മുഖം സുന്ദരമാക്കാൻ കടലമാവ്; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ....

By Greeshma Rakesh.23 10 2023

imran-azhar

 

 


ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പും കറുത്ത പാടുകളും അകറ്റി ചര്‍മ്മത്തിന് നല്ല നിറം നല്‍കാൻ സാധാരണ കടലമാവ് ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം മനോഹരമാക്കുന്നു.

 

എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്. സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക്, ബാക്ടീരിയ, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാനും മുഖക്കുരുവിനെ തടയാനും പാടുകളെ അകറ്റാനും ഇവ സഹായിക്കും.

 

കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം...

 

ഒന്ന്...

നാല് ടീസ്പൂൺ കടലപ്പൊടിയിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. കരുവാളിപ്പ് മാറാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും ഇവ സഹായിക്കും.

 

രണ്ട്...

രണ്ട് ചെറിയ സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. കറുത്ത പാടുകളെ തടയാനും ചര്‍മ്മം സുന്ദരമാകാനും ഈ പാക്ക് സഹായിക്കും.

 

മൂന്ന്..

രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. മുഖക്കുരു, കറുത്തപാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

 

നാല്...

രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും പകുതി പഴവും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും.

 

അഞ്ച്...

ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. 

OTHER SECTIONS