ഇടത്തേയ്ക്കും വലത്തേയ്ക്കും ചായും; നെടുമങ്ങാട് പ്രവചനാതീതം

നായര്‍ സമുദായത്തിനാണ് ഇവിടെ നേരിയ മുന്‍തൂക്കം. നിലവിലെ കണക്കില്‍ മുസ്ലീം സമുദായമാണ് തൊട്ടു പിന്നില്‍. മൂന്നാമത് ഈഴവരാണ്. മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കാണ് അടുത്ത സ്ഥാനം. ഇക്കുറി മത്സരിക്കുന്ന എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നായര്‍ സമുദായാംഗങ്ങളാണ്. പൊതുവേ സാമുദായിക വികാരത്തിനുപരി രാഷ്ട്രീയ സ്വഭാവം കാണിക്കുന്ന മണ്ഡലമാണ് നെടുമങ്ങാട്.

author-image
Aswany Bhumi
New Update
ഇടത്തേയ്ക്കും വലത്തേയ്ക്കും ചായും; നെടുമങ്ങാട് പ്രവചനാതീതം

തിരുവനന്തപുരം: മലയോര മണ്ഡലമായ നെടുമങ്ങാട് ഇന്നലെ സ്ഥാനാര്‍ത്ഥികള്‍ നിറഞ്ഞുനിന്നത് കല്യാണ മണ്ഡപങ്ങളിലും ദേവാലയങ്ങളിലുമാണ്. ഞായറാഴ്ച പര്യടനവുമായി ഇറങ്ങിയാല്‍ നാട്ടുകാര്‍ കണ്ണടയ്ക്കുമെന്ന് മൂന്നു പേര്‍ക്കും ഉറപ്പായിരുന്നു.

അതുകൊണ്ട് വോട്ടര്‍മാര്‍ക്ക് ചെറിയൊരു വിശ്രമം കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. പൊതുജന സന്ദര്‍ശനം ചില കവലകളില്‍ മാത്രമായി മൂവരും ഒതുക്കി.
ഇടതു സ്ഥാനാര്‍ത്ഥിയും സിപിഐ ജില്ലാ സെക്രട്ടറിയുമായ ജി.ആര്‍.അനില്‍ ചില വിവാഹവേദികളായിരുന്നു തിരഞ്ഞെടുത്തത്.

നെടുവേലി ദേവീക്ഷേത്രം ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങിനാണ് പ്രധാനമായി അനില്‍ എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.എസ്.പ്രശാന്ത് കരിപ്പൂര്‍,തേക്കട മേഖലകളിലെ ചില ദേവാലയങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. പോത്തന്‍കോട് കിളിത്തട്ടില്‍ ദേവീക്ഷേത്രത്തിലെ വിവാഹ വേദിയിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജെ.ആര്‍.പദ്മകുമാര്‍ സന്ദര്‍ശിച്ചത്.

ഇന്നു മുതല്‍ മൂന്നു മുന്നണികളും കൂടുതല്‍ ശക്തമായ പര്യടന പട്ടിക തയാറാക്കിയിട്ടുണ്ട്. അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഈ കാര്‍ഷിക മണ്ഡലത്തിന്റെയും തിരഞ്ഞെടുപ്പ് ഊഷ്മാവ് കൂടുതല്‍ ഉയരും. പൊതുവേ ഇടത്തോട്ട് കൂടുതല്‍ ചായ്‌വുള്ള മണ്ഡലമാണ് നെടുമങ്ങാട്. ആദ്യ തിരഞ്ഞെടുപ്പു മുതല്‍ ഇത് വ്യക്തമായിരുന്നു.

