വിട്ടുമാറാത്ത തലവേദന, കണ്ണുചൊറിച്ചില്‍, ചെവി പഴുപ്പ്, മൂക്കടപ്പ്... ഡോക്ടര്‍ എന്താണ് എന്റെ രോഗം?

അമ്മയ്ക്ക് മനോരോഗമാണെന്ന് വരെ മാളോര്‍ പറഞ്ഞു പരത്തി. ഡോക്ടര്‍മാര്‍ മൈഗ്രെയിനെന്നും, സൈനസൈറ്റിസെന്നും, സര്‍വൈക്കല്‍ സ്‌പോണ്ടിലോസിസെന്നും, 'ടെന്‍ഷന്‍ ഹെഡ്ഡേക്ക്' എന്നുമൊക്കെ മാറി മാറി വിധിയെഴുതി. തലവിധിയെ പഴിച്ച് തങ്കച്ചി ജീവിതം കഴിച്ചു.

author-image
Web Desk
New Update
വിട്ടുമാറാത്ത തലവേദന, കണ്ണുചൊറിച്ചില്‍, ചെവി പഴുപ്പ്, മൂക്കടപ്പ്... ഡോക്ടര്‍ എന്താണ് എന്റെ രോഗം?

 

ഡോ. ബിജു ചക്രപാണി

ഹോമിയോപ്പതിക് ഫിസിഷ്യന്‍

ഇന്ത്യ ഹോസ്പ്പിറ്റല്‍

തമ്പാനൂര്‍, തിരുവനന്തപുരം

9447501907

വിലാസിനിയുടെ വായില്‍ നിന്ന് ചോറുവരുന്ന വാര്‍ത്ത വലിയ ചര്‍ച്ചയായി. കരക്കാര്‍ക്ക് കൗതുകമായെങ്കിലും വിലാസിനിയുടെ കദനം കണ്ണീരായി വാര്‍ന്നതിന് കണക്കില്ല. തല പൊട്ടുന്ന തലവേദന, കണ്ണു ചൊറിച്ചില്‍, ചെവി പഴുപ്പ്, മൂക്കടപ്പ്, ഉണ്ണാക്ക് വേദന, തൊണ്ട വീക്കം. രോഗങ്ങളുടെ പട്ടികയില്‍ രോമാഞ്ചവുമായി ഇപ്പോഴിതാ തുരുതുരാ ചോറ് ചാടലും!

മുഴുക്കുടിയന്‍ കണ്ട ഷാപ്പിലെല്ലാം കേറി 'കള്ള് ഷോപ്പിംഗ്' നടത്തിയ മാതിരി, കണ്ടതും കേട്ടതുമായ സകലമാന ഡോക്ടര്‍മാരെയും കണ്‍സള്‍ട്ടു ചെയ്തു. വില്ലേജാപ്പീസിലെ ഗുമസ്തപ്പണിക്കാരന്‍ മകന്‍ മഹേഷിന്റെ പി.എഫില്‍ ലോണെടുക്കാന്‍ ബാക്കി കാശില്ലാതായി. കീശയില്‍ കാശൊഴിഞ്ഞു. രോഗം അനുസ്യൂതം തിമിര്‍ത്താടി!

ആരാധനയും അന്ധവിശ്വാസവുമായി അമ്മയ്ക്ക് അടുപ്പം കൂടിയപ്പോള്‍ മകന്‍ അമ്മയെ തറവാട്ടില്‍ നിന്ന് നട തള്ളി. ഇപ്പോള്‍ താമസം മകളുടെ വീട്ടില്‍. ദിവസവും അതിരാവിലെ കാച്ചെണ്ണ തേച്ച് കുളിച്ച് ഈറനണിഞ്ഞ് ആരാധനയ്ക്കായി ക്ഷേത്രത്തിലേക്ക്. തിരികെ പതിനൊന്നു മണി വെയിലുമായി തിരിച്ചുവരവ്.

വീണ്ടും വൈകിട്ട് നാലിന് പോക്കുവെയിലും പൊടിയും നിറഞ്ഞ നടവഴിയിലൂടെ തേവരെ തൊഴാന്‍ നടപ്പ്. മടക്കം ദീപാരാധന കഴിഞ്ഞ് നിവേദ്യ വിഹിതവുമായി. ഒപ്പം മേമ്പൊടിയായി മഞ്ഞും.

കര്‍പ്പൂരത്തിന്റെയും കാച്ചെണ്ണയുടെയും തുളസിക്കതിരിന്റെയും മുല്ലപ്പൂവിന്റെയും മണം മറന്ന നാളുകള്‍, ഇപ്പോഴിതാ ശീവേലി നേരത്തെ മണിമുഴക്കവും മദ്ദളം കൊട്ടലും ശംഖനാദവും കാതിന് പിടിയ്ക്കാതായി. പോരാത്തതിന് തലചുറ്റലും.

