എലിയെ കൊന്നാല്‍ 3 വര്‍ഷം തടവ്; കാക്കയെ കൊല്ലാനും മുന്‍കൂര്‍ അനുമതി

By Shyma Mohan.12 01 2023

imran-azhar

 

ന്യൂഡല്‍ഹി: വീട്ടില്‍ എലിശല്യമെന്ന് കരുതി എലിയെ കൊന്നാല്‍ ഇനി പിടിവീഴും. നാടന്‍കാക്ക, വവ്വാല്‍, ചുണ്ടെലി, പെരുച്ചാഴി എന്നിവയെ കൊല്ലാന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. വന്യജീവി സംരക്ഷണനിയമ(1972)ത്തിലെ പുതിയ ഭേദഗതിപ്രകാരമാണ് പുതിയ വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 20നാണ് ഭേദഗതി വിജ്ഞാപനം നിലവില്‍വന്നത്.

 

നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കാല്‍ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷയായി വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ക്ഷുദ്രജീവികളായി കണക്കാക്കിയിരുന്ന നിരവധി ജീവികളെ ഇപ്പോള്‍ സംരക്ഷണ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

സംസ്ഥാനത്ത് കാണുന്ന നാടന്‍ കാക്കകളെ അതായത് ബലികാക്കകളെയും ഇനി കൊല്ലാന്‍ കഴിയില്ല. ഇവയും പുതിയ വിജ്ഞാപനം അനുസരിച്ച് സംരക്ഷിത പട്ടികയിലായിക്കഴിഞ്ഞു. വവ്വാല്‍, ചുണ്ടെലി, എലി എന്നിവയെയും വന്യജീവി സംരക്ഷണനിയമത്തിന്റെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ക്ഷുദ്രജീവികളായാണു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ ഭേദഗതിപ്രകാരം ഇപ്പോള്‍ ഷെഡ്യൂള്‍ രണ്ടിന്റെ സംരക്ഷണപരിധിയിലാണ്.

 

ഷെഡ്യൂള്‍ അഞ്ചില്‍ ഉള്‍പ്പെട്ട ജീവികളുടെ എണ്ണം രാജ്യത്തു വന്‍തോതില്‍ കുറയുന്നതായി കണ്ടെത്തിയതിനാലാണ് കൊല്ലുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഷെഡ്യൂള്‍ അഞ്ച് പൂര്‍ണ്ണമായും ഇല്ലാതായിരിക്കുകയാണ്. എന്നാല്‍, ഇവ ക്രമാതീതമായി പെരുകിയെന്നു കണ്ടെത്തിയാല്‍, നിശ്ചിതകാലത്തേക്കു കൊന്നൊടുക്കാന്‍ അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കാമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡാണ് അപേക്ഷ നല്‍കേണ്ടത്. എണ്ണം കുറയുന്നില്ലെന്നു കണ്ടാല്‍ കാലയളവ് നീട്ടി ചോദിക്കാനും വ്യവസ്ഥയുണ്ട്.

 

വന്യജീവി സംരക്ഷണനിയമത്തില്‍ ഉള്‍പ്പെട്ടവയെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാലേ കൊല്ലാന്‍ അനുമതിയുള്ളു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഉപദ്രവകാരികളായ കാട്ടുപന്നിയെ കൊല്ലാമെന്നു ഹൈക്കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറായിട്ടില്ല. കാട്ടുപന്നി നിലവില്‍ ഉള്‍പ്പെടുന്നത് ഷെഡ്യൂള്‍ രണ്ടിലാണ്.

 

OTHER SECTIONS