താളംതെറ്റിച്ച് താപനില; ഉരുകിയൊലിച്ച് ആര്‍ട്ടിക്, 2030ഓടെ മഹാസമുദ്രമാകുമെന്ന് ഗവേഷകര്‍

ഉയര്‍ന്നുവരുന്ന താപനിലയും , കാലാവസ്ഥാ വ്യതിയാനവും ഏറെ നാളായി ആര്‍ട്ടിക്കിനെ നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്.

author-image
Greeshma Rakesh
New Update
താളംതെറ്റിച്ച് താപനില; ഉരുകിയൊലിച്ച് ആര്‍ട്ടിക്, 2030ഓടെ മഹാസമുദ്രമാകുമെന്ന് ഗവേഷകര്‍

ധ്രുവപ്രദേശം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്ന ചിത്രം കണ്ണെത്താദൂരത്തോളം മഞ്ഞു മൂടി കിടക്കുന്ന തണുത്തുറഞ്ഞ പ്രദേശമാണ്. പക്ഷെ ഭൂമിയ്ക്ക് സ്വന്തമായ രണ്ട് ധ്രുവപ്രദേശങ്ങളില്‍ ഒന്നിലെ മഞ്ഞ് 2030 ഓടെ പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

2030 ലെ വേനല്‍ക്കാലത്ത് ധ്രുവക്കരടികളും, ചുവന്ന കുറുക്കനും, റെയിന്‍ഡിയറുകളും അലഞ്ഞ് നടന്നിരുന്ന ആര്‍ട്ടിക്കില്‍ 2030 ഓടെ മഞ്ഞുപാളികളുടെ ഒരു കണികപോലും കാണാനാകില്ലെന്നാണ് ഇവരുടെ പ്രവചനം.ഉയര്‍ന്നുവരുന്ന താപനിലയും , കാലാവസ്ഥാ വ്യതിയാനവും ഏറെ നാളായി ആര്‍ട്ടിക്കിനെ നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്.

മാത്രമല്ല വേനല്‍ക്കാലത്ത് ഉരുകിയൊലിച്ച് പോകുന്ന മഞ്ഞുപാളിയുടെ വലിയൊരു ഭാഗം ശൈത്യകാലത്ത് തിരികെ രൂപപ്പെടുന്നില്ല എന്നാതാണ് സത്യം. ഇതോടെ ആര്‍ട്ടിക്കിലെ മഞ്ഞുപാളിയുടെ അളവിനെ സന്തുലനമാക്കിയിരുന്ന ശൈത്യകാലത്തെ മഞ്ഞിന്റെ രൂപപ്പെടല്‍ താളം തെറ്റിയെന്നതാണ് സത്യം.

 

കഴിഞ്ഞകുറച്ചു വര്‍ഷങ്ങളായി ആര്‍ട്ടിക്കിന്റെ ശോഷണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഗവേഷകര്‍ പുറത്ത് വിടുന്നുണ്ടായിരുന്നു. ലോക താപനിലയിലെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് പോകാതെ തടയാനുള്ള വിഥാശൃമങ്ങളില്‍ ചിലരെങ്കിലും വിശ്വാസമര്‍പ്പിച്ചും.

ഇങ്ങനെ താപനിലാ വര്‍ധനവ് തടയുന്നതിലൂടെ ആര്‍ട്ടിക്ക് സംരക്ഷിക്കപ്പെടുമെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനായുള്ള കാലാവസ്ഥാ ഉച്ചകോടികളും അവയിലെ തീരുമാനങ്ങളും നിരന്തരം പരാജയപ്പെട്ടതോടെ ആര്‍ട്ടിക്കിന്റെ അവസാന നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു.

