ഡിസീസ് എക്‌സ് ഭാവിയിലെ ആഗോള മഹാമാരി! വാക്‌സീന്‍ വികസിപ്പിക്കാന്‍ ഗവേഷകര്‍

കുരങ്ങ്, പട്ടി തുടങ്ങി ഏതു മൃഗത്തില്‍നിന്നും മനുഷ്യനിലേക്ക് ഡിസീസ് എക്‌സ് വ്യാപിക്കാം. രോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മൃഗങ്ങളില്‍നിന്നാവും രോഗാണുക്കള്‍ മനുഷ്യനിലേക്ക് പകരുക എന്നാണ് മിക്കവരും വിശ്വസിക്കുന്നത്.

author-image
Greeshma Rakesh
New Update
ഡിസീസ് എക്‌സ് ഭാവിയിലെ ആഗോള മഹാമാരി! വാക്‌സീന്‍ വികസിപ്പിക്കാന്‍ ഗവേഷകര്‍

ഡിസീസ് എക്‌സിനെ ഭാവിയിലെ ആഗോള മഹാമാരി എന്നാണ് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 2018 ന്റെ അവസാനമാണ് ഡിസീസ് എക്‌സിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. ഭാവിയില്‍ ലോകത്തിലെ മനുഷ്യവംശത്തെ ഒരുമിച്ച് അവസാനിപ്പിക്കാന്‍ ശേഷിയുള്ള ഒരു അജ്ഞാത രോഗം എന്നാണ് ഡബ്ല്യുഎച്ച്ഒ പ്രവചിച്ചത്.

ഇപ്പോള്‍ തിരിച്ചറിയപ്പെടാത്ത ഒരു രോഗാണു മനുഷ്യരില്‍ ഗുരുതരമായ മഹാമാരിയായ ഡിസീസ് എക്‌സിനു കാരണമാകുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കുരങ്ങ്, പട്ടി തുടങ്ങി ഏതു മൃഗത്തില്‍നിന്നും മനുഷ്യനിലേക്ക് ഡിസീസ് എക്‌സ് വ്യാപിക്കാം. രോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മൃഗങ്ങളില്‍നിന്നാവും രോഗാണുക്കള്‍ മനുഷ്യനിലേക്ക് പകരുക എന്നാണ് മിക്കവരും വിശ്വസിക്കുന്നത്.

എബോള, എച്ച്‌ഐവി/ എയ്ഡ്‌സ്, കോവിഡ് - 19 ഇവ പോലെ ഡിസീസ് എക്‌സും മാരകമാണെന്നും മനുഷ്യനില്‍ പകര്‍ച്ചവ്യാധിയായി പടരുമെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. ഈ പുതിയ പകര്‍ച്ചവ്യാധിക്കെതിരായുള്ള വാക്‌സീന്‍ വികസിപ്പിക്കുകയാണ് യുകെയിലെ ഗവേഷകര്‍ എന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.

യുകെ ഗവണ്‍മെന്റിന്റെ അതീവ സുരക്ഷയുള്ള, വില്‍റ്റ്ഷയറിലുള്ള പോര്‍ട്ടണ്‍ ഡൗണ്‍ ലബോറട്ടറി കോംപ്ലക്‌സില്‍ ഇരുനൂറിലധികം ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ രോഗവുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പുതിയ രോഗാണുവിനെതിരെയുള്ള വാക്‌സീന്‍ വികസിപ്പിക്കുന്ന ഗവേഷണം പുരോഗമിക്കുന്നതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി എജന്‍സി ഹെഡ് ആയ പ്രൊഫസര്‍. ഡെയിം ജെന്നി ഹാരിസ് അറിയിച്ചു.
മാത്രമല്ല മനുഷ്യനിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ള മൃഗവൈറസുകളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തതായും ഗവേഷകര്‍ പറയുന്നു.

Health News World Health Organization Disease X