തീവ്രരോഗാണു പരിശോധന; ബയോസേഫ്റ്റി ലെവല്‍ 3 ലാബ് ആര്‍ജിസിബി തിരുവനന്തപുരത്ത്

ഉയര്‍ന്ന ജീവാപായസാധ്യതയുള്ള രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിനും പഠിക്കുന്നതിനുമായി അത്യാധുനിക സൗകര്യമായ ബയോസേഫ്റ്റി ലെവല്‍- 3 (ബിഎസ്എല്‍-3) ഗവേഷണശാല രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ (ആര്‍ജിസിബി) പ്രവര്‍ത്തനമാരംഭിച്ചു.

author-image
Priya
New Update
തീവ്രരോഗാണു പരിശോധന; ബയോസേഫ്റ്റി ലെവല്‍ 3 ലാബ് ആര്‍ജിസിബി തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഉയര്‍ന്ന ജീവാപായസാധ്യതയുള്ള രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിനും പഠിക്കുന്നതിനുമായി അത്യാധുനിക സൗകര്യമായ ബയോസേഫ്റ്റി ലെവല്‍- 3 (ബിഎസ്എല്‍-3) ഗവേഷണശാല രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ (ആര്‍ജിസിബി) പ്രവര്‍ത്തനമാരംഭിച്ചു.

ദക്ഷിണേന്ത്യയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ബയോടെക്‌നോളജി (എന്‍ഐഎബി), ഹൈദരാബാദ്, മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് (എംസിവിആര്‍) എന്നിവിടങ്ങളില്‍ മാത്രമാണ് ബിഎസ്എല്‍-3 ലാബ് സൗകര്യമുള്ളത്.

രോഗകാരികളായ സൂക്ഷ്മാണുക്കളുടെ നിര്‍ണ്ണയത്തിനും ഗവേഷണാവശ്യങ്ങള്‍ക്കുമായി ലബോറട്ടറികളെ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

അതില്‍ തന്നെ മനുഷ്യനു തീവ്രമായ രോഗാവസ്ഥയ്‌ക്കോ മരണത്തിനോ കാരണമായേക്കാവുന്നതും എന്നാല്‍ സമൂഹവ്യാപനത്തിനു സാധ്യത കുറഞ്ഞതുമായ സൂക്ഷ്മജീവികളെ റിസ്‌ക് ഗ്രൂപ്പ്-3 എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുതെന്ന് ആര്‍ജിസിബിയിലെ സീനിയര്‍ സയന്റിസ്റ്റും ബിഎസ്എല്‍ 3 ലാബ് ഇന്‍ ചാര്‍ജ്ജുമായ ഡോ. രാജേഷ് ചന്ദ്രമോഹനദാസ് പറഞ്ഞു.

കൊറോണ വൈറസുകള്‍, ചിലയിനം ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍, മൈക്രോ ബാക്റ്റീരിയം ട്യൂബെര്‍ക്കുലോസിസ് തുടങ്ങി രോഗകാരികളായ സൂക്ഷ്മാണുക്കളുടെ ഗവേഷണത്തിന് ബയോസേഫ്റ്റി ലെവല്‍- 3 എന്ന് നിശ്ചയിക്കപ്പെട്ട ലബോറട്ടറികള്‍ നിര്‍ബന്ധമാണ്.

അപകടകാരികളായ സൂക്ഷ്മാണുക്കളെ നിയന്ത്രിക്കുന്നതിനും ലബോറട്ടറി ജീവനക്കാരെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനും ഈ ലാബുകളില്‍ കര്‍ശനമായ സുരക്ഷാനടപടികളും പ്രോട്ടോക്കോളുകളുമുണ്ട്.

പകര്‍ച്ചവ്യാധികള്‍, മോളിക്യുലാര്‍ മെഡിസിന്‍, ബയോ ടെക്‌നോളജി എന്നിവയിലെ ഗവേഷണങ്ങളില്‍ ബിഎസ്എല്‍ 3 ലാബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

അപകടകരമായ സൂക്ഷ്മാണുക്കളെ തടയുന്നതിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍, എഞ്ചിനീയറിംഗ് നിയന്ത്രണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗനിര്‍ണയ സംവിധാനങ്ങളുടെയും വാക്‌സിനുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെ വികസനവും പരീക്ഷണവും തുടങ്ങി സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ ബിഎസ്എല്‍ 3 ലാബ് നിര്‍ണായക പങ്ക് വഹിക്കും.

Thiruvananthapuram Biosafety Level 3 Lab RGCB