By Web Desk.11 04 2022
ആറ്റുമണലിന് പകരക്കാരനായി വന്നതാണ് പാറമണല്‍ എന്ന മാനുഫാക്‌ചേര്‍ഡ് സാന്‍ഡ്. പാറമണല്‍ എന്ന പേരില്‍ വ്യാജന്മാര്‍ നിറയുകയാണ്.
വ്യാജനെ പെട്ടെന്നു തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല. അതിനാല്‍, തട്ടിപ്പും വ്യാപകമാണ്. പാറമണലും പാറപ്പൊടിയും കൂട്ടിക്കലര്‍ത്തിയുള്ള തട്ടിപ്പാണ് കൂടുതലും.
കോണ്‍ക്രീറ്റിനും സിമന്റ് പ്ലാസ്റ്ററിനും ഉറപ്പും ബലവും ലഭിക്കുന്നതിന് നിഷ്‌കര്‍ഷിച്ചിട്ടുള്ള വലുപ്പത്തിലും ആകൃതിയിലുമാണ് മാനുഫാക്‌ചേര്‍ഡ് സാന്‍ഡ് നിര്‍മിക്കേണ്ടത്.
പ്രത്യേക മെഷീന്‍ ഉപയോഗിച്ച് ഷെയ്പ്പിങ്, ഗ്രേഡിങ്, വെറ്റ്/ഡ്രൈ ക്ലാസിഫിക്കേഷന്‍ തുടങ്ങി പല ഘട്ടങ്ങളായേ ഇതു നിര്‍മിക്കാന്‍ കഴിയൂ. എന്നാല്‍, അനധികൃത ക്രഷര്‍ യൂണിറ്റുകളില്‍ പാറ തരികളായി പൊടിച്ചെടുക്കുക മാത്രമാണ് ചെയ്യുന്നത്. കോണ്‍ക്രീറ്റ് തയാറാക്കുമ്പോള്‍ ആറ്റുമണലിന്റെയോ ഒറിജിനല്‍ പാറമണലിന്റെയോ ഉറപ്പ് ഇവ നല്‍കില്ല.
പാറമണല്‍ ഒറിജിനലാണോ വ്യാജനാണോ എന്നു കണ്ടുപിടിക്കാന്‍ പരിചയസമ്പന്നനായ എന്‍ജിനീയറുടെ സഹായം തേടാം.
വിശ്വാസ്യതയുള്ള സ്ഥാപനത്തില്‍ നിന്ന് പാറമണല്‍ വാങ്ങുക. ബില്‍ വാങ്ങിയാല്‍ തട്ടിപ്പിനുള്ള സാധ്യത കുറയും.
പാറമണലിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങളും നിലവിലുണ്ട്. സീവ് അനാലിസിസ് എന്നാണിതിനു പറയുക. മിക്ക എന്‍ജിനീയറിങ് കോളജുകളിലും ഇതിനുള്ള സൗകര്യമുണ്ട്. 600 രൂപയില്‍ താഴെയാണ് ചെലവ്.
യഥാര്‍ഥ പാറമണല്‍ ഒരു ക്യുബിക് അടിക്ക് 55 - 65 രൂപയാണ് വില. പ്ലാസ്റ്ററിങ്ങിനുപയോഗിക്കുന്നതിന് 60-70 രൂപയും. പാറപ്പൊടിക്കാകട്ടെ 28-35 രൂപയേ വിലയുള്ളൂ.