നദിയില്‍ കണ്ണെത്താ ദൂരത്തോളം ചത്തു പൊങ്ങിയ മീനുകള്‍; ഭയാനകമായ കാഴ്ച

ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്തുവരുന്നത് ഭയപ്പെടുത്തുന്ന ചില ചിത്രങ്ങളാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രകൃതി സ്‌നേഹികളുടെയും ഉറക്കം കെടുത്തുകയാണ് ഈ ചിത്രങ്ങള്‍.

author-image
Priya
New Update
നദിയില്‍ കണ്ണെത്താ ദൂരത്തോളം ചത്തു പൊങ്ങിയ മീനുകള്‍; ഭയാനകമായ കാഴ്ച

ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്തുവരുന്നത് ഭയപ്പെടുത്തുന്ന ചില ചിത്രങ്ങളാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രകൃതി സ്‌നേഹികളുടെയും ഉറക്കം കെടുത്തുകയാണ് ഈ ചിത്രങ്ങള്‍.

ഓസ്‌ട്രേലിയയില്‍ സിഡ്‌നിയിലെ മെനിന്‍ഡീ എന്ന ചെറു പട്ടണത്തിലെ ഡാര്‍ലിങ് നദിയില്‍ ദശലക്ഷക്കണക്കിന് മീനുകള്‍ ചത്തു പൊങ്ങിയ കാഴ്ചയാണിത്.

താപതരംഗമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ഗവേഷകരുടെ നിഗമനം.2018 മുതല്‍ ഇങ്ങോട്ട് ഇത് മൂന്നാം തവണയാണ് ഡാര്‍ലിങ് നദിയില്‍ മീനുകള്‍ ഇത്തരത്തില്‍ കൂട്ടമായി ചത്തുപൊങ്ങുന്നത്.

എന്നാല്‍ ഇത്രയും അധികം മീനുകള്‍ ചത്തു പൊങ്ങുന്നത് ഇത് ആദ്യമാണ്. വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്ത അത്രയും ഭയാനകമായ കാഴ്ചയാണ് എന്നാണ് പ്രദേശവാസികള്‍ ഈ സംഭവത്തെക്കുറിച്ച് പറയുന്നത്.

ജഡങ്ങളില്‍ ഭൂരിഭാഗവും അഴുകി തുടങ്ങിയിട്ടുള്ളതിനാല്‍ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. ഈ അവസ്ഥ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം അളക്കാന്‍ കഴിയാത്ത അത്രയും വലുതാണെന്ന് ഗവേഷകരും പറയുന്നു.

അടുത്തിടെ വെള്ളപ്പൊക്കങ്ങളുണ്ടായതിനെ തുടര്‍ന്ന് നദിയില്‍ ബോണി ഹെറിങ്, കാര്‍പ്പ് തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളുടെ എണ്ണം വര്‍ധിച്ചിരുന്നു.

എന്നാല്‍ നദിയില്‍ നിന്ന് പ്രളയ ജലം പിന്‍വാങ്ങി തുടങ്ങിയതോടെ ഈ മീനുകളെല്ലാം ചത്ത് പൊങ്ങുകയാണ്.നദിയിലെ ജലത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതാണ് മീനുകളുടെ നിലനില്‍പിന് ഭീഷണിയായി മാറിയിരിക്കുന്നത്.

നിലവില്‍ ഈ മേഖലയില്‍ കൊടുംചൂടാണ്. ശക്തമായ താപതരംഗം സ്ഥിതിഗതികള്‍ വഷളാക്കുന്നതായി ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ചൂടുകാലത്ത് മീനുകള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമാണ്. എന്നാല്‍ താപതരംഗത്തെ തുടര്‍ന്ന് നദിയിലെ വെള്ളം ചൂടായാല്‍ അതില്‍ ഓക്‌സിജന്റെ ലഭിക്കുന്നത് കുറയും.

ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ കഴിയാതെ ശ്വാസം കിട്ടാതെ അവയുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്യും.വരള്‍ച്ചയെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളില്‍ നദിയിലെ ജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞപ്പോഴും മീനുകള്‍ ചത്തുപോകുന്ന അവസ്ഥയുണ്ടായിരുന്നു.

ഇതിനുപുറമേ നദിയിലെ 40 കിലോമീറ്ററോളം ദൂരം വരുന്ന പ്രദേശത്ത് വിഷാംശമടങ്ങിയ പായലിന്റെ സാന്നിധ്യമുണ്ടായപ്പോഴും മീനുകള്‍ കൂട്ടമായി ചത്തുപൊങ്ങിയിരുന്നു.

ഇത്തരത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ മീനുകള്‍ കൂട്ടമായി ചത്തുപൊങ്ങാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ 2019 ല്‍ തന്നെ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ കിലോമീറ്ററുകളോളം ദൂരം മീനുകളുടെ ജഡങ്ങള്‍ അടിഞ്ഞ് ജലം കാണാന്‍ ആവാത്ത നിലയിലാണ്.

australia fish