/kalakaumudi/media/post_banners/bfc4e1040063e8dc3da6d0ab5428e447cbfae49b6e6f923857298e2a68f73eb9.jpg)
പൊതുവെ എലികള്‍ ആണല്ലോ പൂച്ചയെ പേടിച്ച് മാളത്തില്‍ ഒളിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ട്വിറ്ററിലെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന് കാരണം മറ്റൊന്നുമല്ല വീഡിയോയില്‍ ഒരു എലിയെ പേടിച്ച് പരക്കം പാഞ്ഞ് ഓടുന്ന പൂച്ചയെയാണ് കാണാന്‍ സാധിക്കുന്നത്.
ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണുകളില്‍ കാണുന്നതിന് സമാനമായുള്ള പൂച്ചയും എലിയും തമ്മിലുള്ള ഈ പോരാട്ടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.ഡോ ഷോക്കത്ത് ഷാ എന്നയാളാണ് ഈ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഹോട്ടലുകളിലെ അടുക്കളയോട് സാമ്യമുള്ള ഒരു സ്ഥലത്താണ് എലിയും പൂച്ചയും തമ്മിലുള്ള പോരാട്ടം. മുറിയുടെ ഒരു മൂലയ്ക്കായി ഇരിക്കുന്ന പൂച്ചയുടെ അരികിലേക്ക് പെട്ടെന്ന് ഒരു എലി വരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
എലിയെ കണ്ടമാത്രെ അതിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനു പകരം പാവം പൂച്ച പേടിച്ച് ഓടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അത്ര വേഗത്തില്‍ പിന്മാറാന്‍ എലി തയ്യാറാകുന്നില്ല. അത് പേടിച്ചോടുന്ന പൂച്ചയെ പിന്തുടരുന്നു. അതെ സമയം തനിക്ക് പിന്നാലെ എലിയുണ്ടെന്ന് മനസ്സിലാക്കിയതോടെ പൂച്ച ഓട്ടത്തിന്റെ വേഗത കൂട്ടുന്നു. ഇതിനിടയില്‍ തിരിഞ്ഞുനിന്ന് എലിയെ ഭയപ്പെടുത്താനായി ശ്രമിക്കുന്നുണ്ടെങ്കിലും എലി ഒരടിപോലും പിന്നോട്ട് മാറുന്നില്ല. ഇതിനിടയില്‍ പൂച്ചയുടെ കാലില്‍ കടിക്കാനും എലി ശ്രമിക്കുന്നുണ്ട്.
വീഡിയോ വൈറല്‍ ആയതോടെ നിരവധി ആളുകളാണ് ഈ രസകരമായ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. പൂച്ചയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതായിരുന്നു പലരുടെയും കമന്റുകള്‍.
കൂട്ടത്തില്‍ പൂച്ചയെ പേടിപ്പിച്ച് വശം കെടുത്തിയ എലിയെ വാനോളം പുകഴ്ത്തുന്നവരുമുണ്ട്. റിയല്‍ ടോം ആന്‍ഡ് ജെറി എന്നായിരുന്നു ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഏതായാലും ലക്ഷക്കണക്കിനാളുകള്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടത്.