അല്‍പം ശ്രദ്ധിച്ചാല്‍, സ്ട്രോക്ക് പ്രതിരോധിക്കാം

തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക്. സ്‌ട്രോക്ക് ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെയധികമാണ്. പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയുള്ളവരിലും സ്‌ട്രോക്ക് ഉണ്ടാകാം.

author-image
Web Desk
New Update
അല്‍പം ശ്രദ്ധിച്ചാല്‍, സ്ട്രോക്ക് പ്രതിരോധിക്കാം

ഡോ. സുശാന്ത് എം.ജെ.
കണ്‍സള്‍ട്ടന്റ്
ന്യൂറോളജിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

 

ലോക പക്ഷാഘാത ദിനം ഒക്ടോബര്‍ 29

തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക്. സ്‌ട്രോക്ക് ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെയധികമാണ്. പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയുള്ളവരിലും സ്‌ട്രോക്ക് ഉണ്ടാകാം.

ചെറുപ്പക്കാരിലും ഇപ്പോള്‍ സ്‌ട്രോക്ക് അധികമായി കണ്ടുവരുന്നു. ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായ മാറ്റമാണ്. പുകവലി ആണ് ഇതില്‍ ഏറ്റവും പ്രധാനം. കൂടാതെ അമിതവണ്ണം, രക്തസമ്മര്‍ദ്ദം, മാനസികസമ്മര്‍ദ്ദം എന്നിവയും ചെറുപ്പക്കാരില്‍ സ്‌ട്രോക്ക് ഉണ്ടാകുനുള്ള പ്രധാന കാരണങ്ങളാണ്. ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. കുടുംബപരമായി സ്‌ട്രോക്ക് വരുന്നവരിലും രക്തം കട്ടപിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്‌ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.

എങ്ങനെ തിരിച്ചറിയാം?

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ചശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

എങ്ങനെ ചികിത്സിക്കാം?

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയരാകേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ടപിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. അതിനാല്‍ എത്രയും പെട്ടന്ന് രോഗിയെ അടുത്തുള്ള സ്‌ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസര്‍ജന്‍, സിടി/എം ആര്‍ ഐ എടുക്കാനുള്ള സൗകര്യം, ഐ സി യു സൗകര്യം എന്നിവയാണ് സ്‌ട്രോക്ക് യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകള്‍.

ചികിത്സ വൈകുവാനുള്ള മറ്റൊരു കാരണം തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. സിടി സ്‌കാനില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങള്‍ വരാന്‍ ചിലപ്പോള്‍ ആറു തൊട്ട് ഇരുപത്തിനാല് മണിക്കൂര്‍ വരെ എടുക്കാം. സിടി സ്‌കാന്‍ വിശദമായി പരിശോധിക്കുകയോ ഇല്ലെങ്കില്‍ എം ആര്‍ ഐ സ്‌കാനില്‍ മാത്രമേ ആദ്യ മണിക്കൂറുകളില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങളും മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാലും സിടി സ്‌കാന്‍ നോര്‍മല്‍ ആയതിനാലും ചിലപ്പോള്‍ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരില്‍ ചിലപ്പോള്‍ 2-3 മണിക്കൂര്‍ കഴിയുമ്പോള്‍ പൂര്‍ണ്ണമായ സ്‌ട്രോക്ക് വരുകയും ത്രോമ്പോലിസിസ് ചികിത്സയ്ക്കുള്ള സമയപരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.

ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണ്ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐ എ അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് എന്നുപറയുന്നു. പൂര്‍ണ്ണമായി ഭേദമായതിനാല്‍ രോഗി ചികിസ ചിലപ്പോള്‍ തേടാറില്ല. എന്നാല്‍, ഇത്തരത്തില്‍ വരുന്ന ടി ഐ എ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള അപായ സൂചന ആണ്. അതിനാല്‍, ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് വേണ്ട ചികിത്സ തേടേണ്ടതാണ്.

സ്ട്രോക്കിനു ശേഷമുള്ള ജീവിതം

ശാരീരിക വിഷമതകള്‍ക്കു പുറമെ സ്‌ട്രോക്ക് രോഗിയുടെ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാല്‍ സ്‌ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം. ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്. അത് നേടിയാല്‍ അടുത്ത ലക്ഷ്യം ജോലി ചെയ്യാന്‍ പ്രാപ്തമാക്കാനുള്ള ഒക്യുപേഷണല്‍ ഫിസിയോതെറാപ്പി ആണ്. കിടപ്പിലായ രോഗികളില്‍ ബെഡ് സോര്‍ വരാതെ നോക്കാനായി ഓരോ രണ്ടു മണിക്കൂറിലും രോഗിയെ തിരിച്ചുകിടത്തേണ്ടതാണ്.

