പാമ്പുകടിയേറ്റുള്ള മരണം; 80 ശതമാനവും ഇന്ത്യയിലെന്ന് പഠനം; ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍

ആഗോളതലത്തില്‍ ഉണ്ടാകുന്ന പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ 80 ശതമാനവും ഇന്ത്യയിലെന്ന് പഠനം. ' നേച്ചര്‍ കമ്യൂണിക്കേഷന്‍സ്' ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

author-image
Web Desk
New Update
പാമ്പുകടിയേറ്റുള്ള മരണം; 80 ശതമാനവും ഇന്ത്യയിലെന്ന് പഠനം; ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശില്‍

ആഗോളതലത്തില്‍ ഉണ്ടാകുന്ന പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ 80 ശതമാനവും ഇന്ത്യയിലെന്ന് പഠനം. ' നേച്ചര്‍ കമ്യൂണിക്കേഷന്‍സ്' ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. ദ ജോര്‍ജ് ഇന്‍സ്റ്റിറ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തും, 21 രാജ്യങ്ങളിലെ ഗവേഷകരും സംയുക്തമായാണ് പഠനം നടത്തിയത്. ഉഷ്ണകാലാവസ്ഥയുള്ള നിരവധി ദരിദ്ര വികസ്വര രാജ്യങ്ങളില്‍ പാമ്പുകടിയേറ്റുള്ള മരണവും പരിക്കുകളും പ്രാധാന്യമേറിയ വിഷയമാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

ആഗോളതലത്തില്‍ ഒരു വര്‍ഷം സംഭവിക്കുന്ന 78,600 മരണങ്ങളില്‍ 64,100 മരണങ്ങളും ഇന്ത്യയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്താരാഷ്ട്ര പൊതുജനാരോഗ്യ വിദഗ്ദന്‍ സൗമ്യദീപ് ഭൗമിക്ക് എഴുതിയ ഒരു ലേഖനത്തിന്‍ 2030 ഓടെ പാമ്പുകടിയേറ്റുള്ള മരണവും മറ്റു പരിക്കുകയും പകുതിയായി കുറയ്ക്കണമെന്ന ആഗോളലക്ഷ്യവും അപ്രാപ്യമായിരിക്കുമെന്ന് പറയുന്നു. മുന്‍പു നടന്നിട്ടുള്ള സമാനമായ പഠനങ്ങളില്‍ ഇത്തരം മരണങ്ങളില്‍ പകുതിയാണ് ഇന്ത്യയില്‍ സംഭവിക്കുന്നത് എന്നാണ് കണക്കാക്കിയിരുന്നത്.

ഇന്ത്യയില്‍ പാമ്പുകടിയേറ്റുള്ള മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്( 16,100 ). രണ്ടാമത് മധ്യപ്രദേശ് (5790 വരെ) മൂന്നാമത് രാജസ്ഥാന്‍ (5230 മരണങ്ങള്‍) എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പാമ്പുകടിയേറ്റുള്ള മരണനിരക്കുകള്‍ താരതമ്യം ചെയ്യാന്‍ age-standardised death rate ആണ് ഈ പഠനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യയിലെ മരണനിരക്ക് ഒരു ലക്ഷത്തില്‍ 4 എന്ന നിലയിലും ആഗോള നിരക്ക് ഒരു ലക്ഷത്തിന് 0.8 എന്ന നിലയിലുമാണ്. പാമ്പുകടിയേറ്റുള്ള മരണനിരക്കില്‍ ഒരു ലക്ഷത്തില്‍ 4.5 എന്ന നിലയില്‍ സൊമാലിയയാണ് ഒന്നാമത് നില്‍ക്കുന്നത്. തൊട്ടുപിന്നാലെ ഇന്ത്യയും.

ഇരുപതു വര്‍ഷം, 12 ലക്ഷം മരണം

 

