ദഹനപ്രക്രിയ സുഗമമാക്കാന്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍

By Lekshmi.30 05 2023

imran-azharനാം കഴിക്കുന്ന ആഹാരം ശരിയായ രീതിയില്‍ ദഹിച്ചില്ലെങ്കില്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. ദഹനപ്രക്രിയ സുഗമമാക്കേണ്ടത് പ്രധാനമാണ്. ദഹനപ്രക്രിയ സുഗമമാക്കാന്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.

 

മൈദ, പൂരിത കൊഴുപ്പുകള്‍, കൃത്രിമ ചേരുവകള്‍ തുടങ്ങിയവയൊക്കെ ദഹനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഉപ്പ്, പഞ്ചസാര, മറ്റ് രാസവസ്തുക്കള്‍ തുടങ്ങിയവ അമിതമായി ഉപയോഗിക്കരുത്. സംസ്‌കരിച്ച ഭക്ഷണസാധനങ്ങളിലടങ്ങിയ ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം വയറില്‍ അള്‍സറും നീര്‍വീക്കവുമുണ്ടാക്കാന്‍ കാരണമായേക്കും. ഐസ്‌ക്രീമുകളിലും കുറഞ്ഞ കലോറിയുണ്ടെന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയതുമായ ഭക്ഷണസാധനങ്ങളിലും കാണപ്പെടുന്ന കൃത്രിമ മധുരവും വില്ലനാണ്. ഇവ വയറിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കാനും സാധ്യതയുണ്ട്. ഇത് ഐ.ബി.എസ്(ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രോം) എന്ന രോഗാവസ്ഥയിലേക്ക് നയിക്കും.

 

നന്നായി ദഹിക്കാന്‍ നാരുകളടങ്ങിയ ഭക്ഷണം നന്നായി കഴിക്കണമെന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. അള്‍സര്‍, ഐ.ബി.എസ് എന്നീ രോഗങ്ങളെ ചെറുക്കാനും ഇത് സഹായിക്കുന്നു. പ്രിബയോട്ടിക്‌സ് എന്ന വിഭാഗത്തില്‍പ്പെടുന്ന നാരുകള്‍ ഉപകാരിയായ ബാക്ടീരിയയെ തീറ്റിപ്പോറ്റുന്നതിനാല്‍ ഉദരാരോഗ്യത്തിന് ഗുണകരമാണ്. അവശ്യത്തിന് വെള്ളം കുടിക്കാത്തത് എപ്പോഴും മലബന്ധത്തിന് കാരണമാകും. സാഹചര്യമനസരിച്ച് ഒന്നരമുതല്‍ രണ്ടു ലിറ്റര്‍വരെ വെള്ളം ഒരാള്‍ക്ക് ആവശ്യമുണ്ട്. ജലാംശമുള്ള കക്കിരി,തക്കാളി,മുന്തിരി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

 

ഫോണ്‍ചെയ്തും ടി.വി. കണ്ടു ഭക്ഷണം കഴിക്കുന്നവര്‍ ഏറെയുണ്ട്. ചിലര്‍ പത്രം വായിക്കുന്നത് പ്രാതല്‍ കഴിച്ചുകൊണ്ടാവാം. ഇവയെല്ലാം ദഹനത്തെ ബാധിക്കും. ഭക്ഷണത്തെ അറിഞ്ഞും ആസ്വദിച്ചും കഴിക്കണം. സാവധാനം നന്നായി ചവച്ചുകഴിക്കുന്നത് ഭക്ഷണം ശരീരം ആഗിരണം ചെയ്യാനും ആവശ്യത്തിന് ദഹനരസം ഉത്പാദിപ്പിക്കപ്പെടാനും സഹായിക്കും.

 

ദഹനവ്യവസ്ഥയിലൂടെ ഭക്ഷണം നീങ്ങാന്‍ ആവശ്യത്തിന് വ്യായാമം ആവശ്യമാണ്. കൃത്യമായ വ്യായാമം ദഹനപ്രക്രിയയെ സുഗമമാക്കും. നിങ്ങളുടെ വയര്‍ നിറഞ്ഞെന്ന് മസ്തിഷ്‌കം മനസ്സിലാക്കാന്‍ 20 മിനുട്ടെങ്കിലുമെടുക്കുമെന്ന് കരുതുന്നു. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ ഭക്ഷണമെത്രയാണ് എന്ന കാര്യം ശ്രദ്ധിക്കണം. രുചി മാത്രമല്ല എത്ര കഴിക്കണം, കഴിക്കരുത് എന്ന് നിശ്ചയിക്കാനുള്ള മാനദണ്ഡം.

 

പുകവലി, മദ്യപാനം. വൈകി ഭക്ഷണം കഴിക്കല്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും തുടര്‍ന്ന് ഉറങ്ങാന്‍ കിടക്കുന്നതും ദഹനപ്രശ്‌നങ്ങളുണ്ടാക്കും. കഴിച്ച ഭക്ഷണം ദഹിക്കുന്നതിന് മുന്‍പ് കിടന്നുറങ്ങുന്നത് ഈ പ്രക്രിയ സാവധാനത്തിലാക്കും. ഭക്ഷണത്തിനുശേഷം മൂന്നു മണിക്കൂറിനുശേഷമേ ഉറങ്ങാവൂയെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

 

ചുരുക്കത്തില്‍ ഭൂരിപക്ഷം ദഹനപ്രശ്‌നങ്ങളും ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുപ്പുകൊണ്ടും ജീവിതശൈലിയിലെ മാറ്റം കൊണ്ടും പരിഹരിക്കാവുന്നതാണ്.

OTHER SECTIONS