/kalakaumudi/media/post_banners/c2c475c4c1762198ffb887cb6e5408df1b0ba102028697fbee48934d972e75f3.jpg)
മനുഷ്യര്‍ ഭൂമിയെ നിരന്തരം ചൂഷണം ചെയ്യുന്നതിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും മാരകമായ പ്രത്യാഘാതങ്ങളാണ് ഭൂമിയുടെ പ്രകൃതി സമ്പത്തിനെ തന്നെ നശിപ്പിക്കുന്നത്. ജലക്ഷാമം ഇതിനോടകം തന്നെ ലോകത്തിന്റെ പല മേഖലകളിലും പിടിമുറുക്കി കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ ഭൂമിയുടെ അവസ്ഥ ഇതിനേക്കാളേറെ ഭയാനകമാണെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഗവേഷകര്‍.
1990 മുതല്‍ ലോകത്തിലെ വലിയ തടാകങ്ങളിലും റിസര്‍വോയറുകളിലും പകുതിയിലേറെയും വെള്ളം വറ്റി ചുരുങ്ങിപ്പോയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനുള്ള കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യാന്തര തലത്തിലുള്ള ഗവേഷകര്‍ യൂറോപ്പ്, ഏഷ്യ, തെക്കന്‍ അമേരിക്ക എന്നിവിടങ്ങളിലെയെല്ലാം ശുദ്ധജല തടാകങ്ങളുടെ നിലവിലെ അവസ്ഥ കണക്കിലെടുത്താണ് പഠനം നടത്തിയത്. ഈ തടാകങ്ങളിലെ ഒന്നായുള്ള കണക്കെടുത്താന്‍ പ്രതിവര്‍ഷം ഇരുപത്തിരണ്ട് ജിഗാ ടണ്‍ എന്ന അളവില്‍ മൂന്ന് പതിറ്റാണ്ടുകളായി ജലം നഷ്ടപ്പെട്ടുക്കൊണ്ടിക്കുകയാണ്.
പ്രകൃതിദത്ത തടാകങ്ങള്‍ വറ്റി വരളുന്നതിന്റെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനം തന്നെയാണെന്ന് വിര്‍ജീനിയ സര്‍വ്വകലാശാലയിലെ സര്‍ഫസ് ഹൈഡ്രോളജിസ്റ്റായ ഫാങ്ഫാങ് യാവോ പറയുന്നു. ഇതിനു പുറമേ മനുഷ്യന്റെ ജല ഉപഭോഗത്തില്‍ വന്ന വ്യത്യാസവും മറ്റൊരു കാരണമാണ്.
സാധാരണ വരണ്ട പ്രദേശങ്ങളിലെ ജലാശയങ്ങളാണ് കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വേഗത്തില്‍ വറ്റിവരണ്ടുപോകുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍ ജലാംശമുള്ള മേഖലകളില്‍ പോലും വലിയ അളവില്‍ ജലം നഷ്ടപ്പെടുന്നുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സാറ്റ്‌ലൈറ്റിന്റെ സഹായത്തോടെ രണ്ടായിരത്തിനടുത്ത് തടാകങ്ങളിലെ ജലത്തിന്റെ അളവെടുത്താണ് പഠനം നടത്തിയത്.
സുസ്ഥിരമല്ലാത്ത രീതിയില്‍ മനുഷ്യര്‍ ജലം ഉപയോഗിക്കുന്നതും മഴയുടെ ലഭ്യതയിലുണ്ടായ ഏറ്റക്കുറച്ചിലുകളുമെല്ലാം 1992 മുതല്‍ 2020 വരെ ലോകത്തിലുടനീളമുള്ള തടാകങ്ങളില്‍ 53 ശതമാനത്തിലും വലിയ അളവില്‍ ജലനിരപ്പില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്.
ജലാശയങ്ങളുടെ സമീപപ്രദേശങ്ങളില്‍ ജീവിക്കുന്ന രണ്ട് ബില്യണ്‍ ജനങ്ങളാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവു കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് എന്നതാണ് സത്യം.സമീപകാലങ്ങളിലായി ജലക്ഷാമം കൂടുതല്‍ മേഖലകളില്‍ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പഠനത്തില്‍ ഗവേഷകര്‍ എടുത്തു പറയുന്നു.
ആഗോളതാപനം പിടിച്ചുനിര്‍ത്തുക എന്നതാണ് ഇതിനുള്ള പ്രധാന പോംവഴി. നിലവില്‍ 1.1 ഡിഗ്രി സെല്‍ഷ്യസാണ് ആഗോളതാപനത്തിന്റെ നിരക്ക്. ഇത് 1.5 ഡിഗ്രിയില്‍ അധികമാകാതെ തടയിടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഭൂമിയിലെ ജലസ്രോതസ്സുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിക്കൂ. സയന്‍സ് എന്ന ജേര്‍ണലിലാണ് പഠനം സംബന്ധിച്ച വിവരങ്ങള്‍ ഗവേഷകര്‍ പങ്കുവച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
