നിപ: വ്യാപനം; മുന്‍കരുതലുകള്‍; ശ്രദ്ധിക്കേണ്ടവ

കടുത്ത രോഗലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ പ്രകടിപ്പിക്കയും അടുത്തിടപെടുന്നവരിലേക്ക് മാത്രം പകരുകയും ചെയ്യുന്ന രോഗമാണ് നിപ. അതിനാല്‍, ഈ പകര്‍ച്ചവ്യാധികളെ അതിവേഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിയും.

author-image
Web Desk
New Update
നിപ: വ്യാപനം; മുന്‍കരുതലുകള്‍; ശ്രദ്ധിക്കേണ്ടവ

കടുത്ത രോഗലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ പ്രകടിപ്പിക്കയും അടുത്തിടപെടുന്നവരിലേക്ക് മാത്രം പകരുകയും ചെയ്യുന്ന രോഗമാണ് നിപ. അതിനാല്‍, ഈ പകര്‍ച്ചവ്യാധികളെ അതിവേഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിയും. രോഗികളെ വേര്‍തിരിച്ച് ചികിത്സിച്ചും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്തുമാണ് രോഗനിയന്ത്രണം സാധ്യമാക്കുന്നത്.

1998 ല്‍ മലേഷ്യയിലും തുടര്‍ന്ന് സിംഗപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കാട്ടിലെ കായ് കനികള്‍ ഭക്ഷിച്ച് ജിവിച്ചിരുന്ന വവ്വാലില്‍ നിന്ന് നിപാ വൈറസ്, പന്നി തുടങ്ങിയ നാട്ടുമൃഗങ്ങളിലേക്ക് വ്യാപിച്ചു. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടര്‍ന്നു. മലേഷ്യയിലെ നിപ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ എന്ന പേരില്‍ വൈറസ് അറിയപ്പെട്ടത്.

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് മാത്രം പകര്‍ന്നിരുന്ന നിപ്പാ വൈറസ് ജനിതകമാറ്റം സംഭവിച്ചത് കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പടരുന്നത്. പ്രധാനമായും പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് ജനുസ്സില്‍ പെട്ട വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകര്‍. വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്.

മലേഷ്യയില്‍ വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും രോഗം പകര്‍ന്നു. വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളില്‍ പനയിലും മറ്റും കലങ്ങളില്‍ ശേഖരിക്കുന്ന വവ്വാലുകള്‍ കഴിക്കാനെത്തുന്ന പാനീയങ്ങളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയില്‍ മാത്രമാണ് പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗിയുടെ സ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. പനി, തലവേദന, തലകറക്കം, ചുമ, ബോധക്ഷയം മുതലായവയാണ് നിപ രോഗലക്ഷണങ്ങള്‍. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് മരണത്തിന് കാരണമാവും. ആര്‍ ടി പി സി ആര്‍, എലിസ ടെസ്റ്റുകള്‍ വഴി രോഗനിര്‍ണ്ണയം നടത്താം, മരണമടയുന്ന രോഗികളുടെ അവയവകോശങ്ങള്‍ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി പരിശോധനക്ക് വിധേയമാക്കി രോഗം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയും.

വവ്വാലിന്റെ ആവാസകേന്ദ്രങ്ങളില്‍ പോവുന്നത് ഒഴിവാക്കുകയും വവ്വാല്‍ കടിച്ചുപേക്ഷിച്ചവയാവാന്‍ സാധ്യതയുള്ള പഴങ്ങള്‍ സ്പര്‍ശിക്കാതിരിക്കുകയും ചെയ്യേണ്ടതാണ്. മാസ്‌ക് ധാരണം, ദൂരം പാലിക്കല്‍, ആവര്‍ത്തിച്ച് കൈ കഴുകല്‍ തുടങ്ങിയ കോവിഡ് പെരുമാറ്റചട്ടങ്ങള്‍ തന്നെയാണ് രോഗം പകരാതിരിക്കാന്‍ പിന്തുടരേണ്ടത.

നിപ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. വൈറസുകളെ നശിപ്പിക്കുന്ന റിബാവിറിന്‍ എന്ന മരുന്ന് പരീക്ഷണ ഘട്ടത്തിലാണ്. വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നു വരുന്നു.

കടപ്പാട്: ഡോ. ബി ഇക്ബാല്‍

luca.co.in

Health disease health care treatment nipah virus