By Web Desk.06 03 2023
മുഖത്തിന്റെ ഒരുവശം തളര്‍ന്നുപോവുകയും കണ്ണടയ്ക്കാനോ ചിരിക്കാനോ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ബെല്‍സ് പാള്‍സി രോഗം.അടുത്തിടെ നടനും അവതാരകനുമായ മിഥുന്‍ രമേശിനെ ഈ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ബെല്‍സ് പാള്‍സി വീണ്ടും ചര്‍ച്ചയായത്
പേശികള്‍ക്കുണ്ടാകുന്ന ബലക്ഷയമാണ് ബെല്‍സ് പാള്‍സി എന്ന രോഗം. ബെല്‍സ് പാള്‍സി എന്നത് വളരെ സാധാരണമായ രോഗമാണ്. മുഖത്തെ ഒരു വശത്തെ മസിലിന് തളര്‍ച്ച സംഭവിക്കുന്ന അവസ്ഥയാണ് ബെല്‍സ് പാള്‍സി. അടുത്തിടെ നടനും അവതാരകനുമായ മിഥുന്‍ രമേശിന് ഈ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇഡിയോപ്പതിക് ലോവര്‍ മോട്ടോര്‍ ന്യൂറോണ്‍ ഫേഷ്യല്‍ നെര്‍വ് പാള്‍സി എന്നാണ് ഈ രോഗത്തിന്റെ ശാസ്ത്രീയ നാമം. രോഗത്തിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നും വിദഗ്ധര്‍ കരുതുന്നു.നെറ്റി ചുളിക്കുക, കണ്ണടയ്ക്കുക, ചിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ഫേഷ്യല്‍ മസില്‍സിന്റെ സഹായം ആവശ്യമാണ്. ഈ മസില്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്നത് ഫേഷ്യല്‍ നെര്‍വ് ആണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാള്‍സി.
മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല. മിക്ക രോഗികളിലും രോഗം പ്രത്യക്ഷപ്പെട്ട് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ രോഗം ഭേദമാകാറുണ്ട്. ചിലരില്‍ ആറു മാസം വരെ രോഗലക്ഷണങ്ങള്‍ കണ്ടേക്കാം.
പലരും ഇതിനെ സ്ട്രോക്കെന്ന് തെറ്റായി വ്യാഖ്യാനിക്കാറുണ്ടെങ്കിലും ഇത് സ്ട്രോക്കല്ല. സ്‌ട്രോക്കും ബെല്‍സ് പാള്‍സിയും തമ്മില്‍ ബന്ധമില്ലെങ്കിലും രണ്ടിന്റെയും ലക്ഷണങ്ങള്‍ സമാനമായതിനാല്‍ സ്‌ട്രോക് തിരിച്ചറിയപ്പെടാതെ പോകാനും സാധ്യതയുണ്ട്.
രോഗം വന്ന് കഴിഞ്ഞാല്‍ മുഖം ഒരു സൈഡിലേക്ക് കോടിപ്പോകുക, നെറ്റി ചുളിക്കാന്‍ സാധിക്കാതെ വരിക കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഭക്ഷണം കഴിക്കുമ്പോള്‍ കവിളില്‍ കെട്ടിക്കിടക്കുക,വായയുടെ ഒരുവശത്തുകൂടി തുപ്പല്‍ ഒലിക്കുക,രോഗം ബാധിച്ച വശത്തെ താടിക്ക് ചുറ്റുമോ ചെവിക്കു പിന്നിലോ വേദന അനുഭവപ്പെടുക,തലവേദന,രുചി അനുഭവപ്പെടാതിരിക്കുക,കണ്ണുനീരിന്റെയും തുപ്പലിന്റെയും അളവിലുള്ള വ്യത്യാസം രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ കൃത്യസമയത്ത് ചികിത്സ ആരംഭിക്കണം.
ആദ്യത്തെ മണിക്കൂറുകളിലുള്ള ചികിത്സ പ്രധാനമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഫിസിയോതെറാപ്പിയും ആരംഭിക്കാവുന്നതാണ്. ടെന്‍സ് എന്ന് പറയുന്ന ചികിത്സ ഫലപ്രദമാണ്. ഞരമ്പുകളെ ഉത്തേജിപ്പിക്കാന്‍ ചെറിയ ഇലക്ട്രോഡ് വച്ച് ഷോക്ക് ഏല്‍പ്പിക്കുന്നതാണ് ടെന്‍സ്.
രോഗം വന്ന് മാറിക്കഴിഞ്ഞാല്‍ പിന്നെ സ്ഥിരമായി മരുന്ന് കഴിക്കേണ്ട സാഹചര്യമില്ല.