കേരളത്തില്‍ പ്രചാരമേറി ആത്താംകുടി ടൈലുകള്‍...

തൊരു യന്ത്രങ്ങളുടേയും സഹായമില്ലാതെ തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള ആത്താംകുടി എന്ന പ്രദേശത്ത് കൈകള്‍ കൊണ്ടു നിര്‍മിക്കുന്നവയാണ് ആത്താംകുടി ടൈലുകള്‍.

author-image
Greeshma Rakesh
New Update
കേരളത്തില്‍ പ്രചാരമേറി ആത്താംകുടി ടൈലുകള്‍...

എപ്പോഴും വീടിന്റെ അകത്തളങ്ങള്‍ മനോഹരമാക്കുന്നതു ടൈലുകള്‍ തന്നെയാണ്. ഏതു ബജറ്റിനും യോജിച്ച രീതിയിലുള്ള ടൈലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മാത്രമല്ല മാര്‍ബിളുകളെയും ഗ്രാനൈറ്റുകളെയും അപേക്ഷിച്ച് വേഗത്തില്‍ പണി പൂര്‍ത്തിയാകും.

ഈ അടുത്തകാലം വരെ ഉറപ്പും ഗുണമേന്മയും നിറവും മാത്രമാണു വീടു നിര്‍മാണത്തിനായി ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ഇന്നാകട്ടെ ടൈലുകളില്‍ വ്യത്യസ്തതയും പുതുമയുമാണ് ആവശ്യം.പുതുമ എന്നത് ഇന്നത്തെ കാലത്തേതുമാത്രല്ല. അതു പഴമയില്‍നിന്നു തിരിച്ചെത്തിയ പുതുമയുമാകാം. അതുകൊണ്ടാണ് വിപണിയില്‍ ആത്താംകുടി ടൈലുകളുടെ ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നത്.

വിട്രിഫൈഡ്, സെമി വിട്രിഫൈഡ് ടൈലുകള്‍ക്ക് അപ്പുറമാണ് ആത്താംകുടി ടൈലുകളുടെ സ്ഥാനം. തറയോടാണ് എന്നേ തോന്നൂ. എന്നാല്‍, യാതൊരു യന്ത്രങ്ങളുടേയും സഹായമില്ലാതെ തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള ആത്താംകുടി എന്ന പ്രദേശത്ത് കൈകള്‍ കൊണ്ടു നിര്‍മിക്കുന്നവയാണ് ആത്താംകുടി ടൈലുകള്‍.

ആത്താംകുടി ടൈലുകള്‍ അവിടെയുള്ള പ്രത്യേകതരം കളിമണ്ണില്‍ യന്ത്രസഹായമില്ലാതെ കൈകള്‍കൊണ്ട് നിര്‍മിക്കുന്ന വര്‍ണശബളമായ ടൈലുകളാണ്. പഴയകാല സമ്പന്ന ഭവനങ്ങളുടെയും കൊട്ടാരങ്ങളുടെയും തറകള്‍ അലങ്കരിച്ചിരുന്ന ഈ ടൈലുകളുടെ പ്രൗഢിക്ക് ഇന്നും തെല്ലും മങ്ങലേറ്റിട്ടില്ല. ഡിസൈന്‍ ഇല്ലാത്ത ആത്താംകുടി ടൈലും ലഭിക്കും. പണി കഴിയുമ്പോള്‍ ചതുരശ്രയടിക്ക് 65 രൂപയിലേറെ ചെലവു വരും.

ട്രെഡീഷണല്‍, ഇക്കോഫ്രണ്ട്ലി വീടുകളിലേക്ക് ഇത്തരം ടൈലുകള്‍ ഒരുപാടുപേര്‍ തിരഞ്ഞെടുക്കുന്നു. ഒരേസമയം വ്യത്യസ്തവും കളര്‍ഫുളളുമാണ് ഡിസൈനുകള്‍. സ്വദേശി ഉല്‍പന്നങ്ങള്‍ക്കു വിപണി വര്‍ധിക്കുന്നതിന്റെ ഭാഗമായി ആത്താംകുടി ടൈലുകള്‍ക്കും പല നാടുകളില്‍നിന്നും ആവശ്യക്കാര്‍ എത്തുന്നുണ്ട്. കേരളത്തില്‍ ലഭ്യമായ ടൈലുകളെ അപേക്ഷിച്ച് ആത്താംകുടി ടൈലുകള്‍ക്കു വില വളരെ കുറവാണ്.

എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് അതു കേരളത്തില്‍ എത്തിക്കുന്നതിന് നല്ലൊരു തുക ചെലവാകും. വാങ്ങുമ്പോള്‍ ഡിസൈനുകള്‍ക്ക് അത്ര തിളക്കം ഇല്ലെങ്കിലും ഉപയോഗിക്കുംതോറും ഡിസൈനുകള്‍ കൂടുതല്‍ മികവോടെ തെളിഞ്ഞുവരുമെന്നതാണ് മറ്റൊരു പ്രത്യേകത. വ്യത്യസ്തമായ ഈ ടൈലുകള്‍ ട്രെഡീഷനല്‍, മൊറോക്കന്‍ ശൈലിയിലുള്ള വീടുകള്‍ക്ക് അനുയോജ്യമാണ്.

