
ചത്തീസ്ഗഢ്: ചത്തീസ്ഗഢിലെ ജഗദല്‍പുര്‍ വനമേഖലയില്‍ ലോകത്തിലെ ഏറ്റവും ചെറിയ മാനായ ഇന്ത്യന്‍ മൗസ് ഡിയറിന്റെ (കൂരമാന്‍) സാന്നിധ്യം. കാംഗര്‍ വാലി നാഷണല്‍ പാര്‍ക്കിലാണ് സാന്നിധ്യം സ്ഥിരീകരിച്ചത്. വനമേഖലയില്‍ സ്ഥാപിച്ച ക്യാമറയിലാണ് മാനിനെ കണ്ടത്. ഇന്ത്യയിലും ശ്രീലങ്കയിലും നേപ്പാളിലുമാണ് പ്രധാനമായും ഇവയെ കാണാന്‍ കഴിയുക. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം ലീസ്റ്റ് കണ്‍സേണ്‍ വിഭാഗത്തിലാണിവര്‍ ഉള്‍പ്പെടുക.
രാത്രിയില്‍ സജീവമാകുന്ന ഇക്കൂട്ടരുടെ പ്രധാന ആവാസവ്യവസ്ഥ നനവുള്ളതും ഇടതൂര്‍ന്നതുമായ വനമേഖലയാണ്. അനുയോജ്യമായ ആവാസവ്യവസ്ഥയും കാംഗര്‍ വാലി നാഷണല്‍ പാര്‍ക്കിലെ അധികൃതര്‍ സ്വീകരിച്ച സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായും പാര്‍ക്ക് അപൂര്‍വയിനം ജീവികള്‍ക്ക് അനുയോജ്യമായ കാലാവസ്ഥാ പ്രദാനം ചെയ്യുന്നുവെന്നാണ് പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്ത്യന്‍ മൗസ് ഡിയറുകള്‍ക്ക് വേണ്ടി പാര്‍ക്ക് അധികൃതര്‍ നടത്തിയ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്തുവെന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വന്യജീവികളുടെ എണ്ണം പ്രദേശത്ത് കൂടാനുള്ള പ്രധാന കാരണമായി. പ്രദേശവാസികളായ യുവാക്കളുടെയും ഗ്രാമവാസികളുടെയും സഹകരണത്തോടെയാണ് പ്രദേശത്ത് വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.