നഷ്ടപ്പെട്ട കുഞ്ഞിന് പകരം കമ്പുകള്‍കൊണ്ട് കുട്ടിയാനയുടെ രൂപമുണ്ടാക്കി അമ്മയാന

ജീവന്‍ വെടിഞ്ഞ തന്റെ കുഞ്ഞിന്റെ ഓര്‍മയ്ക്കായി കുട്ടിയാനയുടെ രൂപം കമ്പുകള്‍കൊണ്ട് ഉണ്ടാക്കിയെടുത്തിരിക്കുകയാണ് ഒരു അമ്മയാന.

author-image
Greeshma Rakesh
New Update
നഷ്ടപ്പെട്ട കുഞ്ഞിന് പകരം കമ്പുകള്‍കൊണ്ട് കുട്ടിയാനയുടെ രൂപമുണ്ടാക്കി അമ്മയാന

ആനകളുടെ ബുദ്ധിശക്തി മനുഷ്യന് ചിന്തിക്കാവുന്നതിനേക്കാള്‍ അപ്പുറമാണ്. ഒരുപക്ഷേ മനുഷ്യരെപ്പോലെയോ അല്ലെങ്കില്‍ അതിനേക്കാള്‍ ഒരുപടി മുകളിലോ തനിക്ക് പ്രിയപ്പെട്ടവരോട് ആനകള്‍ സ്‌നേഹം പ്രകടിപ്പിരക്കാറുണ്ട് . കുഞ്ഞുങ്ങള്‍ ജനിക്കുന്ന സമയത്തും അവയ്ക്ക് അപകടം പറ്റുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുന്ന സമയത്തും അവ വിചിത്രമായ രീതിയില്‍ പെരുമാറുന്ന സംഭവങ്ങള്‍ ഇതിനുദാഹരണമാണ്.

എന്നാല്‍ ഇതിനിനേക്കാള്‍ ഏറെ അദ്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ജീവന്‍ വെടിഞ്ഞ തന്റെ കുഞ്ഞിന്റെ ഓര്‍മയ്ക്കായി കുട്ടിയാനയുടെ രൂപം കമ്പുകള്‍കൊണ്ട് ഉണ്ടാക്കിയെടുത്തിരിക്കുകയാണ് ഒരു അമ്മയാന.ജാക്വി നോട്ടാറിയല്‍ എന്ന വ്യക്തി ക്രൂഗര്‍ ദേശീയോദ്യാനത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്. തന്റെ കുഞ്ഞിനെ ഒരുകൂട്ടം സിംഹങ്ങള്‍ ചേര്‍ന്ന് ആക്രമിച്ച് കൊന്നതിന്റെ ദുഃഖം സഹിക്കാനാവാതെ കഴിയുകയായിരുന്ന അമ്മയാനയാണ് കുഞ്ഞിന്റെ ഓര്‍മയ്ക്കായി കമ്പുകള്‍കൊണ്ട് രൂപം ഉണ്ടാക്കിയത്.

കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ സങ്കടം സഹിക്കാനാവാതെ അമ്മയാന നിരവധിതവണ ഉച്ചത്തില്‍ ചിഹ്നം വിളിച്ചിരുന്നു. ആ കാഴ്ച ഹൃദയഭേദകമായിരുന്നെന്ന് ജാക്വി പറയുന്നു. കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കി അല്പസമയത്തിനകം അമ്മയാന ചുള്ളിക്കമ്പുകള്‍ അടുക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.

തുടക്കത്തില്‍ കാര്യം കൃത്യമായി മനസ്സിലായില്ലെങ്കിലും അല്പസമയത്തിനുശേഷം ചുള്ളിക്കമ്പുകള്‍ കൊണ്ടുണ്ടാക്കിയ രൂപം കണ്ടതോടെ ജാക്വി അക്ഷരാര്‍ത്ഥത്തില്‍ അദ്ഭുതപ്പെട്ടുപോവുകയായിരുന്നു. ഏതാണ്ട് കുട്ടിയാനയോട് സാദൃശ്യമുള്ള രീപമാണ് അമ്മയാന അടുക്കി വെച്ചിരിക്കുന്നത്. ആനകള്‍ തങ്ങളുടെ കുഞ്ഞുങ്ങളോടും ഒപ്പമുള്ളവയോടും ഹൃദയബന്ധം കാത്തുസൂക്ഷിക്കാറുണ്ട്. അതിന്റെ ആഴം എത്രത്തോളമെന്നതിന് ഇതിലും മികച്ച ഉദാഹരണമില്ല.

ഏറെ മണിക്കൂറുകള്‍ ചിലവിട്ടാണ് അമ്മയാന കുട്ടിയാനയുടെ രൂപം ഉണ്ടാക്കിയെടുത്തത്. കുട്ടിയാനയുടെ തുമ്പികൈയ്ക്കും കൊമ്പുകള്‍ക്കും സമാനമായ ആകൃതിയില്‍ വലിയ മരക്കൊമ്പുകള്‍ അടുക്കി വച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. ഒടുവില്‍ നിര്‍മാണം പൂര്‍ത്തിയായ ശേഷം അതിനെ സ്വന്തം കുഞ്ഞായി കരുതി ഏതാനും മണിക്കൂറുകള്‍ ആ രൂപത്തിനരികില്‍ ആന ചിലവിടുകയും ചെയ്തു. ഒരു ആന ഇത്തരത്തില്‍ പെരുമാറുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നതിനാല്‍ ആ സമയമത്രയും അദ്ഭുതത്തോടെയാണ് താന്‍ ചിലവിട്ടതെന്നും ജാക്വി പറയുന്നു.

അമ്മയാനയുടെ നീക്കങ്ങള്‍ അറിയാനായി അദ്ദേഹം പിന്നീടുള്ള ദിവസങ്ങളിലും ഇവിടെയെത്തി നിരീക്ഷിച്ചിരുന്നു. ദിവസങ്ങളോളം ആന ഈ രൂപത്തിനരികില്‍ എത്തുന്നതും അതിനോട് ചേര്‍ന്ന് നിന്ന് ചിഹ്നം വിളിക്കുന്നതും പതിവായിരുന്നു. ദിവസങ്ങള്‍ മുന്നോട്ടുപോകുന്നതനുസരിച്ച് പിന്നീട് ആന അവിടേക്ക് പതിവായി വരാതായി. എന്നാല്‍ തന്റെ കുഞ്ഞിനെ പൂര്‍ണമായും മറക്കാന്‍ കഴിയാത്ത അമ്മയാന ഓരോ തവണയും ആ വഴി പോകുമ്പോഴെല്ലാം കുഞ്ഞിനോട് യാത്ര പറയുന്നതുപോലെ വിറകുരൂപം നോക്കി അല്പസമയം നില്‍ക്കുകയും ചെയ്തിരുന്നു.

Elephant Wild Animal Kruger National Park