സർജറി കൂടാതെ ഫലപ്രദമായി അതിവേഗം ക്യാൻസർ നശിപ്പിക്കും;പുതിയ കണ്ടെത്തലുമായി ഗവേഷകർ!

By Greeshma Rakesh.27 12 2023

imran-azhar

 

 

പ്രായ-ലിംഗഭേദമെന്യേ എല്ലാവരും ഒരുപോലെ ഭയപ്പെടുന്ന രോഗമാണ് ക്യാൻസർ. സമയബന്ധിതമായി കണ്ടെത്താനായാൽ ക്യാൻസറിന് ഫലപ്രദമായ ചികിത്സ നേടാൻ കഴിയും. ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കാണ് പലപ്പോഴും കാൻസർ തിരിച്ചടിയാകുന്നത്.

 

മാത്രമല്ല വൈകി രോഗനിർണയം നടത്തുന്നതും ചികിത്സയുടെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കാറുണ്ട്.എന്നാൽ ഇപ്പോഴിതാ ക്യാൻസർ ചികിത്സാരംഗത്ത് വലിയ മാറ്റത്തിന് സാധ്യതയുള്ള കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ.സർജറി കൂടാതെ തന്നെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമാണ് സംഘം കണ്ടെത്തിയിരിക്കുന്നത്.

 


അമേരിക്കയിൽ നിന്നുള്ള ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. 'നേച്ചർ കെമിസ്ട്രി' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിൽ ഇവരുടെ പഠനത്തിൻറെ വിശദാംശങ്ങൾ വരികയും അത് ഏറെ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

 

'അമിനോസയാനിൻ മോളിക്യൂൾസ്' എന്ന തന്മാത്രകളെ ഉപയോഗിച്ച് ക്യാൻസർ കോശങ്ങളെ അതിവേഗം നശിപ്പിക്കാൻ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ഇതിന് മുമ്പും ഇത്തരത്തിൽ തന്മാത്രകളുപയോഗിച്ച് ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുന്ന രീതി ഗവേഷകർ വികസിപ്പിച്ചിട്ടുള്ളതാണ്.

 


എന്നാൽ അതിനെക്കാളൊക്കെ ഫലപ്രഥമായതാണ് പുതിയ കണ്ടെത്തൽ എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.അതായത് പഴയ രീതിയെക്കാൾ ലക്ഷക്കണക്കിന് മടങ്ങ് വേഗതയാണത്രേ പുതിയ രീതിക്കുള്ളതെന്നാണ് ഗവേഷകർ പറയുന്നത്. ഇൻഫ്രാറെഡ് കിരണങ്ങളുടെ സഹായത്തോടെ തന്മാത്രകളെ ശക്തിയായി ഇളക്കും. ഈ തന്മാത്രകൾക്കാണെങ്കിൽ ക്യാൻസർ കോശങ്ങളെ പിടിച്ച് അവയെ തകർത്ത് മുന്നേറാനും സാധിക്കും.

 


ലാബിലെ പരീക്ഷണത്തിൽ 99 ശതമാനമാണ് ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിന് ഈ മോളിക്യുലാർ മെഷീൻ സഹായിച്ചതായും ഗവേഷകർ പറയുന്നു. അതായത് അത്രയും ഫലം ലഭിക്കാൻ സാധ്യതയെന്നാണ് സൂചന. എലികളിൽ പരീക്ഷണം നടത്തിയപ്പോഴാകട്ടെ, പകുതിയിലധികം എലികളും ക്യാൻസറിൻറെ പിടിയിൽ നിന്ന് പൂർണമായി രക്ഷപ്പെട്ടു.

 

ഇത് ഒരു തുടക്കം മാത്രമാണെന്ന് സമ്മതിച്ച വിപ്ലവാത്മകമായ തുടക്കമാണിതെന്നും അവകാശപ്പെട്ടു. ഭാവിയിൽ ക്യാൻസർ ചികിത്സാമേഖലയിൽ വമ്പൻ തരംഗം സൃഷ്ടിക്കുംവിധം സ്ഫോടനാത്മകത കണ്ടെത്തലാണിതെന്നാണ് ഗവേഷക സംഘം പറയുന്നത്.

 

OTHER SECTIONS