ഗ്രാനൈറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ 'പണി' ഉറപ്പ്, അറിയാം...

By Greeshma Rakesh.24 09 2023

imran-azhar

 

 
പ്രകൃതിയില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്ന ഫ്‌ളോറിങ് മെറ്റീരിയലാണ് ഗ്രാനൈറ്റ് സ്ലാബും, ഗ്രാനൈറ്റ് ടൈലും. രാജസ്ഥാന്‍, ഒറീസ, ആന്ധ്രാ (ഓഗോള്‍), കര്‍ണാടക (ഹൊസൂര്‍/ ജീഗ്‌നി), തമിഴ്‌നാട് തുടങ്ങീ സംസ്ഥാനങ്ങളിലാണ് ഗ്രാനൈറ്റ് ഖനനം കൂടുതലായും നടന്നുവരുന്നത്. വീടിനായി ശരിയായ ഗ്രാനൈറ്റ് തിരഞ്ഞെടുക്കുന്ന പ്രക്രിയ തികച്ചും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.

 

തിരഞ്ഞെടുക്കുന്നത് മികച്ച ഓപ്ഷനാണോ അല്ലയോ എന്നതാണ് പ്രധാന പ്രശ്‌നം. പലപ്പോഴും ലാഭം നോക്കി വില കുറഞ്ഞ ഗ്രാനൈറ്റ് തിരഞ്ഞെടുക്കുന്നവരുമുണ്ട്.വില കുറഞ്ഞത് തിരഞ്ഞെടുക്കുമ്പോള്‍ താരതമ്യേന ഭാരം താങ്ങാനുള്ള ഉറപ്പ് കുറവായിരിക്കും. അത്തരം ഗ്രാനൈറ്റിന് വീതിയും നീളവും താരതമ്യേന കുറവായിരിക്കും.

 

ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

1. നാലടിയില്‍ കുറയാത്ത വീതിയുള്ള ഗ്രാനൈറ്റ് സ്ലാബ് തിരഞ്ഞെടുത്താല്‍ സ്വാഭാവികമായും ബലം കൂടുതലായിരിക്കും (Hardness).

 

2. എപ്പോക്‌സി ഫില്ലിങ് ഉള്ള ഗ്രാനൈറ്റ് സ്ലാബുകളില്‍ പോളീഷ് ചെയ്യുമ്പോള്‍ ഗ്ലാസ് മാര്‍ക്ക് പിന്നീട് തെളിഞ്ഞു വരും. അത്തരം മാര്‍ക്കുകള്‍ ചെറുവിരിച്ചിലായി ഫ്‌ളോറിങ്ങില്‍ കാണപ്പെടുന്നതിനാല്‍ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കണം.

 

3. ഗ്രാനൈറ്റ് സ്ലാബുകളില്‍ വിരിച്ചിലുകളുണ്ടോ എന്നു പരിശോധിച്ചു നോക്കി വാങ്ങണം.

 

4. സ്ലാബുകള്‍ വാട്ടര്‍ കട്ടിങ് / കെറോസിന്‍ കട്ടിങ് എന്നീ രീതിയില്‍ അവലംബിക്കുന്നതിനാല്‍ വാട്ടര്‍ കട്ടിങ് തന്നെ ഉറപ്പാക്കി വാങ്ങണം. കെറോസിന്‍ കട്ടിങ്ങില്‍ ഗ്രാനൈറ്റ് വശങ്ങളില്‍ ഈര്‍പ്പം ഉണ്ടാവില്ല. മാത്രമല്ല ഗന്ധവും ഉണ്ടാകും.

 

5. ഗ്രാനൈറ്റിന്റെ പ്രധാന വശങ്ങളും, മുറിച്ച വശവും (cutting edge) ശ്രദ്ധിക്കണം. രണ്ട് വശത്തും ഒരേനിറം ആണെങ്കില്‍ ഗുണമേന്മ ഉറപ്പ് വരുത്താം. മറിച്ച് എപ്പോക്‌സി കളര്‍ ചെയ്ത് നിറം മാറ്റിയിട്ടുണ്ടെങ്കില്‍ വ്യത്യാസം മനസ്സിലാക്കാം.

