മീന്‍ചിറകുകള്‍ക്ക് പകരം കൈകളുള്ള വിചിത്രമത്സ്യം ഓസ്ട്രേലിയയില്‍...

By Greeshma Rakesh.18 09 2023

imran-azhar

 

 

മീന്‍ചിറകുകള്‍ക്ക് പകരം കൈകളുള്ള വിചിത്രമത്സ്യം ഓസ്ട്രേലിയയില്‍.വംശനാശം സംഭവിച്ച് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായെന്നു കരുതിയിരുന്ന ഈ മത്സ്യം 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ ടാസ്മാനിയയില്‍ ജോഗിങ് നടത്തിക്കൊണ്ടിരുന്ന കെറി യാറെ എന്ന വനിതയാണ് ഈ വിചിത്രമത്സ്യത്തെ കണ്ടെത്തിയത്.

 

ഒറ്റനോട്ടത്തില്‍ പഫര്‍ഫിഷ്, ടോഡ്ഫിഷ് തുടങ്ങിയ സമുദ്രജീവികളിലേതെങ്കിലുമായിരിക്കുമെന്ന് കരുതിയ കെറി ഇതിനരികിലേക്കു ചെന്നു. അവിടെവച്ചാണ് മീനിന്റെ വിചിത്രമായ കൈകള്‍ കെറിയുടെ ശ്രദ്ധയില്‍പെട്ടത്.

 

സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന സ്പോട്ടഡ് ഹാന്‍ഡ് ഫിഷ് എന്ന ജീവിയാണ് ഇത്. കൈകളുടെ ആകൃതിയുള്ള മീന്‍ചിറകുകള്‍ ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇവ നടന്നുനീങ്ങും.20 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ തിരച്ചിലില്‍ ഇവയെ കിട്ടാതെ ആയതോടെ ഇവ ഓസ്ട്രേലിയന്‍ തീരത്തുനിന്ന് വംശനാശം സംഭവിച്ചുപോയെന്ന് അധികൃതര്‍ കരുതി.

 

ലോകത്തില്‍ തന്നെ 2000 എണ്ണം മാത്രമാണ് ഇനിയുള്ളതെന്നും അന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും മത്സ്യത്തെ കണ്ടെത്തിയതോടെ ഈ ധാരണ തിരുത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ അധികൃതര്‍.

 

ആംഗ്ലര്‍ഫിഷ് എന്ന വിഭാഗത്തില്‍ പെടുന്ന മീനുകളുമായി സാമ്യം പുലര്‍ത്തുന്നവയാണ് സ്പോട്ടഡ് ഹാന്‍ഡ്ഫിഷ്. നടക്കുന്നതു കൂടാതെ തങ്ങളുടെ മുട്ടകള്‍ വൃത്തിയാക്കി വയ്ക്കാനും ഇവ ഈ കൈകള്‍ പോലെയുള്ള ചിറകുകള്‍ ഉപയോഗിക്കും. ലോകത്ത് 14 ഇനം ഹാന്‍ഡ്ഫിഷുകളുണ്ടെന്നു കരുതപ്പെടുന്നു. ഇതില്‍ 7 എണ്ണം ടാസ്മാനിയയിലാണ്.

 

ഇക്കൂട്ടത്തിലൊന്നാണ് സ്പോട്ടഡ് ഹാന്‍ഡ്ഫിഷ്. രാജ്യാന്തര പ്രകൃതിസംരക്ഷണ കൗണ്‍സില്‍ ഗുരുതര വംശനാശഭീഷണി നേരിടുന്നതായി ആദ്യം കണക്കാക്കിയത് സ്പോട്ടഡ് ഹാന്‍ഡ്ഫിഷുകളെയാണ്. ടാസ്മാനിയന്‍ തീരത്തെ ട്രോളിങ്ങാണ് ഈ മീനുകളുടെ ആവാസവ്യവസ്ഥ പ്രധാനമായും നശിപ്പിക്കുന്നത്.

 

 

OTHER SECTIONS