പ്രമേഹം: രോഗസാധ്യത തിരിച്ചറിയുക, സുഗമമായി ജീവിക്കുക

By Web Desk.13 11 2023

imran-azhar

 

 


പ്രൊഫ. ഡോ. കെ പി പൗലോസ്
പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ്
ഇന്‍ ജനറല്‍ മെഡിസിന്‍
എസ്. യു. ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

 


1991 നവംബര്‍ 14ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും പ്രമേഹരോഗ ദിനമായി കൊണ്ടാടുന്നു. 2021 - 2023 ലെ പ്രതിപാദ്യ വിഷയം (Theme) 'എല്ലാ പ്രമേഹ രോഗികള്‍ക്കും സുരക്ഷയും ചികിത്സയും നല്‍കുക' (Access to Diabetic Care) എന്നാണ്. 2003 ലെ ഒരു ഉപപ്രതിവാദ്യ വിഷയമായി പ്രമേഹരോഗം വരുവാന്‍ സാധ്യതയുള്ള രോഗികളെ കണ്ടു പിടിക്കുകയും വേണ്ട ഉപദേശങ്ങള്‍ കൊടുത്ത് പ്രമേഹ രോഗത്തെ നിവാരണം ചെയ്യുവാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ്.

 

രോഗസാധ്യത വളരെ കൂടുതല്‍ പ്രാരംഭ പ്രമേഹം (Pre-Diabetes) ഉള്ള രോഗികള്‍ക്കാണ്. ഹീമോഗ്ലോബിന്‍ A, C (രക്ത പരിശോധന 5. 9 - 6.4%), ഗ്ലൂക്കോസ് ടോളറന്‍സ് പരിശോധന (GTT) എന്നീ പരിശോധനകള്‍ ചെയ്താല്‍ 'പ്രാരംഭ പ്രമേഹം' ഉണ്ടോ എന്നറിയാം. പ്രാരംഭ പ്രമേഹമുള്ള എല്ലാ രോഗികള്‍ക്കും പ്രതിരോധന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹരോഗം ഉണ്ടാകും. ഇന്ത്യയില്‍ പ്രമേഹ രോഗികളില്‍ 96% വും ടൈപ്പ് 2 രോഗക്കാരാണ്. ഭൂമുഖത്തുള്ള ഏതാണ്ട് 600 ദശലക്ഷം പ്രമേഹ രോഗികളില്‍ 10 ദശലക്ഷം ഇന്ത്യയിലാണ് (2023). ചൈനയില്‍ 116 ദശലക്ഷം.

 

കേരളത്തില്‍ നിന്നും ഈയിടെ പ്രസിദ്ധീകരിച്ച ഒരു കണക്ക് ഭയാനകമാണ് (ICMR - DIABIND) പ്രമേഹരോഗ നിരക്ക് 24.7% വും പ്രാരംഭ പ്രമേഹരോഗ നിരക്ക് 14.1% വും ആണ് (Pre-Diabetes). ഇവര്‍ക്കെല്ലാം ഭാവിയില്‍ പ്രമേഹരോഗം വരുമെന്നുള്ളതുകൊണ്ടാണ് പ്രമേഹരോഗ നിവാരണത്തിനു വേണ്ടി ഈ ഗ്രൂപ്പില്‍ പെട്ടവരെ കേന്ദ്രീകരിക്കുന്നതിന്റെ ആവശ്യം. ഇവരുടെ ഭക്ഷണം, വ്യായാമം, മുതലായവ നിയന്ത്രിച്ചാല്‍, മരുന്നുകള്‍ കൂടാതെ തന്നെ പ്രമേഹരോഗ സ്ഥിതിയിലേക്കുള്ള പ്രയാണം കുറയ്ക്കുവാനോ, നിയന്ത്രിക്കുവാനോ, പരിപൂര്‍ണ്ണമായി ഇല്ലാതാക്കുവാനോ സാധിക്കും. പ്രീഡയബറ്റിസും ടൈപ്പ് 2 ഡയബറ്റിസും ജീവിതശൈലി രോഗങ്ങളാണ്.

 

പ്രമേഹ രോഗികളില്‍ 70%വും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ്. 140 കോടി ജനങ്ങള്‍ നിവസിക്കുന്ന ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 86% പ്രമേഹ രോഗികള്‍ക്കും രോഗ ചികിത്സയ്ക്കും രോഗാനന്തര ഭവിഷ്യത്തുകളുടെ ചികിത്സകള്‍ക്കും വേണ്ടി അന്യരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടാണിപ്പോള്‍. അതുകൊണ്ടാണ് 3 കൊല്ലവും (2021, 2022, 2023) എല്ലാ പ്രമേഹ രോഗികള്‍ക്കും ചികിത്സ ലഭിക്കണം എന്ന പ്രതിപാദ്യ വിഷയം ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്തിട്ടുള്ളത്.

 

പ്രമേഹരോഗം വരുവാന്‍ സാധ്യതയുണ്ടോ (Risk) എന്നറിയുവാന്‍ താഴെ പറയുന്ന ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് രോഗമുണ്ടോ എന്ന പരിശോധന അത്യാവശ്യമാണ്. പലരിലും ഒരു ലക്ഷണവുമില്ലാതെയും പ്രമേഹരോഗം ഉണ്ടാകാം. പിന്നെ പ്രാരംഭ പ്രമേഹ (Prediabetes) രോഗികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ദുര്‍മേദസ്സ്, കുട്ടികളില്‍ പ്രമേഹമുള്ളവര്‍, ഗര്‍ഭധാരണ സമയത്ത് പ്രമേഹരോഗമുണ്ടായിരുന്നവര്‍, സ്റ്റിറോയ്ഡ്, മാനസികരോഗ ഗുളികകള്‍ എന്നിവ തുടര്‍ച്ചയായി കഴിക്കുന്നവര്‍, ലൈംഗിക ഉദ്ധാരണമില്ലായ്മ ഉള്ളവര്‍, മുറിവുകള്‍ ഉണങ്ങുവാന്‍ താമസമുള്ളവര്‍, കൂടെക്കൂടെ വരുന്ന സാംക്രമിക രോഗങ്ങള്‍ വരുന്നവര്‍ എല്ലാം രക്ത പരിശോധനകള്‍ നടത്തി പ്രാരംഭ രോഗം ഉണ്ടോ എന്ന് മനസ്സിലാക്കിയാല്‍ പ്രമേഹ രോഗം സമൂഹത്തില്‍ കുറയ്ക്കാമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രാരംഭ പ്രമേഹമുള്ളവരില്‍ തന്നെ ഭക്ഷണ നിയന്ത്രണം കൊണ്ടും വ്യായാമം കൊണ്ടും രോഗം മാറ്റുവാനും സാധിക്കും.

 

 

 

 

 

OTHER SECTIONS