 

6. വില കുറഞ്ഞ ഗ്രാനൈറ്റാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, അത്തരം ഗ്രാനൈറ്റ് രണ്ട് വര്‍ഷമെങ്കിലും മുന്‍പേ വിരിച്ചിരിക്കുന്ന വീട് സന്ദര്‍ശിച്ച് പൂപ്പല്‍ വന്ന് നിറവ്യത്യാസമുണ്ടോ എന്നു പരിശോധിക്കുന്നതും ഉചിതമായിരിക്കും. കേരളത്തിലെ കാലാവസ്ഥയില്‍ ഈര്‍പ്പം കൂടുതലായതിനാല്‍ പൂപ്പല്‍ സാധ്യത കൂടുതലാണ്.

 

7. ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ആവശ്യമനുസരിച്ച് വേണം ഫ്‌ളെയ്മ്ഡ്/ലപ്പോത്ര ഡിസൈനുകള്‍ തിരഞ്ഞെടുക്കുവാന്‍. ഫ്‌ളെയ്മ്ഡ് ഗ്രാനൈറ്റിന് ഗ്രിപ്പ് കൂടുതലാണെങ്കിലും, വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ലപ്പോത്രയ്ക്ക് അത്യാവശ്യം ഗ്രിപ്പും വൃത്തിയാക്കുവാന്‍ എളുപ്പവുമാണ്.

 

8. ഗ്രാനൈറ്റുകള്‍ പോളീഷിങ് ചെയ്താണ് ലഭിക്കുന്നതെങ്കിലും വെള്ളവും അഴുക്കും പിടിക്കാതിരിക്കാന്‍ ഓയില്‍ ബര്‍ഫിങ് (ഗ്ലോസി മാറ്റ്) ചെയ്യുന്നതും നല്ലതാണ്.

 

9. ലപ്പോത്ര, ലെതര്‍ ഫിനിഷ്, മാറ്റ്, ഫ്‌ളെയ്മ്ഡ്, ഗ്ലോസി ഫിനിഷുകളിലും ഗ്രാനൈറ്റ് ലഭിക്കുന്നുണ്ട്.

 

നിറങ്ങള്‍

കറുത്ത നിറത്തില്‍ തന്നെ പ്രീമിയം ബ്ലാക്ക്, ടെലിഫോണ്‍ ബ്ലാക്ക്, ജെറ്റ് ബ്ലാക്ക്, ഗാലക്‌സി, ഗോള്‍ഡ് സ്‌പോട്ട്, ചുവപ്പ് നിറത്തില്‍ ചില്ലി റെഡ്, റൂബിറെഡ്, ലാക്കാറെഡ് തുടങ്ങിയവയും, സ്റ്റീല്‍ഗ്രെ, ഫ്‌ളാഷ്‌ഗ്രെ, ഹിമാലയന്‍ ബ്ലൂ, പാരഡൈസ്, ബ്ലൂപേള്‍, ചിക്കുപേള്‍, ഹസന്‍ ഗ്രീന്‍ എന്നിവയിലും ഗ്രാനൈറ്റ് സ്ലാബുകള്‍ ലഭ്യമാണ്. വീടിന്റെയും ഇന്റീരിയര്‍ ഡിസൈനുകളുടെയും രൂപകല്‍പനയ്ക്കനുസൃതമായി വേണം ഗ്രാനൈറ്റ് നിറങ്ങള്‍ തിരഞ്ഞെടുക്കുവാന്‍.

 

ടൈലുകളേക്കാള്‍ വില അധികമാണെങ്കിലും ഗ്രാനൈറ്റിന്റെ ഈടും മേന്മയും കൂടുതലാണ്. കറ (Stains) പിടിക്കാതെയും, ദീര്‍ഘകാലം നിറം മങ്ങാതെയും, ഗ്രാനൈറ്റ് ഫ്‌ളോറിങ് നിലനില്‍ക്കുന്നു. ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ കൃത്യതയും ഗുണമേന്മയും ശ്രദ്ധിച്ചാല്‍ പിന്നീട് ഉണ്ടാകുന്ന ഫ്‌ളോറിങ് അറ്റകുറ്റ ചെലവുകള്‍ ഇല്ലാതാക്കാനും നിശ്ചയമായും ശ്രദ്ധിക്കാം.

 

OTHER SECTIONS