ഹോര്‍മോണുകളുടെ താളം തെറ്റിക്കുന്ന ഈ അഞ്ച് ദുശ്ശീലങ്ങള്‍...

നമ്മുടെ ചില ദുശ്ശീലങ്ങള്‍ ഈ സന്തുലനത്തെ താളം തെറ്റിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാറുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

author-image
Greeshma Rakesh
New Update
ഹോര്‍മോണുകളുടെ താളം തെറ്റിക്കുന്ന ഈ അഞ്ച് ദുശ്ശീലങ്ങള്‍...

നമ്മുടെ ശരീരത്തില്‍ പലതരത്തിലുള്ള ഹോര്‍മോണുകളാണ് ഉള്ളത്. ഇവ രക്തത്തിലെ പഞ്ചസാരയുടെ തോതിനെയും രക്തസമ്മര്‍ദത്തെയും പ്രത്യുല്‍പാദനക്ഷമതയെയും ചയാപചയത്തെയും ഉറക്കത്തെയുമെല്ലാം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നാം എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു, ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യുന്നു എന്നതിലെല്ലാം ഈ ഹോര്‍മോണുകളുടെ സന്തുലനത്തിന് പ്രധാന പങ്കുണ്ട്.

അതെസമയം ഹോര്‍മോണല്‍ സന്തുലനം താളം തെറ്റുന്നത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. നമ്മുടെ ചില ദുശ്ശീലങ്ങള്‍ ഈ സന്തുലനത്തെ താളം തെറ്റിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാറുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

1. കഫൈന്‍

അമിതമായ തോതില്‍ കാപ്പി കുടിക്കുന്നത് ഹോര്‍മോണല്‍ സന്തുലനത്തിന്റെ താളം തെറ്റിക്കും. കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ ഹോര്‍മോണിന്റെ ഉല്‍പാദനത്തെ ഉദ്ദീപിപ്പിക്കാന്‍ കഫൈന് സാധിക്കും. കോര്‍ട്ടിസോള്‍ തോത് നിയന്ത്രണം വിട്ടുയരുന്നത് നീര്‍ക്കെട്ടിനെ കൈകാര്യം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കുന്നതാണ്.

2. ആവശ്യത്തിന് ഉറക്കമില്ലായ്മ

നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അറ്റകുറ്റപണിയെല്ലാം നടക്കുന്നത് നാം ഉറങ്ങുന്ന സമയത്താണ്. ശരീരത്തിന് സ്വയം പുതുക്കാനും റീച്ചാര്‍ജ് ചെയ്യാനും ഉറക്കം അത്യാവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോള്‍ സമ്മര്‍ദ പ്രതികരണം ഉണ്ടാകുകയും ഹോര്‍മോണല്‍ സന്തുലനത്തിന്റെ താളം തെറ്റുകയും ചെയ്യും.

3. ഭക്ഷണം സ്‌കിപ്പ് ചെയ്യുന്നത്

തിരക്ക് പിടിച്ചുള്ള ജീവിതത്തിനിടെ പലരും പലപ്പോഴും കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ വിട്ടുപോകാറുണ്ട്. പ്രഭാതഭക്ഷണവും മറ്റും ഒരു കാപ്പിയില്‍ ഒതുക്കുന്നവരെയും കാണാം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് ഹോര്‍മോണുകളുടെ മാത്രമല്ല ജീവിതത്തിന്റെയും താളം തെറ്റിക്കാം.

4. അമിതമായ വര്‍ക്ക് ഔട്ട്

ജിമ്മില്‍ പോകുന്നതും വര്‍ക്ക് ഔട്ട് ചെയ്യുന്നതുമൊക്കെ നല്ലതുതന്നെ. പക്ഷേ, അത് അമിതമായാല്‍ കുഴപ്പമാണ്. അതിതീവ്രമായ വര്‍ക്ക്ഔട്ടുകള്‍ തുടര്‍ച്ചയായി ചെയ്യുന്നത് ഹോര്‍മോണല്‍ തകരാറുകള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

5. എന്‍ഡോക്രൈനിനെ ബാധിക്കുന്ന രാസവസ്തുക്കള്‍

പ്ലാസ്റ്റിക് വെള്ള കുപ്പികള്‍, അലുമിനിയം കാനുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയില്‍ എന്‍ഡോക്രൈന്‍ സംവിധാനത്തിന്റെ താളം തെറ്റിക്കുന്ന ചില രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഹോര്‍മോണ്‍ ഉല്‍പാദനത്തിനെ നിയന്ത്രിക്കുന്ന എന്‍ഡോക്രൈന്‍ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശരീരത്തിലെ ഹോര്‍മോണ്‍ വ്യവസ്ഥയെ തകിടം മറിക്കാം.

life health care Hormonal Imbalance