കേരളത്തില്‍ അരി, തായ്‌ലന്‍ഡില്‍ നൂഡില്‍സ്; വൈറലായി അരിക്കൊമ്പന്മാര്‍

എന്നാല്‍ ഈ വിചിത്രമായ ഭക്ഷണശീലം കേരളത്തിലെ അരിക്കൊമ്പനുമാത്രമല്ല. മറിച്ച് ലോകത്തിന്റെ പലക്കോണിലായി ഇത്തരം ആനകളുണ്ട്. അത്തരത്തില്‍ തായ്‌ലന്‍ഡിലുമുണ്ട് ഒരു വിരുദന്‍.

author-image
Greeshma Rakesh
New Update
കേരളത്തില്‍ അരി, തായ്‌ലന്‍ഡില്‍ നൂഡില്‍സ്; വൈറലായി അരിക്കൊമ്പന്മാര്‍

കേരളത്തിലെങ്ങും അരിക്കൊമ്പന്‍ വലിയ ചര്‍ച്ചാവിഷയമാണ്. പ്രിയഭക്ഷണമായ അരി മോഷ്ട്ടിക്കാന്‍ വീടുകളും കടകളും തേടിയെത്തുന്നതാണ് അരിക്കൊമ്പന് ആ പേര് നേടിക്കൊടുത്തത്. എന്നാല്‍ ഈ വിചിത്രമായ ഭക്ഷണശീലം കേരളത്തിലെ അരിക്കൊമ്പനുമാത്രമല്ല. മറിച്ച് ലോകത്തിന്റെ പലക്കോണിലായി ഇത്തരം ആനകളുണ്ട്. അത്തരത്തില്‍ തായ്‌ലന്‍ഡിലുമുണ്ട് ഒരു വിരുദന്‍.

 

2021ലെ ഒരു ദിവസം തായ്ലന്‍ഡിലെ ചാലേം ഫ്രാകിയത് പട്ടണ എന്ന ഗ്രാമത്തിലെ വീട്ടമ്മയായ രച്ചധവന്‍ ഫ്യുങ്പ്രസൊപ്പോനും കുടുംബവും നല്ല ഉറക്കത്തിലായിരുന്നു.പെട്ടെന്ന് അടുക്കളയില്‍ വലിയ ശബ്ദം കേട്ടാണ് രച്ചധവന്‍ ഞെട്ടിയെഴുന്നേറ്റു. കള്ളന്‍മാര്‍ തന്റെ വീട്ടിലേക്കു കടന്നിരിക്കുമോ എന്ന് പേടിച്ച് അടുക്കളയിലേക്ക് ഓടിയ രച്ചധവന്‍ കണ്ടത് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ്. പുതുതായി വീണ്ടും നിര്‍മിച്ച തന്റെ അടുക്കളവാതില്‍ തകര്‍ത്ത് ആ ദ്വാരത്തിലൂടെ തുമ്പിക്കൈ ഇട്ട് അടുക്കളയിലെ സ്ലാബില്‍ നിന്നു ഭക്ഷണമെടുത്തു കഴിക്കുകയാണ് ഒരു കൊമ്പനാന. അത്താഴത്തിനുണ്ടാക്കിയ നൂഡില്‍സില്‍ ബാക്കിവന്നതും ഗോതമ്പുപൊടിയും കഴിച്ച ആന ഒരു ബോട്ടില്‍ വെളിച്ചെണ്ണയും അകത്താക്കി. അതുകൊണ്ടും തീര്‍ന്നില്ല സ്ലാബിലിരുന്ന പാത്രങ്ങളൊക്കെ നിലത്തിട്ടു പൊട്ടിക്കുകയും ചെയ്തു.

 

രച്ചധവന്‍ ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും സമൂഹമാധ്യമത്തില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഒട്ടും വൈകാതെ ഈ ദൃശ്യങ്ങള്‍ വൈറലായി.ബൂന്‍ച്വേ എന്നാണ് ഈ ആനയുടെ പേര്. ബൂന്‍ച്വേ എന്നു പേരുള്ള ഈ ആന രച്ചധവന്റെ അടുക്കള നേരത്തെയും സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് ഒരു ചാക്ക് അരിയും അടുക്കളയില്‍ നിന്ന് എടുത്തുകൊണ്ടു പോയി. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചരിച്ചിരുന്നു. ആനകളുടെ ആവാസമേഖലയായ കാങ് ക്രചന്‍ നാഷനല്‍ പാര്‍ക്കിലാണ് ഈ തായ്ലന്‍ഡ് അരിക്കൊമ്പന്റെ താമസം. ഇവിടെ നിന്ന് ആനകള്‍ പുറത്തിറങ്ങുന്നത് സ്ഥിരം സംഭവമാണ്. ഭക്ഷണത്തിന്റെ മണം പിടിച്ചെത്തുന്ന ഇവര്‍ വീടുകളിലും സൂപ്പര്‍മാര്‍ക്കറ്റിലുമൊക്കെ ഇത്തരം കുസൃതികള്‍ കാട്ടാറുണ്ട്.

കാങ് ക്രചന്‍ നാഷനല്‍ പാര്‍ക്കിനു സമീപമുള്ള ഗ്രാമങ്ങളില്‍ പലയിടത്തും ആനകളെ പേടിച്ച് പലതരം ബന്തവസുകള്‍ ഒരുക്കാറുണ്ട്. അതുകൊണ്ടുതന്നെ കാറുകളില്‍ പഴങ്ങളോ മറ്റോ വയ്ക്കരുതെന്ന് അവിടെ അധികാരികളുടെ കര്‍ശന നിര്‍ദേശമുണ്ട്. വീടിനു ചുറ്റും തകരപ്പാട്ടകളില്‍ കയര്‍വലിച്ചുകെട്ടി തദ്ദേശീയമായ അലാറമുകളും പലരും ഒരുക്കിയിട്ടുണ്ട്. ആന വന്ന് ഈ കയറില്‍ ചവിട്ടിയാല്‍ ശബ്ദം കേട്ട് രക്ഷപ്പെടാനുള്ള ഒരു തരം ലോക്കല്‍ അലാറമാണിത്.

ബൂന്‍ച്വേ മാത്രമല്ല, ബൂണ്‍മീ എന്ന മറ്റൊരു കൊമ്പനാനയും ഇവിടത്തെ സ്ഥിരം ശല്യക്കാരനാണ്. അരിയും ന്യൂഡില്‍സും മാത്രമല്ല, പഞ്ചസാരയും ഇവിടത്തെ പല ആനകള്‍ക്കും പ്രിയപ്പെട്ടതാണ്. പഞ്ചസാര ചാക്കോടെ എടുത്തുകൊണ്ടു പോയ സംഭവങ്ങളൊക്കെ കാങ് ക്രചന്‍ നാഷനല്‍ പാര്‍ക്കിനു സമീപത്തുള്ള ഗ്രാമങ്ങളില്‍ നടന്നിട്ടുണ്ട്. ഫ്രിജില്‍ ഭക്ഷണമുണ്ടാകുമെന്നു പല ആനകള്‍ക്കും അറിയാമെന്നും പ്രദേശവാസികള്‍ പറയുന്നു. വീടുകളിലേക്ക് അതിക്രമിച്ചു കയറുന്ന പല ആനകളും ഫ്രിജും പൊളിക്കാന്‍ ശ്രമിക്കാറുണ്ട്.

Wild Elephant Wild Life Arikomban Thailand