മഞ്ഞുപാളി പൂവ്: ചൈനയില്‍ അത്ഭുത കാഴ്ച

തണുത്തുറഞ്ഞ നദിയില്‍ രൂപപ്പെട്ട മഞ്ഞുപാളിയുടെ രൂപമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തടാകത്തിന്റെ വശങ്ങളിലായി രൂപപ്പെട്ട നേര്‍ത്ത മഞ്ഞുപാളി പൂവിന്റെ രൂപത്തിലാണ് കാണപ്പെട്ടത്.

author-image
Web Desk
New Update
മഞ്ഞുപാളി പൂവ്: ചൈനയില്‍ അത്ഭുത കാഴ്ച

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളെല്ലാം അതിശൈത്യത്തിന്റെ പിടിയിലായിരിക്കുകയാണ്.ശൈത്യം കനക്കുമ്പോള്‍ ജലാശയങ്ങളും മറ്റും തണുത്തുറയുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഇത്തരം ജലാശയങ്ങളുടെ ചിത്രവും ദൃശ്യവുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

 

തണുത്തുറഞ്ഞ നദിയില്‍ രൂപപ്പെട്ട മഞ്ഞുപാളിയുടെ രൂപമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തടാകത്തിന്റെ വശങ്ങളിലായി രൂപപ്പെട്ട നേര്‍ത്ത മഞ്ഞുപാളി പൂവിന്റെ രൂപത്തിലാണ് കാണപ്പെട്ടത്.

ആരോ കൊത്തിവച്ചതുപോലെ മനോഹരമായ രൂപത്തിലാണ് പൂവ്.വടക്കുകിഴക്കന്‍ ചൈനയിലെ സോങ്ഹുവാ നദിയിലാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ് കാണപ്പെട്ടത്.

നോര്‍വെയുടെ മുന്‍ നയതന്ത്ര പ്രതിനിധിയായ എറിക് സോല്‍ഹീം ആണ് മനോഹരമായ ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. മഞ്ഞുപാളികളില്‍ തട്ടി സൂര്യപ്രകാശം പ്രതിഫലിക്കുന്നതും ചിത്രത്തില്‍ കാണാം.

കാലവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരം 'ഐസ് ഫ്ലവേഴ്സ്' രൂപപ്പെടാന്‍ കാരണം.ഇത്തരത്തിലുള്ള 'ഐസ് ഫ്ലവേഴ്സ്' സാധാരണ കുറ്റിച്ചെടികളിലും മറ്റുമാണ് കാണാറുള്ളത്.

ഇതില്‍ നിന്ന് വ്യത്യസ്തമായി തടാകത്തില്‍ കാണപ്പെട്ടതാണ് ഈ പൂവിനെ വ്യത്യസ്തമാക്കിയത്. പ്രകൃതിയൊരുക്കിയ വിസ്മയക്കാഴ്ച എന്നാണ് ചിത്രം കണ്ടവര്‍ ഇതിനെ വിശേശിപ്പിച്ചത്.

കഴിഞ്ഞ ആഴ്ച സ്‌കോട്‌ലന്‍ഡിലെ നദിയില്‍ പ്രത്യക്ഷമായ പൊറോട്ട പോലെയുള്ള എസ് പാളികളും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

നദിയുടെ മുകളില്‍ വലിയ പൊറോട്ടകള്‍ പോലെ ഒഴുകി നടക്കുന്ന ഐസ് പാളികള്‍ ഐസ് പാന്‍കേക്ക്സ് എന്നറിയപ്പെടുന്ന പ്രതിഭാസമായിരുന്നു.

സ്‌കോട്‌ലന്‍ഡ് ഉള്‍പ്പെടുന്ന ബ്രിട്ടനിലെ താപനില പെട്ടന്ന് ഇടിഞ്ഞതോടെയാണ് സംഭവം. സ്‌കോട്‌ലന്‍ഡിലെ വിഗ്ടണ്‍ഷറിലുള്ള ബ്ലാഡ്നോച്ച് എന്ന നദിയിലാണു വിചിത്ര പ്രതിഭാസം ഉടലെടുത്തത്.

വളരെ അപൂര്‍വമായി സംഭവിക്കുന്ന ഘടനകളാണ് ഐസ് പാന്‍കേക്കുകളെന്നും വളരെ തണുപ്പുള്ള കടലിലും തടാകങ്ങളിലും നദികളിലുമാണ് ഇവയുണ്ടാകുകയെന്നും ബ്രിട്ടന്റെ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ഉത്തരധ്രുവമേഖലയോടു ചേര്‍ന്ന ആര്‍ക്ടിക് സമുദ്രത്തില്‍ ഇടയ്ക്കിടെ ഇത്തരം ഐസ് പാന്‍കേക്കുകള്‍ ഉണ്ടാകാറുണ്ട്.ഇതുവളരെ പ്രശസ്തവുമാണ്. ജലോപരിതലത്തില്‍ ഉണ്ടാകുന്ന എഡ്ഡി എന്ന കറങ്ങുന്ന തരംഗങ്ങളാണ് ഈ ഘടനയ്ക്ക് വഴിവയ്ക്കുന്നത്.

ഈ തരംഗങ്ങളില്‍ പെട്ട് ജലാശയങ്ങളിലെ പത കറങ്ങുകയും ഇവ ഐസ് പാന്‍കേക്കുകളെ സൃഷ്ടിക്കുകയും ചെയ്യും. 20 സെന്റിമീറ്റര്‍ മുതല്‍ 200 സെന്റിമീറ്റര്‍ വരെ വ്യാസത്തില്‍ ഇവ രൂപപ്പെടാറുണ്ട്. കട്ടിയേറിയ ഡിസ്‌കുകള്‍ പോലെ തോന്നിക്കുമെങ്കിലും കൈയിലെടുത്താല്‍ ഇവ മുറിഞ്ഞുനശിക്കാറുമുണ്ട്.

ice flower