അമ്മയ്ക്ക് മനോരോഗമാണെന്ന് വരെ മാളോര്‍ പറഞ്ഞു പരത്തി. ഡോക്ടര്‍മാര്‍ മൈഗ്രെയിനെന്നും, സൈനസൈറ്റിസെന്നും, സര്‍വൈക്കല്‍ സ്‌പോണ്ടിലോസിസെന്നും, 'ടെന്‍ഷന്‍ ഹെഡ്ഡേക്ക്' എന്നുമൊക്കെ മാറി മാറി വിധിയെഴുതി. തലവിധിയെ പഴിച്ച് തങ്കച്ചി ജീവിതം കഴിച്ചു.

അഡിനോയിഡ് വീക്കവും അനുബന്ധ മൂക്കടപ്പും

മൂക്കിനുള്ളിലും സൈനസ്സിലുമുള്ള അഡിനോയിഡ് വീക്കം അലര്‍ജിയുടെ ആദ്യ ലക്ഷണമാണ്. അനുബന്ധമായി കണ്ണ് ചൊറിച്ചില്‍, മണം കിട്ടാതാകല്‍, തലവേദന, മൂക്കടപ്പ്, തുമ്മല്‍ എന്നിവ പതിവാകും.

രോഗിയുടെ ശാരീരികാവസ്ഥയാലുള്ള രോഗാതുരത മുതല്‍, രൂക്ഷഗന്ധമുള്ള റൂം ഫ്രഷ്‌നര്‍/കാര്‍ പ്രഷ്‌നര്‍, കൊതുക് തിരി, ചന്ദനത്തിരി, ഫാനിന്റെയും എയര്‍ കണ്ടീഷനറുകളുടെയും അനിയന്ത്രിത ഉപയോഗം, ഷവറിലെ കുളി, തലയില്‍ എണ്ണയും ജെല്ലുമെല്ലാം പുരട്ടല്‍ എന്നിവയൊക്കെയാണ് രോഗ നിദാനം.

മുക്ക് വഴി ഒന്നും പുറത്തേയ്ക്ക് വരാതെ വീങ്ങിയ അഡിനോയിഡ് തടസം പിടിക്കുമ്പോള്‍, പോസ്റ്റ് ഫരീന്‍ജ്യല്‍ ഡ്രിപ്പിംഗ് വഴി സൈനസ്സിലെ ഇന്‍ഫക്ടറ്റഡ് ഫ്‌ലൂയിഡ് ഫാരിന്‍ജ്യറ്റിസ്, ട്രക്കിയയിറ്റിസ്സ്, ബ്രോംകൈറ്റിസ് മുതലായ അനുബന്ധ രോഗങ്ങളും പരമ്പരയാകും.

പതിവായി മൂക്കടയുമ്പോള്‍ ശക്തമായി മുക്ക് ചീറ്റുകയും തല്‍ഫലമായി ചെവിക്ക് ചില്ലറ പ്രശ്‌നങ്ങള്‍

പതിവാകുകയും ചെയ്യുമ്പോള്‍ ചെവി ചൊറിച്ചില്‍, ചെവി മുരള്‍ച്ച എന്നിവയും ഉടലെടുക്കും. ചെവിയില്‍ തുള്ളിമരുന്ന് ഇറ്റിച്ചും, ഇയര്‍ ബഡ്ഡിട്ട് കറക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ചെവി പഴുപ്പും പതിവാകും.

തൊണ്ട, വായയുടെ മേല്‍ത്താടി എന്നിവിടങ്ങളില്‍ നിന്നും അരിമാവ് കുറുക്കിയ മാതിരിയോ ചോറിന്റെ രൂപത്തിലോ സൈനസ്സിലെ സെക്ലൂഡഡ് ഫ്‌ലൂയിഡ് പുറത്തേയ്ക്കുംവരും.

രോഗി കൊണ്ടുവന്ന സി.ടി.സ്‌കാന്‍ മുതല്‍ മൂത്രപരിശോധന വരെയുള്ള കേസുകെട്ടുകള്‍ മറിച്ചുപഠിച്ച ഡോക്ടര്‍ പതിനഞ്ചു മിനിട്ട് കുറേ കുശല വര്‍ത്തമാനം. തിരിച്ചുകുറേ നിര്‍ദ്ദേശങ്ങള്‍. കഴിക്കാന്‍ കുറച്ച് മരുന്നുകള്‍!

എട്ടുവര്‍ഷത്തെ അസുഖ ആഘോഷത്തിന്, എട്ടു മാസം കാലാവധി പറഞ്ഞ ഡോക്ടറോട് യാത്ര പറയുമ്പോള്‍, വിലാസിനിക്ക് ഡോക്ടറോട് ഒന്നേ തിരിച്ചു ചോദിക്കാനുണ്ടായിരുന്നുള്ളൂ. എന്താണ് ഡോക്ടറേ എന്റെ അസുഖം? എന്തായാലും നിങ്ങള്‍ കരുതുന്ന പോലെ കാന്‍സറല്ല രോഗം എന്നായിരുന്നു മറുപടി. എന്തായാലും വിലാസിനി ഇപ്പോള്‍ ഹാപ്പിയാണ്!

 

health care Health health tips