്റെ ലക്ഷ്യം അഞ്ചു വര്‍ഷം കൊണ്ട് പത്തിരട്ടി തിരിച്ചുണ്ടാക്കുക എന്നതായിരിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക എന്നത് വലിയൊരു ടാസ്‌ക് ആയിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് 92 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അതില്‍ 62 ശതമാനം ബിരുദാനന്തര ബിരുദം ഉള്ളവരായിരുന്നു.30 ശതമാനം ബിരുദധാരികളും 5 ശതമാനം മറ്റ് സാങ്കേതിക യോഗ്യതകള്‍ ഉള്ളവരുമായിരുന്നു. സേവനമനസ്ഥിതിയും അറിവും വിദ്യാഭ്യാസവുമുള്ളവര്‍ സ്ഥാനാര്‍ത്ഥികളായി വരണം എന്നതായിരുന്നു ഞങ്ങളുടെ നയം. രാഷ്ട്രീയം ഒരു വരുമാനമാര്‍ഗമായി കാണുന്നവരാവരുത് സ്ഥാനാര്‍ത്ഥികള്‍ എന്നും നിഷ്‌കര്‍ഷ ഉണ്ടായിരുന്നു. ഈ പറഞ്ഞ യോഗ്യതയുള്ളവരൊക്കെ വേറെ ജോലികള്‍ ചെയ്യുന്നവരുമായിരുന്നു. അവരെയൊക്കെ പറഞ്ഞു. സമ്മതിപ്പിച്ച് സ്ഥാനാര്‍ത്ഥികളാക്കുക എന്നത് വലിയൊരു കടമ്പ തന്നെയായിരുന്നു ഞങ്ങള്‍ക്ക്. ജില്ലയിലെ 14 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് മുമ്പ് ഞങ്ങള്‍ സര്‍വേകള്‍ നടത്തിയിരുന്നു. എല്ലായിടത്തു നിന്നും പോസിറ്റീവായ ഫീഡ്ബാക്ക് ആണ് ലഭിച്ചത്.

നിങ്ങള്‍ ജയിക്കുമോ, എന്താണ് ഉറപ്പ് എന്ന് എന്നോടു പലരും ചോദിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ തീരുമാനമാണ്. ഞാന്‍ ഒരിക്കലും, ജയിച്ചേ മതിയാവു, ഭരിച്ചേ മതിയാവൂ എന്നു വാശി പിടിക്കുന്ന ആളല്ല. ഞങ്ങള്‍ മുന്നോട്ടുവന്ന് ഒരു അവസരം മുന്നിലേക്കു വയ്ക്കുന്നു. തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ മുന്നില്‍ നിന്നു നയിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അഴിമതി രഹിതവും വ്യത്യസ്തവുമായ ഭരണമാണ് ഞങ്ങളുടെ മാനിഫെസ്റ്റോ .ജയിച്ചേ മതിയാവൂ എന്ന വാശിയല്ല. ജനങ്ങള്‍ തീരുമാനിക്കുകയാണ് നിലവിലുള്ള സംവിധാനങ്ങള്‍ മതി, ട്വന്റി ട്വന്റി വേണ്ട എന്നാണെങ്കില്‍ പറയട്ടെ, ഞങ്ങള്‍ ഖേദിക്കില്ല. തിരിച്ചടിയായി കണക്കാക്കുകയുമില്ല.

* മുന്തിയ കാറുകളില്‍ മാത്രം നടന്നിരുന്ന സാബു ജേക്കബ് ട്വന്റി ട്വന്റി യുടെ രൂപീകരണത്തിനു ശേഷം അതൊക്കെ മാറ്റിവയ്ക്കുന്നു. പിന്നീട് സാധാരണ ചായക്കടകളില്‍ നിന്നു ഭക്ഷണം കഴിക്കുന്നു. അവരുടെ തോളില്‍ കൈയിട്ട് നടക്കുന്നു. കിഴക്കമ്പലം പഞ്ചായത്ത് ഭരണം കിട്ടിയ ശേഷം തനിനിറം പുറത്തു കാട്ടി തനി ഏകാധിപതിയായി മാറുന്നു. പഞ്ചായത്ത് ഭരണം തന്നെ കൈയാളുന്നു. സോഷ്യല്‍ മീഡിയയില്‍ കണ്ട കഥകളില്‍ ഒന്നാണിത്.വ്യവസായ പ്രമുഖനായ സാബു ജേക്കബില്‍ ഇങ്ങനെ ഒരു നടനുണ്ടോ?

