രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിക്കാം ഈ ഭ​ക്ഷണങ്ങൾ...

അമിത ഊർജ്ജം അടങ്ങാത്ത എന്നാൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ് പൊതുവെ കഴിക്കേണ്ടത്. മാത്രമല്ല ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികൾ തങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണം.

author-image
Greeshma Rakesh
New Update
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിക്കാം ഈ ഭ​ക്ഷണങ്ങൾ...

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ പങ്ക് പ്രധാനമാണ്.അതിനാൽ എപ്പോഴും പ്രമേഹ രോഗികൾ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കണം.

അമിത ഊർജ്ജം അടങ്ങാത്ത എന്നാൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ് പൊതുവെ കഴിക്കേണ്ടത്. മാത്രമല്ല ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികൾ തങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണം.

അത്തരത്തിൽ പ്രമേഹ രോഗികൾ അവരുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയന്ന് നോക്കാം...

1.ബ്രൊക്കോളി

ബ്രൊക്കോളിയാണ് ഈ പട്ടികയിൽ ആദ്യമായി ഉൾപ്പെടുന്നത്. കാർബോഹൈട്രേറ്റ് കുറഞ്ഞതും ഫൈബർ അടങ്ങിയതുമായ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഏറെ സഹായിക്കുന്നു.

2.മത്തങ്ങ

മത്തങ്ങയും മത്തങ്ങാ വിത്തുകളും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ സഹായിക്കും.മാത്രമല്ല ഫൈബറും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും.

3. നട്സ്

നട്സ് ആണ് മൂന്നാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനും വിറ്റാമിനുകളും മറ്റ് ധാതുക്കളും അടങ്ങിയ ബദാം, നിലക്കടല തുടങ്ങിയ നട്സുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.

4.വെണ്ടയ്ക്ക

വെണ്ടയ്ക്കയാണ് അടുത്തതായി ഈ പട്ടികയിൽ നാലാമതുള്ളത്. ഫൈബർ അടങ്ങിയ വെണ്ടയ്ക്ക ഭക്ഷണങ്ങളിൽ നിന്ന് കാർബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താൻ സഹായിക്കുന്നു. ഇതിലൂടെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിർത്താനാകുന്നു. വെണ്ടയ്ക്കയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്.

5.ഓട്സ്

ഓട്സ് ആണ് അഞ്ചാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഓട്സിൻറെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. കൂടാതെ എളുപ്പം ദഹിക്കുന്ന ഫൈബറുകൾ ഓട്‌സിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

6. പാവയ്ക്ക

പാവയ്ക്ക ആണ് അടുത്തത്. പാവയ്ക്കയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് ഉയരാതെ നിലനിർത്താൻ സഹായിക്കും.

7.ഉലുവ

ഉലുവയാണ് ഏഴാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയ ഉലുവ പ്രമേഹ രോഗികൾക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ഇതിനായി ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്.

8.ബെറി പഴം

ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആൻറിഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

foods Health News health tips Blood Sugar