ആദ്യകാല ജീവിത സമ്മര്‍ദ്ദം, ഗന്ധം തിരിച്ചറിയാനുള്ള കഴിവിനെ ബാധിക്കുമെന്ന് പഠനം

By Web desk.26 09 2023

imran-azhar



പൂനെ: കുട്ടിക്കാലത്തുണ്ടാകുന്ന മാനസികാഘാതം ഉള്‍പ്പെടെയുള്ള ആദ്യകാല ജീവിത സമ്മര്‍ദ്ദം മനുഷ്യന്റെ ഗന്ധം തിരിച്ചറിയാനുള്ള കഴിവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

 

ഐസര്‍ ശാസ്ത്രജ്ഞര്‍ എലിയെ ഉപയോഗച്ച് നടത്തിയ പഠനത്തിലാണ് ആദ്യകാല ജീവിത സമ്മര്‍ദ്ദം ഘ്രാണ ശക്തിയെ ക്ഷയിപ്പിക്കുമെന്ന് കണ്ടെത്തിയത്. സമ്മര്‍ദങ്ങള്‍ക്ക് വിധേയരായ എലികള്‍ക്ക് വ്യത്യസ്ത ഗന്ധങ്ങള്‍ തിരിച്ചറിയാനും ഓര്‍മിക്കുവാനും ബുദ്ധിമുട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. എലികളിലും മനുഷ്യരിലും അതിജീവനത്തിന് നിര്‍ണായക ഘടകമാണ് ഗന്ധം തിരിച്ചറിയാനുള്ള കഴിവ്.

 

ആദ്യകാല മാനസിക സമ്മര്‍ദ്ദം മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അത്തരം സമ്മര്‍ദ്ദം ചിന്താ മണ്ഡലത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഘ്രാണശേഷിയെ കൂടെ ബാധിക്കുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

 

ഈ മേഖലലയിലുള്ള വിശദ പഠനം മനുഷ്യരില്‍ സംഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ സാഹയകരമാകുമെന്ന് ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നു.

 

'വിഷാദമോ സമ്മര്‍ദ്ദമോ കുട്ടിക്കാലത്തെ പീഡനമോ അനുഭവിച്ചിട്ടുള്ളവരില്‍ ഘ്രാണ സംബന്ധമായ പ്രശ്നങ്ങള്‍ അസാധാരണമല്ല. ബാല്യകാല സമ്മര്‍ദം വാസനാ ശക്തിയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കുന്നത് ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മികച്ച ചികിത്സകള്‍ക്കും മാര്‍ഗങ്ങോള്‍ക്കും വഴിയൊരുക്കും.' ഐസര്‍ ശാസ്ത്രജ്ഞന്‍ നിക്‌സന്‍ എം എബ്രഹാം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

 

OTHER SECTIONS