തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ കഴുകന്മാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

By Greeshma Rakesh.27 01 2024

imran-azhar

 

ചെന്നൈ : തമിഴ്‌നാട്, കര്‍ണാടക, കേരള എന്നീ സംസ്ഥാനങ്ങളിൽ നടത്തിയ കഴുകന്മാരുടെ കണക്കെടുപ്പ് വിവരങ്ങള്‍ പുറത്ത്. വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ സര്‍വേ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

 

റിപ്പോർട്ട് പ്രകാരം കേരളത്തില്‍ കഴുകന്മാരുടെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. 2023 ഫെബ്രുവരിയില്‍ 246 എന്നയിടത്ത് നിന്ന് ഡിസംബറില്‍ എണ്ണം 308 ആയി ഉയര്‍ന്നു. ലോങ് ബില്‍ഡ് വള്‍ച്ചര്‍, റെഡ് ഹെഡഡ് വള്‍ച്ചര്‍, ഈജിപ്ഷ്യന്‍ വള്‍ച്ചര്‍, ഹിമാലയന്‍ വള്‍ച്ചര്‍ എന്നീ ഇനങ്ങളെ സര്‍വേയ്ക്കിടെ കണ്ടെത്തി.

 

മുതുമല കടുവ സങ്കേതം, സത്യമംഗലം കടുവ സങ്കേതം, ബന്ദിപ്പുര്‍ കടുവ സങ്കേതം, ബിആര്‍ടി കടുവ സങ്കേതം, നാഗര്‍ഹോളെ കടുവ സങ്കേതം, വയനാട് വന്യജീവി സങ്കേതം തുടങ്ങിയ പ്രദേശങ്ങളില്‍ ഡിസംബര്‍ 30, 31 തീയതികളിലാണ് സര്‍വേ സംഘടിപ്പിച്ചത്. മുതുമലയിലാണ് ഏറ്റവുമധികം കഴുകന്മാര്‍ ഉള്ളതെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.

 

78 എണ്ണത്തിനെയാണ് സര്‍വേയ്ക്കിടെ മുതുമല കടുവ സങ്കേതത്തില്‍ കണ്ടെത്തിയത്. സത്യമംഗലം (70), ബന്ദിപ്പുര്‍ (65), ബിആര്‍ടി (14) , നാഗര്‍ഹോളെ (38), വയനാട് (51) എന്നിങ്ങനെ പോകുന്നു കണക്കുകള്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കഴുകന്മാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു, എണ്ണത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സന്തോഷം പകരുന്നതാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (എന്‍വയോണ്‍മെന്റ് ആന്‍ഡ് ഫോറസ്റ്റസ്) സുപ്രിയ സാഹു പ്രതികരിച്ചു.

 

കഴുകന്മാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കാര്യമായ മാറ്റങ്ങളാണ് സമീപകാലത്ത് രാജ്യത്തുണ്ടായത്. ഇവയുടെ സംരക്ഷണത്തിനായി വള്‍ച്ചര്‍ റെസ്റ്റോറന്റ് അടുത്തകാലത്ത് ജാര്‍ഖണ്ഡ് ആരംഭിച്ചിരുന്നു. വെറ്ററിനറി മരുന്നുകളുപയോഗിച്ച കന്നുകാലികളുടെയും മറ്റും ജഡങ്ങള്‍ ഭക്ഷിക്കുന്നത് കഴുകന്മാര്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന് കണ്ടെത്തിയിരുന്നു.

 

2015-ല്‍ മഹാരാഷ്ട്രയിലെ ഫംസാദ് വന്യജീവി സങ്കേതമാണ് ഇത്തരത്തിലൊരുവള്‍ച്ചര്‍ റെസ്റ്റോറന്റിന് രാജ്യത്ത് തുടക്കമിടുന്നത്. കാപ്റ്റീവ് ബ്രീഡിങ് പദ്ധതികളും ഇവയുടെ സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

OTHER SECTIONS