By Greeshma Rakesh.26 05 2023
സമുദ്രജീവികളില്‍ ഏറ്റവും അപകടകാരികളായ ഒന്നാണ് ഓര്‍ക്ക തിമിംഗലങ്ങള്‍ അഥവാ കൊലയാളി തിമിംഗലങ്ങള്‍. ശക്തിയിലും ബുദ്ധിയിലും ഇവര്‍ ഒട്ടും പിന്നിലല്ല. കൂട്ടം ചേര്‍ന്ന് ഇരയെയോ എതിരാളികളെയോ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നാന്‍ ഇവയ്ക്ക് നിശ്പ്രയാസം സാധിക്കും.
അത്തരത്തില്‍ കണ്‍മുന്നില്‍ കിട്ടിയ ഗ്രേ വെയില്‍ വിഭാഗത്തില്‍പ്പെട്ട ഒരു തിമിംഗല കുഞ്ഞിനെ കൂട്ടംചേര്‍ന്ന് ആക്രമിക്കുന്ന ഓര്‍ക്ക തിമിംഗലങ്ങളുടെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഓറിഗണിന് സമീപമുള്ള സമുദ്രത്തില്‍ നിന്നാണ് നേച്ചര്‍ ഫൊട്ടോഗ്രാഫറായ ജാക്ലിന്‍ ലാര്‍സണ്‍ ഈ ദൃശ്യം പകര്‍ത്തിയത്.
അപകടകാരികളായ ഓര്‍ക്ക തിമിംഗലക്കൂട്ടത്തില്‍ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ അമ്മ തിമിംഗലം ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. അഞ്ചിലധികം ഓര്‍ക്ക തിമിംഗലങ്ങള്‍ ഒന്നിച്ച് നീങ്ങുന്നത് കണ്ടാണ് ജാക്ക്‌ലിന്‍ ശ്രദ്ധിച്ചത്. ഒരേ രീതിയില്‍ അവ നീങ്ങുന്നതും വെള്ളം തെറിപ്പിക്കുന്നതുമെല്ലാം കണ്ട് ആദ്യം എന്താണ് സംഭവിക്കുന്നത് എന്ന് ജാക്ലിന് മനസ്സിലായിരുന്നില്ല. പിന്നീടാണ് അവയ്ക്കരികിലായി ഗ്രേ തിമിംഗലത്തിനെയും കുഞ്ഞിനെയും കണ്ടത്. തിമിംഗല കുഞ്ഞിനെ ആക്രമിക്കാനായി ഓര്‍ക്കാതിമിംഗലങ്ങള്‍ വട്ടം കൂടുകയായിരുന്നു.
ഡ്രോണ്‍ ഉപയോഗിച്ചാണ് ജാക്ലിന്‍ ഈ ദൃശ്യം പകര്‍ത്തിയത്. കൊലയാളി തിമിംഗലങ്ങള്‍ ഒരോ തവണ അടുക്കുമ്പോഴും കുഞ്ഞിനെ രക്ഷിക്കാനായി അമ്മത്തിമിംഗലം പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഭാവമില്ലാതെ ഒരേ ചലനങ്ങളോടെ ഓര്‍ക്ക തിമിംഗലങ്ങള്‍ അവയ്ക്ക് ചുറ്റും തന്നെ നീന്തിക്കൊണ്ടിരുന്നു. മൂന്നു മണിക്കൂറിലേറെ നേരം തന്റെ കുഞ്ഞിനെ രക്ഷിക്കാനായി അമ്മ തിമിംഗലം പോരാടി.
കുഞ്ഞിനും ഓര്‍ക്ക തിമിംഗലങ്ങള്‍ക്കും ഇടയില്‍ നിലകൊള്ളാനായിരുന്നു അമ്മ തിമിംഗലത്തിന്റെ ശ്രമം. എന്നാല്‍ വലുപ്പത്തില്‍ ഓര്‍ക്ക തിമിംഗലങ്ങളെക്കാള്‍ വലുതാണെങ്കിലും ഒടുവില്‍ അതിന് തോല്‍വി സമ്മതിക്കേണ്ടി വന്നു. കൊലയാളി തിമിംഗലങ്ങളുടെ പ്രഹരമേറ്റ് പിടിച്ചുനില്‍ക്കാനാവാതെയാണ് തിമിംഗല കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടത്.
എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ട ശേഷം അതിന്റെ ജഡം സംരക്ഷിക്കാനായിരുന്നു അമ്മ തിമിംഗലത്തിന്റെ ശ്രമം. എന്നിട്ടും പിന്മാറാന്‍ തയാറാകാതെ ഓര്‍ക്ക തിമിംഗലങ്ങള്‍ അമ്മ തിമിംഗലത്തെ തടയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.ഇതിനിടെ അമ്മ തിമിംഗലത്തിനും പരിക്കുപറ്റിയരുന്നു. ഇരുട്ട് വ്യാപിച്ചു തുടങ്ങിയതോടെയാണ് ഒടുവില്‍ മറ്റു മാര്‍ഗമില്ലെന്ന് മനസ്സിലാക്കി അമ്മ തിമിംഗലം മടങ്ങിയത്.
ഈ കാഴ്ച കണ്ട് ഏറെ വിഷമം തോന്നിയെങ്കിലും സമുദ്രജീവികള്‍ക്ക് ഭക്ഷണം തേടാന്‍ മറ്റു മാര്‍ഗമില്ലെന്ന തിരിച്ചറിവിലാണ് താന്‍ സമാധാനിച്ചതെന്ന് ജാക്ലിന്‍ പറയുന്നു. ജാക്ലിന്‍ തന്നെയാണ് ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. പ്രകൃതിയിലെ വൈവിധ്യങ്ങളും അദ്ഭുതങ്ങളും ജീവികളിലെ ആക്രമണ മനോഭാവവും എത്തരത്തിലാണെന്നത് കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജാക്ലിന്‍ വിശദീകരിച്ചു.