സ്പിതി താഴ്‌വരയില്‍ ഹിമപ്പുലി കുടുംബം; വിഡിയോ

By Greeshma.10 03 2023

imran-azhar

 


ഹിമാചല്‍ പ്രദേശിലെ സ്പിതി താഴ്വരയില്‍ നിന്നാണ് അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉള്‍പ്പെടുന്ന ഹിമപ്പുലി കുടുംബത്തെ കണ്ടെത്തിയത്. ഹിമാലയ പര്‍വത നിരകളിലെ പാറയിടുക്കിലൂടെ നിഷ്പ്രയാസം നീങ്ങുന്ന ഹിമപ്പുലികളുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരിക്കുന്നത്. ഐആര്‍എസ് ഓഫിസറായ അങ്കുര്‍ റാപ്രിയ പകര്‍ത്തിയ ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 

 

എറ്റവും മികച്ച വേട്ടക്കാരാണ് ഹിമപ്പുലികള്‍.പ്രയാസമേറിയ പര്‍വത നിരകളില്‍ ജീവിക്കുന്ന ഇവയ്ക്ക് അനായാസം ഇരകളെ കീഴ്‌പ്പെടുത്താനാകും. അമ്മയുടെ വിളികേട്ട് അരികിലേക്ക് ഓടിയെത്തുന്ന രണ്ട് ഹിമപ്പുലി കുഞ്ഞുങ്ങളാണ് ദൃശ്യത്തിലുള്ളത്. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ അതിവേഗം ഓടിയെത്തിയ കുഞ്ഞുങ്ങളെ അമ്മപ്പുലി നക്കിത്തുവര്‍ത്തി സ്‌നേഹം പ്രകടിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്പിതി താഴ്വരയില്‍ നിന്ന് പകര്‍ത്തിയ ഈ ദൃശ്യം ഒരേ സമയം മനോഹരവും അത്ഭുതവുമാണ്.

 


പൊതുവെ മധ്യേഷ്യയിലെ പര്‍വതങ്ങളാണ് ഹിമപ്പുലികളുടെ വാസസ്ഥലം. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് മധ്യഏഷ്യയിലെ 12 രാജ്യങ്ങളിലുള്ള ദുര്‍ഘടം നിറഞ്ഞ പര്‍വത മേഖലകളിലാണ് ഹിമപ്പുലികളെ കാണാനാവുന്നത്. ഇവയുടെ ഏറ്റവും വലിയ കഴിവ് എത്ര മോശമായ കാലാവസ്ഥയില്‍ പോലും ഇര പിടിക്കാന്‍ ഹിമപ്പുലികള്‍ക്ക് സാധിക്കും. മാത്രമല്ല സ്വന്തം ശരീരത്തെക്കാള്‍ മൂന്നുമടങ്ങ് അധികം ഭാരമുള്ളവയെ പോലും നിഷ്പ്രയാസം ഇവയ്ക്ക് ആക്രമിച്ച് കീഴ്‌പ്പെടുത്താനാകും. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും വേട്ടയാടലും ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതുമെല്ലാം ഇവയുടെ നിലനില്‍പിന് തന്നെ ഭീഷണിയിയാകുകയാണ്.

 


തോലിനുവേണ്ടി വേട്ടക്കാരും ആടുകളെ ആക്രമിക്കാതിരിക്കാന്‍ കര്‍ഷകരും സ്ഥിരമായി ഹിമപ്പുലികളെ വേട്ടയാടാറുണ്ട്. ചൈനയിലും മംഗോളിയയിലുമാണ് ഹിമപ്പുലികളെ കൂടുതലായി കണ്ടുവരുന്നത് .ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, കസാഖിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, അഫ്ഗാന് തുടങ്ങിയ രാജ്യങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. മറ്റെല്ലാം മൃഗങ്ങളുടെ കാര്യത്തിലുമെന്ന പോലെ ഹിമപ്പുലികളുടെ ശരീരഭാഗങ്ങളുടെയും ഏറ്റവും വലിയ മാര്‍ക്കറ്റ് ചൈനയാണ്. തൊട്ടു പിന്നില്‍ റഷ്യയും. കോട്ടുകളും മറ്റും നിര്‍മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

OTHER SECTIONS