2000 മുതല്‍ 2019 വരെയുള്ള 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ പാമ്പുകടിയേറ്റു മരണമടഞ്ഞത് 12 ലക്ഷം ആളുകളാണ്. അതായത് വര്‍ഷത്തില്‍ ശരാശരി 58,000 ആളുകളാണ് ഇത്തരത്തില്‍ മരണപ്പെടുന്നത്. കാനഡയിലെ ടൊറോന്റോ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ച് ( CGHR), ഇന്ത്യയിലെയും ബ്രിട്ടനിലെയും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 2020 ല്‍ ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് eLife എന്ന ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇന്ത്യയിലെ പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ എഴുപതു ശതമാനവും സംഭവിച്ചത് ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തര്‍ പ്രദേശ്, ആന്ധ്രാപ്രദേശ് (തെലങ്കാന ഉള്‍പ്പടെ), രാജസ്ഥാന്‍, ഗുജറാത്ത് എന്നീ 8 സംസ്ഥാനങ്ങളിലെ സമതല, ഗ്രാമീണ പ്രദേശങ്ങളിലാണ് എന്നും പഠനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ പകുതി മരണങ്ങളും സംഭവിച്ചിരിക്കുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴക്കാലത്തുമാണ്. അണലികളുടെ (Russell's vipers) ദംശനമാണ് മരണകാരണമാകുന്നതില്‍ ഏറ്റവും മുന്‍പില്‍. വെള്ളിക്കെട്ടനും, മൂര്‍ഖനും തൊട്ടടുത്ത സ്ഥാനങ്ങളില്‍ വരുന്നു. മരണ കാരണമാകാവുന്ന പാമ്പുകടിയേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള ജനവിഭാഗങ്ങളെ തിരിച്ചറിയാന്‍ പ്രസ്തുത പഠനത്തിന് കഴിഞ്ഞിരുന്നു. ഒരു ശരാശരി ഇന്ത്യക്കാരന്‍ 70 വയസിനു മുന്‍പ് പാമ്പുകടിയേറ്റു മരിക്കാനുള്ള സാധ്യത 250-ല്‍ ഒന്നാണെങ്കില്‍, ചില പ്രദേശങ്ങളില്‍ ഇത് നൂറില്‍ ഒന്നാണെന്ന് പഠനത്തില്‍ കണ്ടെത്തുകയും ചെയ്തു.

പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ 97 ശതമാനവും ഗ്രാമീണമേഖലയിലാണ് സംഭവിക്കുന്നത്. മരണങ്ങളില്‍ 59 ശതമാനം പുരുഷന്‍മാരിലും, 41 ശതമാനം സ്ത്രീകളിലുമാണ്. പാമ്പുകടിയേറ്റു മരിക്കുന്നവരില്‍ പകുതിയും 30-69 വയസിനിടയിലുള്ളവരാണ്. നാലിലൊന്ന് മരണങ്ങള്‍ പതിനഞ്ചു വയസില്‍ താഴെയുള്ള കുട്ടികളിലും. 15 നും 29 നും ഇടയില്‍ മരണനിരക്ക് 25 ശതമാനമാണ്. വാര്‍ഷിക മരണ നിരക്കില്‍ ഉത്തര്‍പ്രദേശാണ് (8,700) മുന്‍പില്‍. ആന്ധ്ര പ്രദേശ് ( 5200), ബീഹാര്‍ ( 4,500) എന്നിവര്‍ തൊട്ടു പിറകിലുണ്ട്.

 

2011-ലെ പഠനത്തിന്റെ പ്രാധാന്യം

ടൊറോന്റോ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ച് ( CGHR) ,2011-ല്‍ ഇന്ത്യയില്‍ നടത്തിയ മില്ല്യണ്‍ ഡെത്ത് സ്റ്റഡിയില്‍ ( MDS ) നിന്നു ലഭിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പാമ്പിന്‍ വിഷമേറ്റുള്ള മരണം പ്രതിവര്‍ഷം 46,000 എന്ന നിലയിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ദേശീയ തലത്തില്‍ ആദ്യമായി പ്രാതിനിധ്യ സ്വഭാവത്തോടെ മരണകാരണങ്ങളേക്കുറിച്ചു എംഡിഎസ് നടത്തിയ വിപുലമായ പഠനത്തില്‍ നിന്നാണ് ഇത്രമാത്രം ആളുകള്‍ പാമ്പുകടിയേറ്റു മരിക്കുന്നുവെന്ന വിവരം ലോകാരോഗ്യ സംഘടനയ്ക്ക് ലഭിക്കുന്നത്.

പാമ്പുകടി മൂലം വര്‍ഷംതോറും ലോകത്തില്‍ 80,000 - 1,40,000 ആളുകള്‍ മരിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. പാമ്പുകടി മൂലമുള്ള മരണത്തെ അതിജീവിച്ചിട്ടും അംഗഭംഗമുള്ളവരായും ശാരീരികശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ടവരായും ജീവിക്കുന്നവര്‍ മരണനിരക്കിന്റെ മൂന്നിരട്ടിയോളം വരുമെന്നും ഒപ്പം പാമ്പുകടിയേറ്റ സംഭവത്തിന്റെ മാനസിക മുറിവുകളുണങ്ങാതെ സമ്മര്‍ദ്ദത്തിലായവര്‍ നിരവധിയുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.

