/kalakaumudi/media/post_banners/334ded36ba40892ed50c3da59245231a650c9ce1f8ef20c411b4edc576224383.jpg)
പാലില്‍ മായം ചേര്‍ക്കുന്നത് കണ്ടെത്താന്‍ പോക്കറ്റ് ഫ്രണ്ട്ലി ഉപകരണവുമായി മദ്രാസ് ഐഐടിയിലെ ഗവേഷകര്‍. വെറും 30 സെക്കന്‍ഡിനുള്ളില്‍ പാലിലെ മായം കണ്ടെത്തുന്ന ത്രിമാന പേപ്പര്‍ അധിഷ്ഠിത പോര്‍ട്ടബിള്‍ ഉപകരണമാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. യൂറിയ, ഡിറ്റര്‍ജന്റുകള്‍, സോപ്പ്, അന്നജം, ഹൈഡ്രജന്‍ പെറോക്‌സൈഡ്, സോഡിയം-ഹൈഡ്രജന്‍-കാര്‍ബണേറ്റ് തുടങ്ങിയ മായം ചേര്‍ക്കുന്ന വസ്തുക്കളായി ഉപയോഗിക്കുന്ന വസ്തുക്കളെ കണ്ടെത്താന്‍ ഇനി വീട്ടില്‍ പരിശോധന നടത്താം.
മാത്രമല്ല ഒരേസമയം ഒന്നിലധികം മായം കലര്‍ത്തുന്നവ കണ്ടെത്താനാകുമെന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. പാലില്‍ യൂറിയ, ഡിറ്റര്‍ജന്റുകള്‍, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവയുള്‍പ്പെടെ ഏഴ് മായം കലര്‍ന്ന വസ്തുക്കളെ വിശദമായ ഇടപെടലിലൂടെ കണ്ടെത്തിയതായി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ പല്ലബ് സിന്‍ഹ മഹാപത്ര പറഞ്ഞു.
മായം ചേര്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഒരു മില്ലി ലിറ്റര്‍ ദ്രാവകം മാത്രമേ സാമ്പിളായി ഉപയോഗിക്കൂവെന്നും അദ്ദേഹം പറഞ്ഞു. 'നേച്ചര്‍' എന്ന പിയര്‍ റിവ്യൂ ജേണലില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. കൈയിലൊതുക്കാവുന്ന ഈ ഉപകരണം കൊണ്ട് 30 സെക്കന്‍ഡില്‍ പാലിലെ മായം കണ്ടെത്താമെന്നും ഗവേഷകര്‍ പറയുന്നു.
ഉപകരണത്തിന്റെ മുകളിലൊഴിക്കുന്ന പാല്‍ താഴേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ മായമുണ്ടെങ്കില്‍ കാര്‍ഡിലെ രാസവസ്തുക്കള്‍ അതുമായി പ്രതിപ്രവര്‍ത്തിച്ച് നിറംമാറ്റം ദൃശ്യമാകും. കൂടാതെ പാലിലെ സ്വാഭാവികഘടകങ്ങളുമായി അവ പ്രതിപ്രവര്‍ത്തിക്കുകയില്ല. ജ്യൂസിലെയും മറ്റു പാനീയങ്ങളിലെയും മായവും ഇതേരീതിയില്‍ കണ്ടെത്താനാവുമെന്ന് പല്ലബ് സിന്‍ഹ മഹാപത്ര വ്യക്തമാക്കി.
വികസ്വര രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാന്‍, ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍ പാലില്‍ മായം ചേര്‍ക്കുന്നത് വര്‍ദ്ധിച്ചുവരുന്ന ഭീഷണിയാണ്...- ഐഐടി മദ്രാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മായം കലര്‍ന്ന പാലിന്റെ ഉപയോഗം കിഡ്നി പ്രശ്നങ്ങള്‍, ശിശുമരണം, ദഹനനാളത്തിന്റെ സങ്കീര്‍ണതകള്‍, വയറിളക്കം, കാന്‍സര്‍ എന്നിവയ്ക്ക് കാരണമാകാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