 

 

അടുത്തറിയാം ആത്താംകുടി ടൈലുകളെ

തമിഴ്നാട് സംസ്ഥാനത്തെ ശിവഗംഗ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ആത്താംകുടി. രണ്ടായിരത്തോളം ആളുകള്‍ മാത്രം താമസിക്കുന്ന ഈ പ്രദേശം ടൈലുകള്‍, മരപ്പണി, ചെട്ടിനാട് ഭക്ഷണം എന്നിവയ്ക്കു പേരുകേട്ടതാണ്. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗത്തിനും വിഭവങ്ങളുടെയും ഊര്‍ജത്തിന്റെയും കുറഞ്ഞ ഉപയോഗത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടൈലുകളുടെ നിര്‍മാണം.

പ്രാദേശികമായ കളിമണ്ണും മികവുറ്റ തൊഴിലാളികളുടെ കൈവഴക്കവുമാണ് ആത്താംകുടി ടൈലുകളെ വ്യത്യസ്തമാക്കുന്നത്. ഒരു പ്രത്യേക വംശത്തില്‍പെട്ട ആളുകളുടെ കുലത്തൊഴിലായാണ് ആത്താംകുടി ടൈല്‍ നിര്‍മാണം പരിഗണിക്കപ്പെടുന്നത്. പരമ്പരാഗത ജ്യാമിതീയ രീതികളാണു പിന്തുടര്‍ന്നു വരുന്നത്.

പണ്ടു കൈകള്‍കൊണ്ടായിരുന്നു ടൈല്‍ നിര്‍മാണം. ഇപ്പോള്‍ യന്ത്രവല്‍ക്കരണം വന്നു. എന്നാല്‍ ഇത് ഇപ്പോഴും കുടില്‍ വ്യവസായംതന്നെ. മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രമേ ടൈലുകള്‍ ലഭിക്കൂ. ചെട്ടിനാട്ടിലെ നാഗരത്തര്‍ ചെട്ടിയാര്‍ വിവിധ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സഞ്ചരിച്ചാണ് ആത്താംകുടി ടൈലുകളുടെ നിര്‍മാണരീതി സ്വായത്തമാക്കിയത്.

പടിഞ്ഞാറന്‍, കിഴക്കന്‍ സ്വാധീനങ്ങളുടെ ഫലമാണ് ആത്താംകുടി ടൈലുകള്‍. ഇംഗ്ലിഷ് പരവതാനികളുടെ സങ്കീര്‍ണമായ രൂപകല്‍പനകളും ചൈനീസ് തറയുടെ തിളക്കമാര്‍ന്ന ഫിനിഷിങ്ങും ആത്താംകുടി ടൈലുകളില്‍ സമ്മേളിക്കുന്നു.

വ്യത്യസ്ത നിര്‍മാണരീതി

നിര്‍മാണ പ്രക്രിയ ലളിതമാണ്. പ്രാദേശിക കളിമണ്ണും മണലും ഉപയോഗിച്ചാണ് ടൈലുകള്‍ നിര്‍മിക്കുന്നത്. സ്ലറി രൂപത്തില്‍ മണല്‍, കളിമണ്ണ്, നിറമുള്ള ഓക്‌സൈഡ് എന്നിവയുടെ മിശ്രിതം മൂന്നിഞ്ച് കനത്തില്‍ അച്ചില്‍ ഒഴിച്ച് സൂര്യപ്രകാശത്തില്‍ ഉണങ്ങാന്‍ വയ്ക്കുന്നു. ഇത്തരത്തില്‍ ടൈലുകളുടെ പ്രാഥമിക ആകൃതി രൂപപ്പെടുത്തിയശേഷം ഇതിലേക്ക് വിവിധ ഓക്‌സൈഡുകള്‍, ബെറി ജെല്ലി, ചായങ്ങള്‍ എന്നിവ കലര്‍ത്തുന്നു.

ഡിസൈനുകള്‍ക്കായി ഗ്ലാസ് ബേസ് ഉള്ള മെറ്റല്‍ അച്ചുകള്‍ ഉപയോഗിക്കുന്നു. ഡിസൈനുകള്‍ ടൈലില്‍ അടയാളപ്പെടുത്തിയശേഷം നിറം നല്‍കുന്നതിനായി പിഗ്മെന്റ് അല്ലെങ്കില്‍ ഡൈ ആദ്യം ഗ്ലാസില്‍ വയ്ക്കുകയും ആവശ്യമായ രൂപകല്‍പന സൃഷ്ടിക്കുകയും ചെയ്യുന്നു. മഞ്ഞ, കറുപ്പ്, ചുവപ്പ്, നീല, പച്ച തുടങ്ങിയ നിറങ്ങളിലാണ് ടൈലുകള്‍ കൂടുതലും കാണപ്പെടുന്നത്.

kerala Tamil Nadu Athangudi Tiles Home Furnishing