ഒരു നിമിഷം ശ്രദ്ധിക്കൂ, 80% ഹൃദ്രോഗങ്ങളും തടയാം!

By Web Desk.28 09 2023

imran-azhar

 

 

 

ഡോ. രാജലക്ഷ്മി എസ്.
സീനിയര്‍ കണ്‍സള്‍ട്ടന്റ്
കാര്‍ഡിയോളജിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

 


സെപ്റ്റംബര്‍ 29, ലോക ഹൃദയ ദിനം. ഹൃദ്രോഗം വര്‍ഷം തോറും 18.6 ദശലക്ഷം ജീവന്‍ അപഹരിച്ച് നമ്പര്‍ വണ്‍ നിശബ്ദ കൊലയാളിയായി തുടരുന്നു. ഇവയില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് വസ്തുത.

 

ഹൃദയ സംരക്ഷണം, ഹൃദ്രോഗത്തിന്റെ പ്രാധാന്യം, അതെങ്ങനെ തടയാം ഇക്കാര്യങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലോക ഹൃദയ ദിനത്തിന്റെ ഉദ്ദേശം. 'ഹൃദ്യമായി ഹൃദയത്തെ മനസ്സിലാക്കൂ' എന്നാണ് ഇക്കൊല്ലത്തെ ഹൃദയ ദിന സന്ദേശം. ഹൃദയ സംരക്ഷണത്തെപ്പറ്റി അവബോധമുള്ളയാള്‍ക്ക് മാത്രമേ ഹൃദയാരോഗ്യം പരിപാലിക്കാന്‍ സാധിക്കുകയുള്ളു.

 

നമ്മള്‍ ഓരോരുത്തരും കുടുംബം, അയല്‍ക്കാര്‍, കൂട്ടുകാര്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ ഇങ്ങനെ നമുക്ക് ചുറ്റും ഉള്ളവര്‍ക്ക് ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് പങ്കുവയ്ക്കണം. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലിയും നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാന്‍ സഹായിക്കും. ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം എന്നിവയാണ്.

 

ആരോഗ്യകരമായ ഭക്ഷണരീതി

 

* പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക

 

* ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക

 

* പൂരിത കൊഴുപ്പ് കുറയ്ക്കുക, കൃത്രിമ കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക

 

വ്യായാമം

 

ജീവിതം ചലനാത്മകമാവട്ടെ. ഒറ്റയ്‌ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ. ഓട്ടമോ, നടത്തമോ, കളികളോ ആവട്ടെ. വ്യായാമത്തിനായി സമയം കണ്ടെത്തുക. മാനസിക സമ്മര്‍ദ്ദം കുറയട്ടെ. തൊഴിലിടങ്ങളില്‍ വാശിയോടെ മത്സരിച്ച് ജോലി ചെയ്യുന്നവര്‍, രോഗം വിലയ്ക്ക് വാങ്ങുകയാണ്. ജിം, സുംബ ഡാന്‍സ്, വ്യായാമം ചെയ്യാനുള്ള സൗകര്യം എന്നിവ തൊഴിലിടങ്ങളില്‍ തയ്യാറാക്കി നല്‍കുന്നുണ്ട്.

 

ജീവിതശൈലി രോഗങ്ങള്‍ കടന്നുവരുന്ന പ്രായം ഗണ്യമായി കുറഞ്ഞു വരുന്നു. ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദം, അമിത കൊളസ്‌ട്രോള്‍ എന്നിവ ആഹാരക്രമം, വ്യായാമം എന്നിവ കൂടാതെ നിര്‍ദ്ദേശാനുസരണം മരുന്നുകള്‍ ഉപയോഗിച്ചും നിയന്ത്രിക്കുക.

 

നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ സംശയം തീര്‍ക്കാന്‍ നിര്‍ദ്ദേശപ്രകാരം പരിശോധനകള്‍ക്ക് വിധേയനാവുക. ഇസിജി, ട്രോപോനിന്‍ ടെസ്റ്റ് എന്നിവ ആദ്യഘട്ടത്തിലും ആവശ്യമെങ്കില്‍ ട്രെഡ്മില്‍ ടെസ്റ്റ്, എക്കോ കാര്‍ഡിയോഗ്രാഫി, ആന്‍ജിയോഗ്രാം മുതലായ പരിശോധനകളിലൂടെ രോഗം കണ്ടുപിടിക്കാനാവും.

 

രോഗമുള്ളവര്‍ക്ക് ചികിത്സ സംവിധാനങ്ങളെല്ലാം സര്‍വ്വസാധാരണമായി ലഭ്യമാണ്. മരുന്നുകള്‍ കൂടാതെ ചിലര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി, എന്നിവയും ആവശ്യം വന്നേക്കാം. ഇതു കൂടാതെ അതിനൂതനമായ ചില ചികിത്സാ രീതികള്‍ - അതായത് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്‌മേക്കര്‍ വയ്ക്കുന്നത് (Leadless pacemaker) തുടങ്ങിയവ വരെ ഇപ്പോള്‍ ലഭ്യമാണ്. എങ്കിലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ഏറ്റവും ഉചിതം.

 

 

OTHER SECTIONS