ഒന്നേമുക്കാല്‍ വര്‍ഷം നീണ്ടു നിന്ന ഒരു യാത്ര; ആനകളുടെ യാത്ര

By Lekshmi.29 05 2023

imran-azhar

 

ചൈന: കോവിഡും ലോക്ഡൗണുകളുമൊക്കെ ലോക ജനജീവിതം പ്രതിസന്ധിയിലാക്കിയ 2020 കാലയളവിലാണ് ചൈനയില്‍ നിന്നൊരു ആനകളുടെ യാത്ര ലോകശ്രദ്ധ നേടിയത്. ഒന്നേമുക്കാല്‍ വര്‍ഷം നീണ്ടു നിന്ന ആ യാത്ര ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇടം പിടിച്ചു.

 

2020 മാര്‍ച്ചിലാണ് ചൈനയിലെ സിഷ്വങ്ബന്ന വന്യജീവിസങ്കേതത്തില്‍ നിന്ന് 16 അംഗ ആന സംഘം യാത്ര തിരിച്ചത്. പലരും പല കാരണങ്ങള്‍ ഈ യാത്രയ്ക്ക് കാരണമായി ഉന്നയിച്ചത്. ഏതായാലും യാഥാര്‍ഥ കാരണം ആനകള്‍ക്കു മാത്രമേ അറിയൂ.

 

സിഷ്വങ്ബന്നയില്‍ നിന്ന് തൊട്ടടുത്തുള്ള പ്രദേശമായ പ്യൂയറിലെത്തിയപ്പോള്‍ കൂട്ടത്തിലുള്ള രണ്ടാനകള്‍ തിരിച്ചു സിഷ്വങ്ബന്നയിലേക്കു തന്നെ പോയി. അതോടെ ആനകളുടെ എണ്ണം 13 ആയി മാറി. അതിനുശേഷം ഒരാന കൂട്ടം തെറ്റി പോവുകയും പുതുതായി ഒരാനക്കുട്ടി ജനിക്കുകയും ചെയ്തു. അങ്ങനെ ആകെ മൊത്തം 14 ആനകളായി ഇവര്‍ തിരികെയുള്ള യാത്ര തുടങ്ങി.

 

കൂട്ടം തെറ്റിപ്പോയ ആന ഇടയ്ക്ക് അക്രമാസക്തനായതോടെ മയക്കുവെടിവച്ച് സിഷ്വങ്ബന്നയില്‍ തിരിച്ചെത്തിച്ചെന്ന് അധികൃതര്‍ പറയുന്നു. ഒന്നരലക്ഷം പേരെയാണ് ഈ ആനസവാരിക്കുവേണ്ടി മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വഴിയരികില്‍ കൃഷിയിടങ്ങളൊക്കെ നശിപ്പിച്ച് ഇവര്‍ ഭക്ഷണം കണ്ടെത്തി. വീടുകളില്‍ മുട്ടിവിളിച്ചു. കുളങ്ങളിലും ജലാശയങ്ങളിലുമൊക്കെയിറങ്ങി കുളിച്ചു. ചെളിവാരിയെറിഞ്ഞു അവര്‍ ഈ യാത്ര ആഘോഷമാക്കി.

 

ഏഴുകോടി രൂപയുടെ കാര്‍ഷികവും അല്ലാത്തതുമായ നഷ്ടങ്ങളാണ് ഇവരുടെ യാത്ര മൂലമുണ്ടായത്. ചൈനയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നാലരക്കോടി രൂപയോളം നഷ്ടവും ഉണ്ടായി.

 

രാജ്യാന്തര പ്രശസ്തി കൈവരിച്ച ആനകളുടെ യാത്ര സുരക്ഷിതമാക്കാന്‍ 25,000 പൊലീസ് ഉദ്യോഗസ്ഥരെയും 1500 വാഹനങ്ങളെയും ചൈനീസ് അധികൃതര്‍ക്ക് ഏര്‍പ്പെടുത്തേണ്ടി വന്നു. ആനകള്‍ക്കായി ഭക്ഷണമൊരുക്കാനും സര്‍ക്കാര്‍ മുന്നിലുണ്ടായിരുന്നു. കരിമ്പും കടച്ചക്കയും മറ്റുപഴങ്ങളുമൊക്കെ ഇവര്‍ പോയ വഴികളില്‍ അവര്‍ വിതറി. ആനകളെ നിരീക്ഷിക്കാനായി ഡ്രോണുകള്‍ ഏര്‍പ്പെടുത്തി.

 

ഇതെല്ലാം ലൈവ്‌സ്ട്രീമില്‍ കാണാനായി ലോകമെമ്പാടും കോടിക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. കുന്‍മിങ്ങിനു സമീപം കൂട്ടമായി ആനകള്‍ കിടന്നുറങ്ങുന്ന ചിത്രവും കാനയില്‍ വീണ കുട്ടിയാനയെ മുതിര്‍ന്നവര്‍ രക്ഷിക്കുന്ന രംഗവും, ഇടയ്ക്ക് തളര്‍ന്നു വീണ ഒരു ചെറുപ്പക്കാരന്‍ ആനയ്ക്കായി കാത്തുനിന്ന് ചിന്നം വിളിച്ചു പ്രോത്സാഹിക്കുന്നതുമൊക്കെ ആളുകളുടെ മനം കവര്‍ന്നു. 2021 ഡിസംബറോടെയാണ് ആനകളെല്ലാവരും ദീര്‍ഘയാത്ര മതിയാക്കി സിഷ്വങ്ബന്നയില്‍ തിരികെയെത്തിയത്.

 

OTHER SECTIONS