ഞാന്‍ വലിയൊരു വ്യവസായിയുടെ മകനാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്റെ തൊഴിലല്ല രാഷ്ട്രീയം. 2012 ല്‍ ഞാന്‍ ഈ രംഗത്തേക്കു വരുന്നതു വരെ എനിക്കീ നാടുമായോ ജനങ്ങളുമായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കാറില്‍ വീട്ടില്‍ നിന്ന് കമ്പനിയിലേക്ക്. പിന്നെ തിരിച്ച് വീട്ടിലേക്ക്.ബിസിനസ് ആവശ്യങ്ങള്‍ക്കായി അമേരിക്കയിലേക്കോ ലണ്ടനിലേക്കോ. അത്രയൊക്കെത്തന്നെ.

ബെന്‍സ് കാറിലായിരുന്നു എന്റെ യാത്രകള്‍. എന്റെ വ്യവസായമായിരുന്നു എന്റെ ലോകം. എന്റെ ആ തൊഴില്‍ വിട്ട് ഒന്നുമുണ്ടായിരുന്നില്ല.തന്റെ വ്യവസായത്തിനൊപ്പം നാടും വളരണമെന്ന ചിന്താഗതിക്കാരനായിരുന്നു എന്റെ പിതാവ് എം.സി ജേക്കബ്. .ഒരുപാട് കാര്യങ്ങള്‍, ഒരു പക്ഷേ ഞാന്‍ ചെയ്തതിനെക്കാള്‍ ഏറെ അദ്ദേഹം അദ്ദേഹം ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയൊന്നുമില്ലാതിരുന്നതിനാല്‍ പുറം ലോകം അറിഞ്ഞിരുന്നില്ല എന്നു മാത്രം. പിതാവ് 2011 ല്‍ മരിച്ചു പിറ്റേ വര്‍ഷം ഞാനും എന്റെ മൂത്ത സഹോദരനും കൂടി പിതാവിന്റെ സ്വപ്നങ്ങള്‍ സഫലീകരിക്കാന്‍ എന്തു ചെയ്യാം എന്ന് ആലോചിച്ചു. പതിനഞ്ച് വര്‍ഷത്തോളം ആയുര്‍വേദ ചികിത്സ നടത്തിയിരുന്ന ആളാണ് പിതാവ്. അത് കണക്കിലെടുത്ത് ഒരു ആയുര്‍വേദ റിസര്‍ച്ച് സെന്ററും ആശുപത്രിയുംതുടങ്ങിയാലോ എന്നായി ആലോചന. പക്ഷേ, അവിടെ ഒരു പ്രായോഗിക പ്രശ്‌നമുണ്ടായിരുന്നു. ഞങ്ങള്‍ ആയുര്‍വേദം പഠിച്ചിട്ടില്ല. തുടര്‍ന്ന് ഒരു മെഡിക്കല്‍ ക്യാമ്പ് നടത്തി അയ്യായിരം പേരാണ് അതില്‍ പങ്കെടുത്തത്. 100 ഡോക്ടര്‍മാരും 500 പാരാമെഡിക്കല്‍ സ്റ്റാഫും നേതൃത്വം നല്‍കിയ എല്ലാ ബ്രാഞ്ചുകളും കവര്‍ ചെയ്ത ഒരു മെഡിക്കല്‍ ക്യാമ്പ് ആയിരുന്നു അത്. അതായിരുന്നു. ഞങ്ങളുടെ ടേണിംഗ് പോയന്റ്. ക്യാമ്പില്‍ പങ്കെടുത്തവരുമായുള്ള തുടര്‍ സമ്പര്‍ക്കത്തില്‍ നിന്നും, ആളുകള്‍ നേരിടുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല എന്നു ഞങ്ങള്‍ മനസ്സിലാക്കി. പലരും പട്ടിണിയാണ്. പലര്‍ക്കും വീടുകളില്ല. ഒട്ടനവധി പ്രശ്‌നങ്ങളാണ് ജനങ്ങള്‍ നേരിടുന്നത്. അതെത്തുടര്‍ന്നാണ് കിഴക്കമ്പലത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഞാന്‍ അഞ്ച് എം.എസ്.ഡബ്‌ള്യു ക്കാരെ നിയമിച്ചത്. അവര്‍ നല്‍കിയ റിപ്പോര്‍ട്ട് മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു. 282 കുടുംബങ്ങള്‍ നീല ടര്‍പായ വിരിച്ച് അതിന് കീഴില്‍ കഴിയുന്നവരായിരുന്നു. ആയിരത്തിലേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുള്ള സംസ്ഥാനത്ത് ഒരു പഞ്ചായത്തില്‍ മാത്രമാണ് കിടപ്പാടമില്ലാത്ത 282 കുടുംബങ്ങള്‍ എന്നത് ഓര്‍മ്മിക്കണം. എത്ര ലക്ഷം കുടുംബങ്ങള്‍ ഇതുപോലെ സംസ്ഥാനത്താകെ കിടപ്പാടമില്ലാതെയുണ്ടാകും. 240 കുടുംബങ്ങള്‍ക്ക് ടോയ്‌ലറ്റ് ഇല്ല എന്നും ആ സര്‍വേയില്‍ നിന്നും വ്യക്തമായി.225 കുടുംബങ്ങള്‍ 100 ശതമാനം വൈദ്യുതി എന്നു വീമ്പിളക്കുന്ന നമ്മുടെ നാട്ടില്‍ കറന്റ് കിട്ടാത്തവരായി ഉണ്ടായിരുന്നു. ഒരു വീട്ടിലേക്ക് ഞങ്ങള്‍ കടന്നു ചെല്ലുമ്പോള്‍ 72 വയസ്സായ അമ്മൂമ്മയും അവരുടെ 32 വയസ്സുള്ള ബുദ്ധി സ്ഥിരതയില്ലാത്ത ഏക മകനും മാത്രമാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും കഴിച്ചോ എന്നു ചോദിച്ചപ്പോള്‍ അകത്തു പോയി ഒരു കലമെടുത്തു കൊണ്ടു വന്നു കാണിച്ചതില്‍ എണ്ണി നോക്കാമായിരുന്നു വറ്റുകള്‍. ഒരാഴ്ച മുമ്പ് ആരോ ഒരു കിലോ അരി കൊടുത്തതാണ്. മൂന്നു ദിവസമായി രാവിലെയും വൈകുന്നേരവുമത് ചൂടാക്കി അമ്മയും മകനും കഴിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ബാക്കിയാണ് ആ കലത്തില്‍ കണ്ടത്. എല്ലായിടത്തും സാധാരണ മനുഷ്യന്റെ ചിത്രം ഇതാണെന്നു മനസ്സിലാക്കിത്തന്ന ഈ അനുഭവമാണ് ഞങ്ങളെ ഈ രംഗത്തേക്ക് ഇറക്കിയത്. ലോകം മുഴുവന്‍ മുഴുവന്‍ നന്നാക്കാന്‍ നമ്മളെക്കൊണ്ട് കഴിയില്ല. ഒരു പഞ്ചായത്ത് എങ്കില്‍ ഒരു പഞ്ചായത്ത്. എനിക്കൊരു വാശിയായിരുന്നു. പട്ടിണിയും ദുരിതങ്ങളുമില്ലാത്ത ഒരു മാതൃകാ ഗ്രാമമുണ്ടാക്കിക്കാണിക്കുക. അത് കേരളത്തില്‍, ഇന്ത്യയില്‍, ലോകമൊട്ടാകെ ആരെങ്കിലും കോപ്പി ചെയ്യാന്‍ വരുന്നെങ്കില്‍ വരട്ടെ എന്നും ആഗ്രഹിച്ചു.അങ്ങനെയാണ് ഞങ്ങളിത് തുടങ്ങിയത്.

