National Ayurveda Day 2023 | എല്ലാവര്‍ക്കും എല്ലാ ദിവസവും ആയുര്‍വേദം

നവംബര്‍ 10, ദേശീയ ആയുര്‍വേദ ദിനം. ആയുര്‍വേദത്തിന്റെ പ്രാധാന്യം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം

author-image
Web Desk
New Update
National Ayurveda Day 2023 | എല്ലാവര്‍ക്കും എല്ലാ ദിവസവും ആയുര്‍വേദം

നവംബര്‍ 10, ദേശീയ ആയുര്‍വേദ ദിനം. ആയുര്‍വേദത്തിന്റെ പ്രാധാന്യം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം

ഡോ. വി. ജെ. സെബി

എട്ടാമത് ദേശീയ ആയുര്‍വേദ ദിനാചരണം കേന്ദ്ര ആയുഷ് മന്ത്രാലയ നിര്‍ദേശ പ്രകാരം ധന്വന്തരി ജയന്തി ദിനമായ നവംബര്‍ 10 ന് നടത്തുകയാണ്. 2016 മുതലാണ് 5000 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ആയുര്‍വേദ വൈദ്യശാസ്ത്രത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമാക്കി ദേശീയ ആയുര്‍വേദ ദിനാചരണം ആരംഭിച്ചത്. ഓരോ വര്‍ഷവും ഓരോ സന്ദേശം മുന്‍നിര്‍ത്തിയാണ് ആയുര്‍വേദ ദിനം നടത്തി വരുന്നത്, ഏകാരോഗ്യം എന്ന ലക്ഷ്യത്തിനായി എല്ലാവര്‍ക്കും എല്ലാ ദിവസവും ആയുര്‍വേദം എന്ന ടാഗ് ലൈനില്‍ ആയുര്‍വേദ ഫോര്‍ ഒണ്‍ ഹെല്‍ത്ത് എന്ന തീം ആണ് ഈ വര്‍ഷം പ്രചരിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം, കേവലം മനുഷ്യരുടെ മാത്രമല്ല സമസ്ത ജീവജാലങ്ങളുടെ ആരോഗ്യ സംരക്ഷണവും, പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും കൂടി ലക്ഷ്യമിടുന്ന വിശാല കാഴ്ചപ്പാടോടെ ഉള്ളതാണ്.

ഒരു ചികിത്സാ ശാസ്ത്രം എന്നതിനോടൊപ്പം തന്നെ, തുല്യ പ്രാധാന്യത്തോടെ ആരോഗ്യകരമായ ജീവിത ശൈലിയെ കുറിച്ച് സമഗ്രമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന, ജീവിത ശാസ്ത്രമാണ് ആയുര്‍വേദം, നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും ആയുര്‍വേദ ശാസ്ത്ര നിര്‍ദേശങ്ങള്‍ക്ക് ആധുനിക കാലഘട്ടത്തിലും വലിയ പ്രസക്തിയുണ്ടെന്നാണ് പഠനങ്ങളും അനുഭവങ്ങളും സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങളും പകര്‍ച്ചവ്യാധികളും നമ്മുടെ സമൂഹത്തില്‍ വലിയ വെല്ലുവിളിയായിരിക്കുകയും, പൊതുവില്‍ വ്യക്തികളുടെ സ്വാഭാവിക രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആരോഗ്യസംരക്ഷണത്തിനായി ആയുര്‍വേദ സാദ്ധ്യതകള്‍ കൂടുതലായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

സമ്പൂര്‍ണ ആരോഗ്യ ശാസ്ത്രമായ ആയുര്‍വേദത്തിന് സ്വസ്ഥ വൃത്തം, ആതുര വൃത്തം എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്. അതില്‍ സ്വസ്ഥ വൃത്തത്തില്‍ ആണ് രോഗപ്രതിരോധത്തിനായി പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നത്. വ്യാധി ക്ഷമത്വം എന്നാണ് രോഗപ്രതിരോധശേഷിയെ ആയുര്‍വേദത്തില്‍ വിവരിച്ചിട്ടുള്ളത്. രോഗം വരാതെ പ്രതിരോധിക്കുക എന്നതിനോടൊപ്പം രോഗം വന്നാല്‍ രോഗതീവ്രത കൂടാതെ സംരക്ഷിക്കുക എന്നതും വ്യാധിക്ഷമത്വത്തിലൂടെ ലക്ഷ്യമാക്കുന്നു.

