By Lekshmi.06 05 2023
പ്രത്യുല്പാദനത്തിന്‍റെ ഭാഗമായി സ്ത്രീകളില്‍ നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം.സ്ത്രീകളുടെ പ്രധാന പ്രത്യുല്പാദന അവയവങ്ങളാണ് ഓവറികളും ഗര്‍ഭ പാത്രവും.പ്രായപൂര്‍ത്തിയാകുന്ന കാലം മുതൽ ആര്‍ത്തവ വിരാമം വരെ ഏകദേശം എല്ലാ മാസവും ഓരോ അണ്ഡങ്ങള്‍ വളര്‍ച്ച പൂര്‍ത്തീകരിച്ച്, ഗര്‍ഭധാരണം നടക്കും എന്ന പ്രതീക്ഷയില്‍ ഓവറിയില്‍ നിന്നു ഗര്‍ഭപാത്രത്തിലേക്കെത്തും.ഈ പ്രക്രിയക്ക് സമാന്തരമായി ഗര്‍ഭപാത്രത്തിലും മാറ്റങ്ങള്‍ ഉണ്ടാവും. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകളാണ് ഈ മാറ്റങ്ങളെ നിയന്ത്രിക്കുന്നത്.
ഗര്‍ഭാശയത്തിനകത്തെ എന്‍ഡോമെട്രിയത്തിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുക.ഓവുലേഷനു മുന്നേ തന്നെ ആ സ്തരത്തിന്‍റെ കട്ടി കൂടുകയും ആ ഏരിയയിലേക്കുള്ള രക്തയോട്ടം കൂടുകയും ചെയ്യും. ഗര്‍ഭധാരണം നടന്നാല്‍ ഉണ്ടാകുന്ന ഭ്രൂണത്തിനായി പതുപതുത്ത ഒരു മെത്തയൊരുക്കുകപ്പെടുകയാണ് അവിടെ.ഗര്‍ഭധാരണം നടന്നില്ലെങ്കില്‍, പ്രോജസ്റ്ററോണിന്‍റെ അളവ് പതിയെ കുറയും.ആ മാസം വന്ന അണ്ഡവും അതിന്‍റെ കൂടെ എന്‍ഡോമെട്രിയത്തിന്‍റെ പുറത്തെ ഭാഗവും വേര്‍പെട്ടു പുറത്തേക്കു പോകും, ഒപ്പം പുതിയതായി ഉണ്ടായ രക്തകുഴലുകളില്‍ നിന്നുമുള്ള രക്തവും.ഈ പ്രക്രിയയെ ആണ് ആര്‍ത്തവം എന്നു വിളിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഒന്നുമില്ലാത്ത ഒരു സ്ത്രീയിൽ എല്ലാ മാസവും മുറ തെറ്റാതെ ആർത്തവം ആവർത്തിച്ചുവരും.ആർത്തവചക്രം കണക്കാക്കുന്നത് ആർത്തവരക്തം പോക്കിന്റെ ആദ്യ ദിനം മുതലാണ്.ഒരു ആർത്തവത്തിന്റെ ആദ്യ ദിനം മുതൽ അടുത്ത ആർത്തവത്തിന് തൊട്ടു മുമ്പു വരെയുള്ള കാലയളവിൽ ഗർഭപാത്രത്തിലും ശരീരത്തിൽ പൊതുവെയും ഉണ്ടാകുന്ന ക്രമമായ മാറ്റങ്ങളെ ഒരു ആർത്തവചക്രം എന്നു കണക്കാക്കുന്നു.ഒരു ആർത്തവചക്രത്തിന്റെ ദൈർഘ്യം സാധാരണ ഗതിയിൽ 28 ദിവസങ്ങൾ ആണ്.
