തൈറോയ്ഡ് ഉള്ളവര്‍ക്ക് വണ്ണം കുറയ്ക്കണോ? ഇതാ ചില ടിപ്‌സുകള്‍...

ദഹനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതോടെയാണ് വണ്ണ കുറയാത്ത അവസ്ഥയുണ്ടാകുന്നത്

author-image
Greeshma Rakesh
New Update
തൈറോയ്ഡ് ഉള്ളവര്‍ക്ക് വണ്ണം കുറയ്ക്കണോ? ഇതാ ചില ടിപ്‌സുകള്‍...

 

തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ചും തൈറോയ്ഡ് ഹോര്‍മോണിനെ കുറിച്ചുമെല്ലാം അറിയാത്തവരായി ആരുമില്ല. നമ്മുടെ ശരീരത്തിലെ ആന്തരീകമായ വിവിധ പ്രവര്‍ത്തനങ്ങളില്‍ തൈറോയ്ഡിന് പ്രധാനപ്പെട്ട റോളുണ്ട്. പ്രധാനമായും ദഹനപ്രക്രിയയ്ക്ക്. ചിലരില്‍ തൈറോയ്ഡ് കുറഞ്ഞ് 'ഹൈപ്പോതൈറോയ്ഡിസ'വും ചിലരിലാണെങ്കില്‍ തൈറോയ്ഡ് കൂടി 'ഹൈപ്പര്‍ തൈറോയ്ഡിസ'വും കാണാറുണ്ട്. ഇവ രണ്ടും ശരീരത്തെ പല രീതിയില്‍ ബാധിക്കാം.

തൈറോയ്ഡ് ഉള്ളവരില്‍ പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നമാണ് ശരീരഭാരം കുറയാതിരിക്കുന്ന അവസ്ഥ, അഥവാ വണ്ണം കൂടുന്ന അവസ്ഥ. ദഹനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതോടെയാണ് വണ്ണ കുറയാത്ത അവസ്ഥയുണ്ടാകുന്നത്. തൈറോയ്ഡ് ഉള്ളവര്‍ക്ക് അതുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാനും പ്രയാസമാണ്. എന്നാല്‍ അതിന് സഹായകമാകുന്ന ചില ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ഡയറ്റില്‍ അയോഡിന്‍ കൂടുതലായി ഉള്‍പ്പെടുത്തുക. അയോഡിന്‍ കുറയുന്നതാണ് പ്രധാനമായും തൈറോയ്ഡിലേക്ക് നയിക്കുന്നത്. അതിനാലാണ് അയോഡിന്‍ കൂടുതലായി എടുക്കാന്‍ പറയുന്നത്. അങ്ങനെ വരുമ്പോള്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഫലം കാണും. അയോഡിന്‍ ലഭ്യമാക്കുന്നതിന് ടേബിള്‍ സാള്‍ട്ട് തന്നെ ഉപയോഗിക്കാവുന്നതാണ്.

രണ്ട്..

ഫൈബറിനാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക. ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍ ദഹനം വര്‍ധിപ്പിക്കും. അതിനാലാണ് ഇവ കഴിക്കാന്‍ നിര്‍ദേശിക്കുന്നത്. തൈറോയ്ഡ് നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനുമെല്ലാം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, റോ ആയിട്ടുള്ള സലാഡുകള്‍, ധാന്യങ്ങള്‍, റൈസ്, ഓട്ട്‌സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

മൂന്ന്...

സെലീനിയം എന്ന ധാതു കാര്യമായി അടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡ് നിയന്ത്രണത്തിന് നല്ലതാണ്. സെലീനിയം കുറയുമ്പോള്‍ അത് വണ്ണം കൂടാനും രോഗപ്രതിരോധ ശേഷി കുറയാനുമെല്ലാം കാരണമാകുമത്രേ. നട്ട്‌സ്, മുട്ട, പരിപ്പ്- പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്.

നാല്...

ഡയറ്റില്‍ നിന്ന് മധുരം കുറയ്ക്കുക. കാരണം മധുരം കൊഴുപ്പായും കലോറിയായും മാറുന്നുണ്ട്. ഇത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വീണ്ടും തടസം സൃഷ്ടിക്കും. തടി കൂട്ടാന്‍ ഇടയാക്കുന്ന കാര്‍ബിനാല്‍ സമ്പന്നമായ ഭക്ഷണങ്ങളും ഒഴിവാക്കുക.

അഞ്ച്...

നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന തരം ഭക്ഷണങ്ങളും ഡയറ്റിലുള്‍പ്പെടുത്തുക. കാരണം പ്രതിരോധശേഷി ദുര്‍ബലമാകുമ്പോള്‍ തൈറോയ്ഡ് പ്രശ്‌നങ്ങളും കൂടുന്നു. മഞ്ഞള്‍, ഇഞ്ചി, നട്ട്‌സ്, സീഡ്‌സ്, ഇലക്കറികള്‍, ഉലുവ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

ആറ്...

ശരീരത്തില്‍ ജലാംശം കുറയുന്നതും ശ്രദ്ധിക്കണം. അതിനാല്‍ ദിവസവും നിശ്ചിത അളവില്‍ വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക. ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിനും, അമിതമായി വിശപ്പനുഭവപ്പെട്ട് അധികം കഴിക്കുന്നത് തടയുന്നതിനുമെല്ലാം വെള്ളം കുടിക്കുന്നത് സഹായിക്കും.

Health News Thyroid Weight Loss