യുഎഇയില്‍ ഇനി വേനല്‍കാലം; ജൂണ്‍ 21 മുതല്‍ ഔദ്യോഗികമായി വേനല്‍ക്കാലം ആരംഭിക്കും

സെപ്റ്റംബര്‍ 15 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെ ചൂടില്‍ നിന്ന് തൊഴിലാളികള്‍ മാറി നില്‍ക്കണം. തൊഴിലുടമകള്‍ മധ്യാഹ്ന ഇടവേളയില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ തണലുള്ള സ്ഥലം നല്‍കേണ്ടതുണ്ട്.

author-image
Lekshmi
New Update
യുഎഇയില്‍ ഇനി വേനല്‍കാലം; ജൂണ്‍ 21 മുതല്‍ ഔദ്യോഗികമായി വേനല്‍ക്കാലം ആരംഭിക്കും

അബുദാബി: യുഎഇയില്‍ ഇനി വേനല്‍കാലം. ജൂണ്‍ 21 മുതല്‍ ഔദ്യോഗികമായി വേനല്‍ക്കാലം ആരംഭിക്കും. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചൂടുള്ള ദിവസം രാജ്യത്ത് അനുഭവപ്പെടുമെന്നാണ് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. യുഎഇയിലെ വിദ്യാലയങ്ങള്‍ വേനലവധിക്ക് അടയക്കുന്നതിനാല്‍ മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.

മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഈര്‍പ്പം ചെറുതായി കുറയും. മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും കുറവാണ്. ജൂണിലെ ശരാശരി താപനില 33 ഡിഗ്രി സെല്‍ഷ്യസിനും 35.7 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഏറ്റവും കുറഞ്ഞ താപനില 26.6 മുതല്‍ 29.2 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ജൂണ്‍ മാസത്തെ ശരാശരി കാറ്റിന്റെ വേഗം മണിക്കൂറില്‍ 13 കിലോമീറ്ററാണ്. 2021 ജൂണിലാണ് ഏറ്റവും ഉയര്‍ന്ന മൂടല്‍മഞ്ഞ് രൂപപ്പെട്ടത്.

തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം ഈ മാസം 15 മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെ ചൂടില്‍ നിന്ന് തൊഴിലാളികള്‍ മാറി നില്‍ക്കണം. തൊഴിലുടമകള്‍ മധ്യാഹ്ന ഇടവേളയില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ തണലുള്ള സ്ഥലം നല്‍കേണ്ടതുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം വീതം പിഴ ചുമത്തും, പരമാവധി പിഴ 50,000 ദിര്‍ഹം വരെ ആകാം. ഉച്ചവിശ്രമ നിയമത്തിന്റെ ലംഘനങ്ങള്‍ 600 590 000 എന്ന നമ്പറില്‍ അറിയിക്കാന്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

summer uae hot