നിലവിലെ കണ്ടെത്തല്‍ അനുസരിച്ച് 2030 ഓടെ ആര്‍ട്ടിക്കിലെ വേനല്‍ക്കാലത്ത് മഞ്ഞ് പൂര്‍ണമായും ഉരുകിയൊളിച്ച് പോകും. എന്നാല്‍ മുന്‍പുള്ള പഠനങ്ങളെല്ലാം സൂചിപ്പിച്ചിരുന്നത് 2040 ഓടെ ഇത് സംഭവിക്കുമെന്നായിരുന്നു. പക്ഷെ ആഗോളതാപനത്തിന്റെ വര്‍ധനവിന്റെ തോത് ക്രമേണ ഉയരുകയാണ്. ഇതോടെയാണ് ആര്‍ട്ടിക്കിലെ മഞ്ഞുരുകലിന്റെ വേഗവും ഓരോ വേനലിലും വര്‍ധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.

കൂടാതെ ആര്‍ട്ടിക്കിലെ വേനലിന്റെയും ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന കാലത്തിന്റെയും ദൈര്‍ഘ്യം വര്‍ധിക്കുകയാണെന്നും ഗവേഷകര്‍ കണ്ടെത്തി.ശൈത്യകാലത്ത് മഞ്ഞ് രൂപപ്പെടുകയും, വേനല്‍ക്കാലത്ത് മഞ്ഞുരുകുകയും ചെയ്യുക എന്നത് ആര്‍ട്ടിക്കിലെ സ്വാഭാവിക പ്രതിഭാസമാണ്.

ഏതാണ്ട് മെയ് മാസത്തോടെ ആരംഭിച്ച് മഞ്ഞുരുകല്‍ ഏറ്റവും രൂക്ഷമായ മഞ്ഞ് അതിന്റെ ഏറ്റവും കുറഞ്ഞ അളവിലെത്തുന്നത് സെപ്റ്റംബറിലാണ്. പിന്നീട് ശൈത്യകാലത്തിന് തുടക്കമാവുകയും മഞ്ഞ് ഉണ്ടാകാന്‍ തുടങ്ങുകയും ക്രമേണ മഞ്ഞ് പാളികളുടെ വിസ്തൃതി വര്‍ധിക്കുകയും ചെയ്യുന്നു.

 

1979 മുതലാണ് ആര്‍ട്ടിക്കിലെ മഞ്ഞിന്റെ അളവിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞത്. ആ വര്‍ഷം മുതല്‍ 2019 വരയുള്ള കണക്കുകള്‍ പരിശോധിച്ച് കൂടിയാണ് ഗവേഷകര്‍ ഈ പഠനം പൂര്‍ത്തിയാക്കിയത്.

മനുഷ്യനിര്‍മിത ആഗോളതാപനവും അത് സൃഷ്ടിച്ച ആഘാതത്തിന്റെയും ഫലമാണ് ആര്‍ട്ടിക്കിലെ മഞ്ഞില്‍ ഈ ശോഷണം ഉണ്ടാകുന്നതെന്ന് സൗത്ത് കൊറിയന്‍ സര്‍വകലാശാലയായ പൊഹാങ്ങിലെ ശാസ്ത്രവിഭാഗം അധ്യാപകനും ഈ പഠനത്തിന് നേതൃത്വം നല്‍കുന്ന ഗവേഷകനുമായ സിയോങ്ങ് കി മിന്‍ നിസംശയം പറയുന്നു.

 

ശൈത്യകാലത്ത് മഞ്ഞ് രൂപപ്പെടുകയും, വേനല്‍ക്കാലത്ത് മഞ്ഞുരുകുകയും ചെയ്യുക എന്നത് ആര്‍ട്ടിക്കിലെ സ്വാഭാവിക പ്രതിഭാസമാണ്. ഏതാണ്ട് മെയ് മാസത്തോടെ ആരംഭിച്ച് മഞ്ഞുരുകല്‍ ഏറ്റവും രൂക്ഷമായ മഞ്ഞ് അതിന്റെ ഏറ്റവും കുറഞ്ഞ അളവിലെത്തുന്നത് സെപ്റ്റംബറിലാണ്. പിന്നീട് ശൈത്യകാലത്തിന് തുടക്കമാവുകയും മഞ്ഞ് ഉണ്ടാകാന്‍ തുടങ്ങുകയും ക്രമേണ മഞ്ഞ് പാളികളുടെ വിസ്തൃതി വര്‍ധിക്കുകയും ചെയ്യുന്നു.