ആളുകള്‍ പറയുന്നുണ്ട് ഇത് കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ടാണ് എന്ന്. 2012 ല്‍ സി.എസ്.ആര്‍. ബില്‍ പോലും വന്നിട്ടില്ല .2014ലാണ് ബില്‍ വന്നത്. 2015 ലാണത് നടപ്പാക്കി തുടങ്ങിയത്. ഞങ്ങള്‍ വരുമ്പോള്‍ സി.എസ്.ആര്‍.നിയമം പോലും ഇല്ലായിരുന്നു. വാസ്തവം ഇതായിരിക്കെ ഞങ്ങളുടെ വരവു മൂലം വരുമാനം നിലച്ച് ശത്രുക്കളായവര്‍ പറയുന്ന നുണകളാണിതൊക്കെ.

വ്യാപകമായ കുടിവെള്ള പ്രശ്‌നം ഉണ്ടായിരുന്ന പഞ്ചായത്താണ് കിഴക്കമ്പലം മുന്‍ഗണനാക്രമത്തില്‍ ഞങ്ങള്‍ ഇതൊക്കെ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ പ്പോള്‍ രാഷ്ട്രീയക്കാര്‍ ആദ്യം പിന്തുണച്ചു. പിന്നെ രഹസ്യമായി എതിര്‍ത്തു .അതുകഴിഞ്ഞ് പരസ്യമായി എതിര്‍ത്തു. അതും കഴിഞ്ഞു എതിര്‍പ്പ് ഔദ്യോഗികമായി. ഞങ്ങള്‍ ചെയ്യുന്നതിനെല്ലാം സ്റ്റോപ്പ് മെമ്മോ നല്‍കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

അപ്പോഴാണ് ഞങ്ങള്‍ ജനങ്ങളെ സംഘടിപ്പിച്ചു ജനകീയമായി മുന്നേറാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ക്ക് ഒരു പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കണം എന്നോ രാഷ്ട്രീയത്തിലേക്ക് വരണമെന്നോ ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. കാരണം ഞങ്ങളുടെ തൊഴില്‍ അല്ല അത്.