ഇരകളാകുന്നതില്‍ കൂടുതലും ഗ്രാമീണകര്‍ഷകര്‍

പാമ്പുകടിയേല്‍ക്കുന്നതില്‍ കൂടുതലും ഗ്രാമീണകര്‍ഷകരെന്ന് റിപ്പോര്‍ട്ട്. അവഗണിക്കപ്പെടുന്ന ഉഷ്ണമേഖലാ രോഗങ്ങളില്‍ ( NTD) ഏറ്റവും അവഗണിക്കപ്പെട്ടിരുന്ന പ്രശ്‌നമായിരുന്നു പാമ്പുകടിയേല്‍ക്കല്‍. എന്നാല്‍ പാമ്പുകടിയേറ്റുള്ള പ്രശ്‌നങ്ങള്‍ക്ക് വലിയ മുന്‍ഗണനയാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന നല്‍കുന്നത്. 2030 തോടെ പാമ്പുകടിയേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ തടയാനും നിയന്ത്രിക്കാനും, അതുവഴി പാമ്പുകടിയേറ്റുള്ള മരണനിരക്കും അനുബന്ധ ശാരീരികവൈകല്യങ്ങളും കുറയ്ക്കാനുമുള്ള കര്‍മപദ്ധതിയ്ക്ക് 2019 -ല്‍ ലോകാരോഗ്യ സംഘടന തുടക്കമിട്ടിരുന്നു. വിഷപ്പാമ്പുകളുടെ കടിയേല്‍ക്കുന്നത് അടിയന്തര വൈദ്യസഹായമാവശ്യമുള്ള സാഹചര്യമാണ്. എന്നാല്‍ സാമൂഹിക ബോധവത്ക്കരണത്തിലൂടെ പാമ്പിന്റെ കടിയേല്‍ക്കാനുള്ള സാധ്യതയും, കൃത്യ സമയത്ത് നല്‍കപ്പെടുന്ന ഫലപ്രദമായ ആന്റിവെനങ്ങള്‍ വഴി ( Antivenoms) മരണനിരക്കും അനന്തര പ്രശ്‌നങ്ങളും ഗണ്യമായി കുറയ്ക്കാനും കഴിയും.

സര്‍ക്കാര്‍ കണക്കുകള്‍

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക കണക്കുകളനുസരിച്ച്, 2003 മുതല്‍ 2015 വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പാമ്പുകടി മൂലം മരണമടഞ്ഞത് 15,500 പേര്‍ മാത്രമാണ്. ഇതേ കാലയളവില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് MDS ശേഖരിച്ച വിവരമനുസരിച്ച് ഇത് 154,000 ആയിരുന്നു. അതായത് പത്തിരട്ടിയോളം കൂടുതല്‍.

പാമ്പുകടിയില്‍ നിന്നും രക്ഷനേടാന്‍

പാമ്പുകടിയേല്‍ക്കാന്‍ സാധ്യത കൂടിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് കൃത്യമായ പ്രായോഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. പാമ്പുകളില്‍ നിന്നും സുരക്ഷ നല്‍കുന്ന വിള ശേഖരണ രീതികള്‍, റബര്‍ ബൂട്ടുകള്‍ കൈയ്യുറകള്‍ എന്നിവയുടെ ഉപയോഗം, റീച്ചാര്‍ജ് ചെയ്യാവുന്ന ടോര്‍ച്ച് അല്ലെങ്കില്‍ മെബൈല്‍ ഫോണ്‍ ഫ്‌ളാഷ് ലൈറ്റുകളുടെ ഉപയോഗം ഇവയൊക്കെ പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

വിഷമുള്ള പാമ്പിനങ്ങളേക്കുറിച്ചുള്ള മെച്ചപ്പെട്ട അറിവും, അവ കാണപ്പെടുന്ന സ്ഥലങ്ങളേക്കുറിച്ചുള്ള ബോധവും അവയുടെ ആവാസസ്ഥാനങ്ങളേക്കുറിച്ചുള്ള പരിജ്ഞാനവുമൊക്കെ സഹായകരമായതിനാല്‍ ഇക്കാര്യങ്ങളിലുള്ള വിവരശേഖരണവും വിതരണവും പ്രധാനമാകുന്നു. ഒപ്പം, പാമ്പുകടിയേറ്റാല്‍ മനുഷ്യനുണ്ടാകുന്ന പ്രശ്‌നങ്ങളേക്കുറിച്ചും അറിവുണ്ടാവണം. www.indiannsakes.org എന്ന വെബ് സൈറ്റില്‍ നിന്ന് ഇത്തരം വിവരങ്ങളടങ്ങിയ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.

Latest News Environment