/kalakaumudi/media/post_banners/2aed37ebd4fc2164c759181ebbe592dd36cdff99caf6d9eeba48f75394c88dc8.jpg)
ഇടുക്കിയിലെ ചിന്നക്കനാല്‍, ആനയിറങ്കല്‍, സൂര്യനെല്ലി, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ ആശങ്ക നിറച്ച അരിക്കൊമ്പന്‍ എന്ന കാട്ടാനയെ അറിയാത്തവര്‍ ആരുമില്ല. വാര്‍ത്തകളിലുള്‍പ്പെടെ ഇടംനേടിയ അരിക്കൊമ്പന്‍ നിലവില്‍ തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടന്തുറൈ ടൈഗര്‍ റിസര്‍വില്‍ മുതുകുഴി, കോതയാര്‍ ഭാഗത്ത് ആണ് ഉള്ളത്.
അക്രമാസക്തനായ ആനയെ വനംവകുപ്പ് ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് വിട്ടപ്പോള്‍ ആനപോയത് തമിഴ്‌നാട്ടിലേക്കാണ്. തുടര്‍ന്ന് കമ്പം മേഖലയില്‍ ഭീതിനിറച്ചതോടെ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ പിടിച്ച് കളക്കാട് വിടുകയായിരുന്നു.അരിക്കൊമ്പന്‍ പോയതിന്റെ ആശ്വാസത്തിലായിരുന്നു ചിന്നക്കനാല്‍ മേഖലയിലെ കര്‍ഷകരും നാട്ടുകാരും.
എന്നാല്‍ ആശ്വാസത്തിന് അധികം ആയുസ് ഇല്ലെന്നതാണ് സത്യം. കാരണം പടയപ്പയാണ്.മൂന്നാറിലെ വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ട കാട്ടാന പടയപ്പ ഇപ്പോള്‍ ശാന്തസ്വഭാവത്തില്‍ നിന്നും മാറി അക്രമാസക്തനായിരിക്കുകയാണ്. അതും അരിക്കൊമ്പനെ പോലെ. അരിക്കൊമ്പന്‍ റേഷന്‍കടകള്‍ തകര്‍ത്താണ് അരി അകത്താക്കിയിരുന്നതെങ്കില്‍ പടയപ്പ വീടുകള്‍ തകര്‍ത്താണ് അരി മോഷ്ടിക്കുകയാണ്.
പാമ്പന്‍മലയിലും ചട്ടമുന്നാറിലുമായുള്ള വനാതിര്‍ത്തികളിലാണ് പടയപ്പയുടെ വാസം. ഇടയ്‌ക്കൊക്കെ ജനവാസമേഖലയില്‍ ഇറങ്ങാറുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ പടയപ്പ അരിക്കൊമ്പനെ പോലെ പെരുമാറാന്‍ തുടങ്ങി.
മൂന്നാറിലെ പാമ്പന്‍മലയില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനുള്ളില്‍ കയറിയ പടയപ്പ രാജേന്ദ്രന്‍, കറുപ്പസ്വാമി എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ത്ത് ഒരുചാക്ക് അരി പുറത്തേക്കിട്ട് തിന്നുകയായിരുന്നു. സംഭവസമയത്ത് കറുപ്പസ്വാമിയുടെ വീട്ടില്‍ 6 പേരുണ്ടായിരുന്നു. രാജേന്ദ്രനും കുടുംബവും സ്ഥലത്തില്ലായിരുന്നു. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണു തൊഴിലാളികള്‍ കൊമ്പനെ തുരത്തിയത്.
1999ല്‍ രജനീകാന്തിന്റെ പടയപ്പ സിനിമ പുറത്തിറങ്ങിയതോടെയാണ് കാട്ടാനയ്ക്ക് പടയപ്പ എന്ന് പേരിട്ടത്. പടയപ്പയുടെ തലയെടുപ്പും ഗാംഭീര്യവും ശാന്തസ്വഭാവവുമാണ് ഈ പേര് വീഴുന്നതിന് കാരണമായത്. അരി തിന്നുനടക്കുന്നതിനാല്‍ ഇനി പടയപ്പയെ 'അരിയപ്പ'എന്ന് വിളിക്കേണ്ടിവരുമോ എന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ കാര്യമായി തന്നെ നടക്കുന്നുണ്ട്.