സാഹചര്യങ്ങള്‍ ഞങ്ങളെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാക്കി എന്നതാണ് സത്യം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ എന്നെ വേദനിപ്പിച്ച ഒരുപാട് സംഭവങ്ങള്‍ ഉണ്ടായി. ഞാന്‍ ആരും പറഞ്ഞിട്ട് നാടകം അഭിനയിച്ച് സ്വയം മാറിയതല്ല. രണ്ടു കോടിയില്‍പരം വിലയുള്ള ബെന്‍സ് എസ് ക്ലാസില്‍ നടന്നിരുന്ന ഞാന്‍ 20 ലക്ഷം രൂപയുടെ ഇന്നോവ യിലേക്ക് മാറിയത് ഒരു നാടകം ആയിരുന്നില്ല എന്റെ മനസ്സു മാറിയതാണ്.

ഞാന്‍ അവിടെ ആലോചിച്ചത് ഒരു ബിസിനസുകാരനെക്കാള്‍ ഉപരി ഒരു മനുഷ്യസ്‌നേഹി എന്ന നിലയിലാണ്. ഒരു കോടി എണ്‍പത് ലക്ഷം രൂപ ഇങ്ങനെ മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ എന്റെ കണക്കുപ്രകാരം 35 വീടുകള്‍ വച്ചു കൊടുക്കാന്‍ കഴിയും. അതായിരുന്നു എന്റെ ലോജിക്ക്. അല്ലാതെ ആരെയും ബോധിപ്പിക്കാനല്ല. എനിക്കതിന്റെ അവശ്യവുമില്ല. കാറ് മാറിയത് ജനങ്ങള്‍ നേരിട്ടു കണ്ട ഒരു മാറ്റമാണ്. വേറെയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഫ്‌ളൈറ്റില്‍ ഫസ്റ്റ് ക്ലാസ് യാത്ര ചെയ്തിരുന്ന ഞാന്‍ എക്കണോമി ക്ലാസ്സിലേക്ക് മാറി. അങ്ങനെ ലഭിക്കുന്ന പണവും ഞാന്‍ ഇത്തരം ജനക്ഷേമകാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്. അല്ലാതെ ആരെയെങ്കിലും കാണിക്കാനായി നാടകം കളിക്കേണ്ടുന്ന ഒരാവശ്യവും എനിക്കില്ല.ഞാന്‍ മെര്‍സ്ഡീസ് ബെന്‍സ് വാങ്ങുന്നത് എന്റെ അധ്വാനഫലം കൊണ്ടാണ്. രാഷ്ട്രീയക്കാര് മേടിക്കുന്നത് അങ്ങനെയല്ല. നമ്മുടെ അധ്വാനത്തിന്റെ, വിയര്‍പ്പിന്റെ ഫലം കൊണ്ടാണവരത് വാങ്ങുന്നത്. ഞാന്‍ സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ ഒരു രൂപ പോലും പറ്റി ജീവിക്കുന്ന ആളല്ല. അധ്വാനിച്ച് തന്നെയാണ് ജീവിക്കുന്നത്.

പഞ്ചായത്തില്‍ ഭരണം കിട്ടിയതോടെ എന്റെ സ്വഭാവം മാറി, ഏകാധിപതിയായി എന്നൊക്കെ പുറമെ നിന്നുള്ളവരാണ് പറയുന്നത്. കിഴക്കമ്പലത്തെ ഒരാള്‍ പോലും അതു പറയില്ല. കാരണം 2012 ന് മുമ്പ് എന്നെ അറിയുന്ന ഒരാള്‍ പോലും കിഴക്കമ്പലത്തുണ്ടായിരുന്നില്ല. എന്നാലിന്ന് കിഴക്കമ്പലത്ത് എന്നെ അറിയാത്ത ഒറ്റയാള്‍ പോലുമില്ല. ഞാനറിയാത്ത ഒരാളുമില്ല. വര്‍ഷങ്ങളായി ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവന്നവര്‍ പോലും നീല ടര്‍പ്പായ കെട്ടിയ 'വീടുകള്‍ ' കണ്ടപ്പോള്‍ ഇതു കിഴക്കമ്പലത്താണോ എന്നു ചോദിച്ചിട്ടുണ്ട്. കിഴക്കമ്പലത്തെ, അവിടുത്തെ ജനങ്ങളെ, അവരുടെ പ്രശ്‌നങ്ങളെ എനിക്കറിയാവുന്നതു പോലെ അവര്‍ക്കാര്‍ക്കും അറിയില്ല. ഞാന്‍ അവരിലൊരാളായാണ് ജീവിക്കുന്നത്. അവര്‍ക്ക് ഞാന്‍ മകനും ചേട്ടനും ഒക്കെയാണ്.

 

kerala election twentytwenty sabu jacob