ഏതു രോഗം വന്നാലും മരുന്ന് കഴിക്കുന്നതിലൂടെ അസുഖം ഭേദമാക്കുകയും, അങ്ങനെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാമെന്നുള്ള കാഴ്ചപ്പാട് ആയിരുന്നു നമ്മുടെ സമൂഹത്തില്‍ അടുത്തകാലം വരെ ഉണ്ടായിരുന്നത്. ജീവിത ശൈലി രോഗങ്ങളുടെ ആധിക്യവും പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പടര്‍ന്നു പിടിക്കയും ചെയ്യുന്ന സാഹചര്യത്തില്‍ ഔഷധ ഉപയോഗം കൊണ്ട് മാത്രം ആരോഗ്യം സംരക്ഷിക്കുവാന്‍ കഴിയില്ല എന്ന വസ്തുത എല്ലാവരും ഒരുപരിധിവരെ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകളായി ആയുര്‍വേദം നിര്‍ദേശിക്കുന്നതും, ഔഷധം കൊണ്ട് മാത്രമല്ല ശരിയായ ആഹാര ശീലവും ചിട്ടയായ ജീവിത ശൈലിയും അനുഷ്ഠിക്കുന്നതിലൂടെ മാത്രമേ ആരോഗ്യം സംരക്ഷിക്കുവാന്‍ കഴിയൂ എന്ന എക്കാലത്തും പ്രസക്തിയുള്ള നിര്‍ദേശങ്ങളാണ്. ഓരോ ദിവസവും രാവിലെ ഉണരുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ നിര്‍ദേശിക്കുന്ന ദിനചര്യയും, ഓരോ കാലത്തും ആഹാരകാര്യത്തിലും ദൈനം ദിനജീവിതത്തിലും പാലിക്കേണ്ട ശീലങ്ങളെ സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളുന്ന ഋതുചര്യ നിര്‍ദേശങ്ങളും, ഓരോ വ്യക്തിയും ഏതു ഭക്ഷണം എപ്പോള്‍, എങ്ങനെ, ഏത് അളവില്‍ കഴിക്കണം എന്ന് നിര്‍ദേശിക്കുന്ന ആഹാരചര്യയും ആയുര്‍വേദ ശാസ്ത്രം വളരെ പ്രാധാന്യത്തോടെ വിവരിച്ചിട്ടുണ്ട്. ശാരീരിക ആരോഗ്യം എന്നതുപോലെ മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിനും, സാമൂഹികമായ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിനും ശീലിക്കേണ്ട കാര്യങ്ങള്‍ സദ് വൃത്തം എന്നതില്‍ വിശദമായി പ്രതിപാദിക്കുന്നു. ഇവയ്‌ക്കൊക്കെ ഇക്കാലത്തും ആരോഗ്യ സംരക്ഷണത്തില്‍ വലിയ പ്രസക്തിയുമുണ്ട് .

അസുഖ ബാധിതനായ ശേഷം ആരോഗ്യ സംരക്ഷണത്തിനായി തങ്ങളുടെ വരുമാനത്തിന്റെ സിംഹ ഭാഗവും മാറ്റിവയ്ക്കേണ്ടി വരുന്ന ആധുനിക കാലത്ത്, ആയുര്‍വേദ ദിന സന്ദേശമായ എല്ലാവര്‍ക്കും എല്ലാ ദിവസവും ആയുര്‍വേദമെന്ന നിര്‍ദേശത്തിന് കാലിക പ്രാധാന്യമുണ്ട് .

ശുദ്ധമായ ആയുര്‍വേദം ഏറ്റവും ശാസ്ത്രീയമായി ഇക്കാലത്തും കൈകാര്യം ചെയ്യുന്നത് കേരളത്തിലായതിനാല്‍ കേരളീയ ആയുര്‍വേദ ചികിത്സയ്ക്ക് ലോകത്താകെ തന്നെ സവിശേഷ സ്ഥാനമുണ്ട്, ആയുര്‍വേദ ദിനത്തില്‍ കേരളീയ ആയുര്‍വേദത്തിന്റെ സാധ്യത തിരിച്ചറിയുവാനും അത് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുവാനും കഴിയണം. പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കാനും ചികിത്സ ഉറപ്പാക്കാനും കഴിയുന്നതിനോടൊപ്പം ജീവിത ശൈലി രോഗ നിയന്ത്രണത്തിലും ആയുര്‍വേദത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ജനങ്ങളുടെ സമഗ്ര ആരോഗ്യം സംരക്ഷിക്കുവാന്‍ കഴിയുന്നതിനോടൊപ്പം ,ഔഷധ നിര്‍മാണത്തിലൂടെയും സുഖ ചികിത്സ എന്നതിനേക്കാള്‍ പ്രത്യേക രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ ആയുര്‍വേദ ചികിത്സയ്ക്കു പ്രാധാന്യം നല്‍കി, ആരോഗ്യ ടൂറിസം എന്ന കാഴ്ചപ്പാടോടു കൂടി ആയുര്‍വേദ മേഖലയിലുള്ള സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാനും സംസ്ഥാനത്തിന് ഉറപ്പായും കഴിയും.

കണ്ണൂരില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ ഗവേഷണങ്ങള്‍ക്ക് ആക്കം കൂട്ടാനും, ആയുര്‍വേദ ഔഷധങ്ങളുടെ സുരക്ഷിതത്വം, ഫലപ്രാപ്തി ഇവ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലും പ്രാദേശികമായും ഉള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും ആയുര്‍വേദത്തിനെതിരെ ബോധപൂര്‍വം നടക്കുന്ന കുപ്രചാരണങ്ങളെ തടയുവാനും സഹായിക്കും എന്ന് പ്രതീഷിക്കുന്നു.

കേരളത്തില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ഉള്‍പ്പെടെ ഉള്ള വിപുലമായ ശാസ്ത്ര സെമിനാറുകളും സംവാദങ്ങളും ആയുര്‍വേദത്തിന്റെ വികസനത്തിനും, എല്ലാവര്‍ക്കും ആരോഗ്യം പ്രധാനം ചെയ്യണമെന്നുള്ള ലക്ഷ്യവും നേടിയെടുക്കുവാന്‍ സഹായിക്കും എന്ന് ആയുര്‍വേദ ദിനത്തില്‍ പ്രത്യാശിക്കാം. കേരളത്തെ ആയുര്‍വേദ തലസ്ഥാനമാക്കി ലോകത്തിനാകെ പ്രയോജനപ്പെടുന്ന സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം ഇനി വരുന്ന കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നതുകൊണ്ട്, അത്തരം വലിയ ലക്ഷ്യങ്ങള്‍ എല്ലാവരുടെയും സഹകരണത്തോടെ ഏറ്റെടുക്കാന്‍ സര്‍ക്കാരുകളും അധികാരികളും വരുംകാലങ്ങളിലെങ്കിലും തയ്യാറാക്കേണ്ടതുണ്ട്.

(ലേഖകന്‍ ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫീസറും കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ്)

 

 

ayurveda ayurveda medicine national ayurveda day 2023