നമ്മുടെ ചുറ്റുപാടില്‍ നമ്മുടെ ശരീരത്തിന്റെ ഏകോപനവും സ്ഥിരതയും കൂടിച്ചേരുന്നതാണ് സന്തുലിതാവസ്ഥ. ഇത് സഞ്ചാരം, സാധനങ്ങള്‍ കയ്യെത്തി പിടിക്കുക പോലുള്ള ദൈനംദിന പ്രവൃത്തികളില്‍ സഹായിക്കുന്നു. എന്നാല്‍, സ്ട്രോക്കില്‍ ഈ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. അതിനാല്‍, വീഴ്ചകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. രോഗികള്‍ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന കുളിമുറിയും ഒരേ നിരപ്പില്‍ വരാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ രാത്രി ആവശ്യമായ പ്രകാശവും ബാത്റൂമില്‍ വേണം. തട്ടിവീഴാന്‍ കാരണമാകാവുന്ന സാധനങ്ങള്‍ തറയില്‍ നിന്ന് മാറ്റേണ്ടതാണ്. തിരിയുമ്പോഴും കട്ടില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും ഒക്കെ ചലനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക. ശരിക്കും പാകമുള്ളതും കനം കുറഞ്ഞ സോളോട് കൂടിയതും ഗ്രിപ്പുള്ളതുമായ പാദരക്ഷകള്‍ ആണ് ഉപയോഗിക്കേണ്ടത്.

സ്‌ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയില്‍ ഉള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്. ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക, ഉച്ചത്തില്‍ വായിക്കുക, പേരുകള്‍, ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക, കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്.

സ്‌ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങുന്നതിനുള്ള പ്രയാസം കാണാറുണ്ട്. ഇതു ആഹാരം ശ്വാസനാളത്തിലേക്കു പോകുവാനും ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്. ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ ചെറിയ അളവില്‍ കുറേശ്ശെയായി കുടിക്കുകയും വേണം. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കുകയും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. കിടന്നു കൊണ്ട് ഭക്ഷണം കഴിക്കാന്‍ പാടില്ല.

സ്‌ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്, ഓര്‍മ്മക്കുറവ് എന്നിവ വരാനും സാധ്യതയുണ്ട്. കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുക, ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക, ആവശ്യമെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടുക എന്നിവ ഒക്കെ ചെയ്യണ്ടതാണ്. ശാന്തമായി വിശ്രമിക്കുക, ചെറിയ നടത്തത്തിനു പോവുക, സംഗീതം ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ഏകാഗ്രത വീണ്ടെടുക്കാന്‍ സഹായിക്കും.

സ്‌ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്ന തോന്നല്‍ ഉണ്ടാകാറുണ്ട്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ വരിക സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിന് കുടുംബങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. സ്വയം സമാധാനപ്പെടുക, എപ്പോഴും മുന്നോട്ടു പോകുകയും, മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലിരിക്കുകയും ചെയ്യുക. മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികള്‍ തേടുക, കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക, വിഷാദരോഗം മാറ്റുനതിനു വൈദ്യസഹായം തേടാന്‍ മടി കാണിക്കാതിരിക്കുക, മനസ്സിലാക്കുന്നവരോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുക എന്നിവയൊക്കെ ഈ വിഷാദം മാറ്റാന്‍ സഹായിക്കും.

പ്രതിരോധം എങ്ങനെ?

ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ചു നിയന്ത്രിക്കണം. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.

ശരീരഭാരം കൂടാതെ നോക്കുകയും, കൃത്യ സമയത്തു തന്നെ സമീകൃതമായ ആഹാരം കഴിക്കുകയും അതില്‍ കൂടുതലും പഴങ്ങളും, പച്ചക്കറികളും ഉള്‍പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്. പുകവലി പൂര്‍ണ്ണമായി ഒഴിവാക്കുകയും, മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരിക്കല്‍ ടി ഐ എ വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും, ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ ചെയ്യുന്നതിലൂടെ അതില്‍ അടവുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം അടവുകള്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി ചെയ്യണ്ടതാണ്.

 

health care stroke Health world stroke day