കാന്‍സറിന് യോഗ ഫലപ്രദമോ? പഠനം

കാന്‍സര്‍ രോഗികളില്‍ യോഗ ഗുണകരമായി ബാധിക്കുമോയെന്ന് പരിശോധിക്കുമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) അറിയിച്ചു. 'സെല്ലുലാര്‍ മീഡിയേഷനുകള്‍ മനസിലാക്കുന്നതിനും വ്യക്തിഗത തലത്തില്‍ കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ പ്രവര്‍ത്തന സാദ്ധ്യതകളെക്കുറിച്ചറിയുന്നതിനും പഠനങ്ങള്‍ നടത്താന്‍ റീജിയണല്‍ കാന്‍സര്‍ സെന്റര്‍, സത്സംഗ് ഫൗണ്ടേഷന്‍ കേരള എന്നിവയുമായി സഹകരിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

author-image
Web Desk
New Update
കാന്‍സറിന് യോഗ ഫലപ്രദമോ? പഠനം

തിരുവനന്തപുരം: കാന്‍സര്‍ രോഗികളില്‍ യോഗ ഗുണകരമായി ബാധിക്കുമോയെന്ന് പരിശോധിക്കുമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) അറിയിച്ചു. 'സെല്ലുലാര്‍ മീഡിയേഷനുകള്‍ മനസിലാക്കുന്നതിനും വ്യക്തിഗത തലത്തില്‍ കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ പ്രവര്‍ത്തന സാദ്ധ്യതകളെക്കുറിച്ചറിയുന്നതിനും പഠനങ്ങള്‍ നടത്താന്‍ റീജിയണല്‍ കാന്‍സര്‍ സെന്റര്‍, സത്സംഗ് ഫൗണ്ടേഷന്‍ കേരള എന്നിവയുമായി സഹകരിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഡോ രേഖ എ നായരുടെ നേതൃത്വത്തില്‍ ആര്‍സിസി പഠനം ഏകോപിപ്പിക്കും. ഭാവിയില്‍ വലിയ സാധ്യതകളുള്ള രാജ്യത്തെ ഒരു സുപ്രധാന സംരംഭമാണിതെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ പറഞ്ഞു. രാജ്യത്തെ സുപ്രധാനമായ മൂന്ന് സ്ഥാപനങ്ങള്‍ സഹകരിക്കുന്നതോടെ പദ്ധതിയുടെ മുന്നോട്ടുപോക്ക് എളുപ്പത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ജിസിബിയുടെ ജെന്‍ഡര്‍ അഡ്വാന്‍സ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (ജിഎടിഐ) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യോഗ ദിനാചരണപരിപാടിയിലായിരുന്നു പ്രഖ്യാപനം.

ജീവിത ശൈലിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി ജീവിതം ആയാസരഹിതമാക്കാനുള്ള വഴികളാണ് യോഗയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങളിലൂടെ യോഗയുടെ വിവിധ ഗുണങ്ങള്‍ തെളിയിക്കപ്പെട്ടതാണ്.

യോഗ കാന്‍സര്‍ ചികിത്സയുടെയും അനുബന്ധ ചികിത്സയുടെയും കാര്യത്തില്‍ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോംപ്ലിമെന്ററി തെറാപ്പി എന്ന നിലയിലാണ് യോഗ കാന്‍സര്‍ ചികിത്സയില്‍ അംഗീകാരം നേടിയിട്ടുള്ളത്. ശാരീരിക നേട്ടങ്ങള്‍, മാനസികവും വൈകാരികവുമായ ക്ഷേമം എന്നിവയാണ് കാന്‍സര്‍ രോഗികള്‍ക്ക് യോഗയിലൂടെ പ്രധാനമായും ലഭിക്കുന്നത്.

കാന്‍സര്‍ ചികിത്സ നടക്കുമ്പോള്‍ പലപ്പോഴും രോഗികള്‍ക്ക് ശാരീരികമായി തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും, യോഗ ഇത്തരം ലക്ഷണങ്ങളെ ചെറുക്കാനും ശാരീരിക ക്ഷേമം വീണ്ടെടുക്കാനും സഹായിക്കുമെന്ന് നിരവധി ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, സ്തനാര്‍ബുദത്തെ അതിജീവിച്ചവര്‍ക്ക് ക്ഷീണം, വേദന, ഉറക്ക അസ്വസ്ഥതകള്‍ എന്നിവയില്‍ ഗണ്യമായ കുറവുണ്ടായതായി തെളിഞ്ഞിട്ടുണ്ട്. സ്തനാര്‍ബുദം കഴിഞ്ഞുണ്ടാകുന്ന കൈ വീക്കം, നടുവേദന എന്നിവ കുറയ്ക്കാന്‍ സൂര്യനമസ്‌കാരം, ഗോമുഖാസനം, താഡാസനം എന്നിവ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. കൂടാതെ അനായാസമായ ചലനത്തിനും വഴക്കം കൂട്ടുന്നതിനും പേശികളുടെയും സന്ധികളുടെയും ചലനം മെച്ചപ്പെടുത്താനും യോഗ ഏറെ സഹായിക്കുന്നു.

പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിലൂടെ ആരോഗ്യ നില വീണ്ടെടുക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും യോഗ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശ കാന്‍സര്‍ രോഗികള്‍ക്ക് കിതപ്പ്, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം എന്നിവ പൊതുവെ കാണുന്ന ലക്ഷങ്ങളാണ്. ഹെല്‍ത്ത് ഇന്‍ ദ് ലൈഫ് ഓഫ് കാന്‍സര്‍ പേഷ്യന്റ് എന്ന ജേണലില്‍ 2021 ല്‍ നടത്തിയ പഠന പ്രകാരം 1 മണിക്കൂര്‍ യോഗ, ശരിയായ പോസ്റ്ററില്‍ ഉള്ള യോഗ, ശ്വാസമെടുക്കുന്ന രീതി (പ്രാണായാമം) എന്നിവ ചെയ്ത രോഗികളില്‍ യോഗയുടെ 12 സെഷന്‍ കഴിഞ്ഞപ്പോഴേക്കും കിതപ്പ് കുറയുകയും ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം എന്നിവയില്‍ കാര്യമായ മാറ്റം വന്നതായും തെളിഞ്ഞിരുന്നു.

വായിലെ കാന്‍സര്‍ സംബന്ധമായി വരുന്ന സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, കഴുത്തു തിരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് ദന്ത മൂല ധൗതി, ജിഹ്വ മൂല ദൗതി, കപാല രന്ദ്ര ധൗതി, ഭ്രമരി പ്രാണായാമം എന്നിവ ഫലപ്രദമാണ്. പക്ഷേ യോഗയുടെ ഫലം ഓരോ വ്യക്തികള്‍ക്കനുസരിച്ചും അവരുടെ ആരോഗ്യസ്ഥിതി അനുസരിച്ചും മാറ്റം വരാറുണ്ട്.

കാന്‍സര്‍ രോഗനിര്‍ണയം ഒരാളുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തെ ബാധിക്കാറുണ്ട്. കാന്‍സര്‍ രോഗികളില്‍ ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നതില്‍ യോഗയുടെ ഫലപ്രാപ്തി സമീപകാല പഠനങ്ങള്‍ എടുത്തുകാണിക്കുന്നു. ക്ലിനിക്കല്‍ ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ യോഗയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉത്കണ്ഠയും വിഷാദ ലക്ഷണങ്ങളും വളരെ കുറവാണെന്ന് തെളിയിച്ചു. ശ്രദ്ധയും ധ്യാന പരിശീലനങ്ങളും സമന്വയിപ്പിക്കുന്നതിലൂടെ, യോഗ രോഗികള്‍ക്ക് പ്രതിരോധശേഷിയും വൈകാരിക ക്ഷേമവും പ്രദാനം ചെയ്യുന്നു.

നല്ല ജീവിത നിലവാരവും ആരോഗ്യകരമായ ഉറക്ക രീതിയും നിലനിര്‍ത്തുന്നത് കാന്‍സര്‍ രോഗികള്‍ക്ക് അത്യന്താപേക്ഷിതമാണ്. അതിനായി യോഗ ഏറെ സഹായിക്കുമെന്ന് ഉയര്‍ന്നുവരുന്ന ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കാന്‍സര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വിവിധ കാന്‍സറുകള്‍ക്ക് റേഡിയേഷന്‍ തെറപ്പിക്ക് വിധേയരായ രോഗികളുടെ ജീവിത നിലവാരത്തില്‍ യോഗയുടെ സ്വാധീനത്തെക്കുറിച്ച് പഠനം നടത്തിയതില്‍ യോഗയില്‍ പങ്കെടുക്കുന്നവര്‍ ശാരീരികവും സാമൂഹികവും വൈകാരികവും പ്രവര്‍ത്തനപരവുമായ ക്ഷേമവും മെച്ചപ്പെട്ട ഉറക്ക നിലവാരവും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

 

kerala disease Cancer study