 

നിലവിലെ കണക്കുകള്‍ അനുസരിച്ച് വര്‍ഷത്തില്‍ ഏതാണ്ട് 12.6 ശതമാനം എന്ന തോതിലാണ് ആര്‍ട്ടിക്കില്‍ നിന്ന് മഞ്ഞ് നഷ്ടമാകുന്നത്. മഞ്ഞിന്റെ വിസതൃതി കുറഞ്ഞതോടെ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഏറെയായി ലോകത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ ചൂട് പിടിയ്ക്കുന്ന പ്രദേശമായി കൂടി ആര്‍ട്ടിക് മാറിയിട്ടുണ്ട്. നിലവില്‍ ഭൂമിയിലെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏതാണ്ട് നാല് ഇരട്ടി വേഗതയിലാണ് ആര്‍ട്ടിക് ചൂട് പിടിക്കുന്നത്.

ആര്‍ട്ടിക്കിലെ മഞ്ഞിലുണ്ടായിട്ടുള്ള ഈ കുറവ് ആഗോളതലത്തില്‍ തന്നെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ലോകത്തെ താപവാതത്തിന്റെ എണ്ണം വര്‍ധിക്കുന്നതും, കാട്ടുതീ വലിയ തോതില്‍ പടര്‍ന്ന് പിടിയ്ക്കുന്നതും, ലോകത്തിന്റെ പലഭാഗങ്ങളിലുണ്ടാകുന്ന പേമാരിയും വെള്ളപ്പൊക്കവും എല്ലാം ആര്‍ട്ടിക്കിലെ മഞ്ഞ് പാളികളുടെ ശോഷണത്തിന്റെ അത് വഴിയുണ്ടായ കാലാവസ്ഥാ അസുന്തലിതാവസ്ഥയുടെയും ഫലമാണെന്നാണ് കണ്ടെത്തല്‍.

 

ആര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ വേനല്‍ക്കാലത്ത് ഇല്ലാതാകുന്നതോടെ ഗുണം ലഭിക്കുന്ന ഒരേ ഒരു കാര്യം കപ്പല്‍യാത്രയെ സംബന്ധിച്ചാണ്. യൂറോപ്പിന്റെ വടക്കന്‍ മേഖലയില്‍ കൂടിയുള്ള കപ്പല്‍പാത തുറക്കുന്നതിന് ആര്‍ട്ടിക്കിലെ മഞ്ഞിന്റെ ശോഷണം സഹായിക്കും ഇത് കാനഡ മുതല്‍ റഷ്യവരെയുള്ള വടക്കന്‍ ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന രാജ്യങ്ങള്‍ക്ക് ഗുണകരമാകും.

 

എന്നാല്‍ പാരിസ്ഥിതികമായും, ജൈവവൈവിധ്യപരമായും ഉള്ള നഷ്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കപ്പല്‍പ്പാത ലഭിക്കുന്നത് ഒരു നേട്ടമായി കണക്കാക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. മാത്രമല്ല കടലിലെ തിമിംഗലങ്ങള്‍ മുതല്‍ ധ്രുവക്കരടികള്‍ വരെയുള്ള ജീവികളുടെ ജീവിതത്തെ ഇത് വലിയ രീതിയില്‍ ബാധിക്കുകയും അവയുടെ അതിജീവനം പ്രതിസന്ധിയിലാക്കാനും ആര്‍ട്ടിക്കിലെ ഈ മഞ്ഞിന്റെ ശോഷണം ഇടയാക്കും എന്നതാണ് സത്യം.

Temperature Rise Climate Arctic Arctic Ocean