എവറസ്റ്റില്‍ കുമിഞ്ഞ്കൂടി മാലിന്യം; ഉപേക്ഷിക്കുന്നത് വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍

By Greeshma Rakesh.31 05 2023

imran-azhar

ഇന്ന് ലോകം നേരിടേണ്ടി വരുന്ന പ്രകൃതിദുരന്തങ്ങള്‍ക്കും കാരണം മനുഷ്യരുടെ പ്രവര്‍ത്തികളാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയില്ല. അതിനു ഉദാഹരണങ്ങളും ഏറെയാണ്. അത്തരത്തില്‍ മനുഷ്യര്‍ ഭൂമിയില്‍ സൃഷ്ടിക്കുന്ന മാലിന്യ ദുരന്തം ലോകത്തെ ഓരോ നിമിഷവും നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. മൗണ്ട് എവറസ്റ്റില്‍ നിന്നും പുറത്തു വരുന്ന ദൃശ്യങ്ങളാണ് സ്ഥിതിഗതികള്‍ എത്രത്തോളം രൂക്ഷമാണെന്ന് തുറന്നുകാട്ടുന്നത്.

 

 

സാഹസികതയും പര്‍വതാരോഹണവും ഇഷ്ടപ്പെട്ട് എവറസ്റ്റ് കീഴടക്കാന്‍ ഇറങ്ങി പുറപ്പെടുന്നവരുടെ എണ്ണം പെരുകുന്നത് അനുസരിച്ച് എവറസ്റ്റില്‍ മാലിന്യത്തിന്റെ അളവും വര്‍ധിച്ചു വരികയാണ്. പതിറ്റാണ്ടുകളായി ഇത്തരത്തില്‍ ഇവിടെയെത്തുന്നവര്‍ ഉപേക്ഷിച്ചു കളയുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ എവറസ്റ്റിന് തീരാപ്രശ്‌നമായി ഇതിനോടകം തന്നെ മാറികഴിഞ്ഞു.

 

ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയാണ് മാലിന്യ പ്രശ്‌നത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്നത്. പര്‍വതത്തിലെ ഒരു ക്യാമ്പില്‍ ചപ്പുചവറുകളും ഉപേക്ഷിക്കപ്പെട്ട ടെന്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കുന്നുകൂടി കിടക്കുന്ന കാഴ്ചയാണ് ദൃശ്യത്തിലുള്ളത്.

 

സമുദ്രനിരപ്പില്‍ നിന്നും നിന്നും 8848.86 ഉയരത്തിലുള്ള ക്യാമ്പ് നാലില്‍ നിന്നും പകര്‍ത്തിയിരിക്കുന്ന ദൃശ്യമാണിത്. ഇത്രയധികം മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണെന്നും അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ദൃശ്യത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

 


എവറസ്റ്റ് ടുഡേ എന്ന പേജിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ശക്തമായ നിയന്ത്രണങ്ങള്‍ നിലവില്‍ വരുത്താനും പരിസ്ഥിതി സൗഹൃദപരമായി പര്‍വതാരോഹണം നടത്തുന്നതിനെക്കുറിച്ച് അവബോധം നല്‍കാനും കൃത്യമായി മാലിന്യ സംസ്‌കരണം നടത്താനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാനും ആവശ്യപ്പെടണമെന്നും കുറിപ്പിലുണ്ട്.

 

നാഷണല്‍ ജോഗ്രഫിക്കിന്റെ കണക്കുകള്‍ പ്രകാരം പര്‍വതാരോഹണത്തിന് എത്തുന്ന ഓരോ വ്യക്തികളും ഭക്ഷണ മാലിന്യങ്ങള്‍, ടെന്റുകള്‍, ഒഴിഞ്ഞ ഓക്‌സിജന്‍ ടാങ്കുകള്‍ തുടങ്ങി വിസര്‍ജ്യങ്ങളടക്കം ശരാശരി എട്ടു കിലോഗ്രാമിനടുത്ത് മാലിന്യം എവറസ്റ്റില്‍ ഉപേക്ഷിക്കുന്നുണ്ട്.

 

കൊടുമുടി കയറുന്നതിന്റെ ക്ഷീണവും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം കാരണമാണ് പലരും ഭാരമേറിയ ടെന്റുകളും മറ്റും താഴ്വാരത്തേക്ക് ചുമക്കാന്‍ കൂട്ടാക്കാത്തത്. എന്തായാലും ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിഷയം ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി പര്‍വതാരോഹകരും ഭരണകൂടങ്ങളും പ്രവര്‍ത്തിക്കണമെന്നാണ് ഭൂരിഭാഗം ആളുകളും ആവശ്യപ്പെടുന്നത്.ഇത് സാഹസികതയായി കാണാനാവില്ലെന്നും മാനസിക സന്തോഷത്തിന്റെ പേരില്‍ മനുഷ്യര്‍ തോന്നുന്നതുപോലെ പ്രവര്‍ത്തിക്കുന്ന പ്രവണത ശരിയല്ലെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.

 

ഭൂമിയുടെ മനോഹാരിതയും ശുദ്ധ വായുവും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ അവ ലഭ്യമാകുന്ന ഇടങ്ങള്‍ തന്നെ ഇത്തരത്തില്‍ മലിനമാക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇതില്‍പരം ആപത്ത് ഭൂമിക്ക് വരുത്തിവയ്ക്കാനില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. സമുദ്രമാകെ മാലിന്യംകൊണ്ട് നിറച്ച മനുഷ്യര്‍ കൊടുമുടികളെ പോലും വെറുതെ വിടുന്നില്ലെന്നത് ഞെട്ടലോടെയാണ് മറ്റു ചിലര്‍ നോക്കിക്കാണുന്നത്.

OTHER SECTIONS