ആർത്തചക്രത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്ത തലത്തിലുള്ള ഹോർമോൺ പ്രവർത്തനങ്ങളും ശാരീരിക മാറ്റങ്ങളും സംഭവിക്കും. ഹോർമോണുകളുടെ അളവിലുള്ള മാറ്റങ്ങൾ കാരണം സ്ത്രീകളുടെ മാനസികാവസ്ഥയിലും മാറ്റങ്ങൾ സംഭവിക്കും.പലപ്പോഴും ആർത്തവ ദിനങ്ങളിലെ ‘മൂഡ് സ്വിങ്ങ്സ്’ എന്ന ഓമന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഹോർമോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ, പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിന് ഉത്തരവാദികളായ സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളെയും ബാധിക്കും.
ഹോർമോൺ മാറ്റങ്ങൾക്ക് പുറമേ, സമ്മർദ്ദം, ഉറക്കക്കുറവ്, പോഷകാഹാരക്കുറവ് തുടങ്ങിയ മറ്റ് ഘടകങ്ങളും ആർത്തവസമയത്തെ മാനസികാവസ്ഥയ്ക്ക് കാരണമാകും.സ്ത്രീകളിൽ ആർത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഉണ്ടാകുന്ന ശാരീരികവും വൈകാരികവുമായ ലക്ഷണങ്ങളെ പ്രീമെൻസ്ട്രൽ സിൻഡ്രോം (PMS) എന്നാണ് വിളിക്കുന്നത്.മാനസികാവസ്ഥ, ക്ഷോഭം, ഉത്കണ്ഠ, വിഷാദം, ക്ഷീണം എന്നിവയെല്ലാം പിഎംഎസിന്റെ ലക്ഷണങ്ങളാണ്.
എല്ലാ സ്ത്രീകൾക്കും ആർത്തവ ചക്രവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള മൂഡ് സ്വിങ്ങ്സ് അനുഭവപ്പെടണമെന്നില്ല.മാനസികാവസ്ഥയിലെ മാറ്റങ്ങളുടെ തീവ്രത ഓരോ വ്യക്തിക്കും അനുഭവപ്പെടുന്നതും വ്യത്യസ്തമായ രീതിയിലായിരിക്കും.എന്നിരുന്നാലും, ഓരോ സ്ത്രീയും അവളുടെ ആർത്തവചക്രം ട്രാക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ആർത്തവത്തിനായി തയാറെടുക്കുന്നതിന് മാത്രമല്ല, അതിലൂടെ നിങ്ങളുടെ മാനസികവും വൈകാരികവും ശാരീരികവും ആരോഗ്യത്തെയും പരിപാലിക്കാൻ സാധിക്കും. ആർത്തവചക്രവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മാനസികാവസ്ഥയിലെ മാറ്റങ്ങളും ട്രാക്ക് ചെയ്യാൻ ഇന്ന് നിരവധി ആപ്പുകളും ലഭ്യമാണ്.
ഈ ആപ്പുകൾ വഴി ശാരീരികമായ മാറ്റങ്ങൾ എങ്ങനെയാണ് നിങ്ങളെ മാനസികമായി ബാധിക്കുന്നതെന്ന് കൃത്യമായി മോണിറ്റർ ചെയ്യാനാവും. ഈ മെൻസ്ട്രൽ ആപ്പുകളിലൂടെ ദേഷ്യം, ഉത്കണ്ഠ, ദുഖം, ക്ഷീണം, സന്തോഷം, ഊർജ്ജസ്വലത, ആത്മവിശ്വാസം, ആവേശം എന്നിങ്ങനെ അനുദിനം മാറിമറിയുന്ന നിങ്ങളുടെ മൂഡ് സ്വിങ്ങ്സിനെ മനസ്സിലാക്കാനും അവയെ ഒരുപരിധി വരെ നിയന്ത്രിക്കാനും സാധിക്കും.ആർത്തവചക്രവുമായി ബന്ധപ്പെട്ടു വരുന്ന മാനസികാവസ്ഥകൾ ആ ചക്രത്തിനൊപ്പം തന്നെ മാറി മറിഞ്ഞു പോവും.