1957ല്‍ രൂപംകൊണ്ട മണ്ഡലം ഇതുവരെ 11 തവണയാണ് ഇടതുപക്ഷത്തെ പുല്‍കിയത്. നാലു തവണ കോണ്‍ഗ്രസിനെയും ആശ്ലേഷിച്ചു. 1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍.എന്‍.പണ്ടാരത്തിലിനെ നെടുമങ്ങാട് വിജയിപ്പിച്ചു. ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ട ശേഷം 1960ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പണ്ടാരത്തില്‍ തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

1965 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച എസ്.വരദരാജന്‍ നായര്‍ വിജയിച്ചു. എന്നാല്‍ മന്ത്രിസഭ രൂപീകരിക്കാത്തതിനാല്‍ അദ്ദേഹത്തിന് അന്ന് നിയമസഭ കാണാനായില്ല.1967 മുതല്‍ രണ്ടു പതിറ്റാണ്ടു കാലം ഇടത് കോട്ടയായിരിന്നു. 1967 ലും 70 ലും സിപിഐയുടെ കെ.ജി.കൃഷ്ണപിള്ള വിജയിച്ചു.

1977ല്‍ മികച്ച പ്രാസംഗികനും സിപിഐ നേതാവുമായ കണിയാപുരം രാമചന്ദ്രനായിരുന്നു ജയിച്ചു കയറിയത്. പിന്നീടു മൂന്നു തവണ, 1980, 82, 87 തിരഞ്ഞെടുപ്പുകളില്‍ ആശാന്‍ എന്നറിയപ്പെട്ട കെ.വി.സുരേന്ദ്രനാഥിനെ നെടുമങ്ങാട് വിജയിപ്പിച്ച് നിയമസഭയിലേയ്ക്ക് അയച്ചു. 1987 ലെ തിരഞ്ഞെടുപ്പില്‍ ആശാനോടു തോറ്റ കോണ്‍ഗ്രസിലെ പാലോട് രവി 1991 ല്‍ മണ്ഡലം പിടിച്ചെടുത്തു.

തുടര്‍ന്ന് 1996 ലും പാലോടു രവി തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2001 ല്‍ സിപിഐ മാങ്കോട് രാധാകൃഷണനെ ഇറക്കി നടത്തിയ പോരാട്ടം വിജയം കണ്ടു. 2006ലും മാങ്കോടിനു തന്നെയായിരുന്നു വിജയം. എന്നാല്‍ 2011 ലെ തിരഞ്ഞെടുപ്പില്‍ മാങ്കോടിനെ പാലോട് രവി പരാജയപ്പെടുത്തി.

2016 ല്‍ മുന്‍ മന്ത്രി കൂടിയായ സി.ദിവാകരന്‍ പാലോട് രവിയെ മലര്‍ത്തിയടിച്ചു. യുഡിഎഫ് 19 സീറ്റു നേടിയ 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ ഇടതു കോട്ടയ്ക്ക് കാര്യമായ ഇളക്കമുണ്ടായില്ല. ഇവിടെ 795 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ടായിരുന്നു.

അതേസമയം ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ മറ്റ് ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു ലീഡ്.ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെമ്പായം ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളും ഇടതുമുന്നണി നേടിയത് മൊത്തം 26,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

നെടുമങ്ങാടിന്റെ ഭാഗമായിരുന്ന അരുവിക്കര , വെള്ളനാട് പഞ്ചായത്തുകള്‍ ഇപ്പോള്‍ അരുവിക്കര മണ്ഡലത്തിന്റെ ഭാഗമാണ്. ആനാട്, പനവൂര്‍ പഞ്ചായത്തുകള്‍ വാമനപുരത്തേക്കു പോയി. നെടുമങ്ങാട് നഗരസഭ, മാണിക്കല്‍,
കരകുളം, ആണ്ടൂര്‍ക്കോണം, പോത്തന്‍കോട്, വെമ്പായം പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് നെടുമങ്ങാട് മണ്ഡലം.

നായര്‍ സമുദായത്തിനാണ് ഇവിടെ നേരിയ മുന്‍തൂക്കം. നിലവിലെ കണക്കില്‍ മുസ്ലീം സമുദായമാണ് തൊട്ടു പിന്നില്‍. മൂന്നാമത് ഈഴവരാണ്. മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കാണ് അടുത്ത സ്ഥാനം. ഇക്കുറി മത്സരിക്കുന്ന എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നായര്‍ സമുദായാംഗങ്ങളാണ്. പൊതുവേ സാമുദായിക വികാരത്തിനുപരി രാഷ്ട്രീയ സ്വഭാവം കാണിക്കുന്ന മണ്ഡലമാണ് നെടുമങ്ങാട്.

nedumanghad