By Avani Chandra.04 04 2022
കെട്ടിടനിര്‍മ്മാണ മേഖല കാലാവസ്ഥാ വ്യതിയാനത്തില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സിമന്റ് നിര്‍മ്മാണം കാര്‍ബണ്‍ ഫുട്ട്പ്രിന്റ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിനുപുറമേ പുനരുപയോഗം ചെയ്യാനാവാത്ത കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും പ്രകൃതിക്ക് ഉയര്‍ത്തുന്ന വെല്ലുവിളി ചില്ലറയല്ല. ലോകം വളരുന്നതനുസരിച്ച് കെട്ടിടങ്ങളുടെ നിര്‍മ്മാണവും അനിവാര്യമായതിനാല്‍ ഒഴിച്ചുകൂടാനാവാത്ത ആപത്ത് എന്ന നിലയിലാണ് പലരും ഇതിനെ കാണുന്നത്. എന്നാല്‍ പരമ്പരാഗതമായ കെട്ടിടനിര്‍മ്മാണരീതികള്‍ പിന്തുടരുക എന്ന ബദല്‍ മാര്‍ഗ്ഗം ഉണ്ടെന്നത് എല്ലാവരും മറന്നു പോകുന്നു. ഇതിനൊരു പരിഹാരമായി ആധുനിക സൗകര്യങ്ങളുള്ള വീട് പരമ്പരാഗത മാര്‍ഗ്ഗത്തില്‍ നിര്‍മ്മിച്ചെടുക്കാനാവുന്ന ഉത്പന്നം പുറത്തിറക്കിയിരിക്കുകയാണ് ഹരിയാന സ്വദേശിയായ ഡോക്ടര്‍ ശിവ്ദര്‍ശന്‍ മാലിക്. സിമന്റിന് പകരമായി ഉപയോഗിക്കാവുന്ന വേദിക് പ്ലാസ്റ്ററാണ് ചാണകവും പ്രകൃതിദത്ത വസ്തുക്കളും ഉപയോഗിച്ച് അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്.
2005 ല്‍ ഐഐടി ഡല്‍ഹിയില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നതിനിടെ പരിസ്ഥിതി സംബന്ധമായ പ്രോജക്ടുകളുടെ ഭാഗമായിരുന്നു ഡോ. ശിവ്ദര്‍ശന്‍. അപ്പോഴാണ് കാര്‍ഷിക മാലിന്യങ്ങളും ഉണങ്ങിയ ചാണകവും ഉപയോഗിച്ച് ശുദ്ധമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം പരീക്ഷിച്ചു തുടങ്ങിയത്. ചാണകം ഉപയോഗിച്ച് ഭിത്തിയില്‍ പ്ലാസ്റ്ററിങ് നടത്തിയാല്‍ വീടിനകം ചൂടുകാലത്ത് തണുപ്പോടെയും തണുപ്പുകാലത്ത് ചൂടോടെയും നിലനിര്‍ത്താന്‍ സഹായിക്കും എന്ന് മനസ്സിലാക്കി.
പിന്നീട് ഏറെ ഗവേഷണങ്ങള്‍ നടത്തിയ ശേഷം 2006 ല്‍ പ്രകൃതി സൗഹൃദമായ രീതിയില്‍ ഭിത്തികള്‍ പ്ലാസ്റ്ററിങ്ങ് ചെയ്യാനാവുന്ന വേദിക് പ്ലാസ്റ്റര്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ചാണകം, മണ്ണ്, കളിമണ്ണ്, ആര്യവേപ്പില, ചുണ്ണാമ്പുകല്ല്, ജിപ്‌സം തുടങ്ങി പ്രകൃതിദത്ത വസ്തുക്കള്‍ ചേര്‍ത്താണ് വേദിക് പ്ലാസ്റ്റര്‍ നിര്‍മ്മിക്കുന്നത്. സിമന്റ് തേച്ച് മിനുസപ്പെടുത്തുന്നതുപോലെതന്നെ വേദിക് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഭിത്തികള്‍ മിനുസപ്പെടുത്താനാവും. പുറത്തെ ചൂട് ഭിത്തികള്‍ ആഗിരണം ചെയ്യില്ല എന്നതാണ് പ്രത്യേകത.
ഇപ്പോഴത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഭിത്തികളിലും നിലവിലുള്ള പ്ലാസ്റ്ററിങ്ങ് ചുരണ്ടി മാറ്റിയശേഷം വേദിക് പ്ലാസ്റ്റര്‍ ഉപയോഗിക്കാനാവും. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം 20,000 വീടുകളില്‍ ഇപ്പോള്‍ ഡോക്ടര്‍ ശിവ്ദര്‍ശന്റെ വേദിക് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഭിത്തി ഒരുക്കിയിട്ടുണ്ട്. മറ്റുചിലര്‍ മേല്‍ക്കൂരയിലാണ് ഇത് ഉപയോഗിച്ച് പ്ലാസ്റ്റിറങ്ങ് നല്‍കിയിരിക്കുന്നത്. വേദിക് പ്ലാസ്റ്റര്‍ ഉപയോഗിച്ചശേഷം എയര്‍കണ്ടീഷണറിന്റെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കിയവരുമുണ്ട്. അന്തരീക്ഷ താപനിലയില്‍ നിന്ന് ഏഴ് ഡിഗ്രി സെലഷ്യസ് താഴെ മാത്രമേ വീടുകള്‍ക്കുള്ളില്‍ ചൂട് അനുഭവപ്പെടു. തണുപ്പുകാലത്താകട്ടെ ഒരു ആവരണമായി പ്രവര്‍ത്തിച്ച് അകത്ത് ചൂട് നിലനിര്‍ത്താനും സഹായിക്കും. രാജസ്ഥാനിലെ ബിക്കാനീറിലുള്ള നിര്‍മ്മാണശാലയില്‍ പ്രതിവര്‍ഷം അഞ്ച് ടണ്‍ വേദിക് പ്ലാസ്റ്റര്‍ അദ്ദേഹം ഉത്പാദിപ്പിക്കുന്നുണ്ട്.
ഓരോ പ്രദേശത്തും ലഭ്യമായ പ്രകൃതിദത്ത വസ്തുക്കളും ചാണകവും മണലും ഉപയോഗിച്ച് കെട്ടിട നിര്‍മാണത്തിനാവശ്യമായ കട്ടകള്‍ ഉത്പാദിപ്പിക്കുന്നത് എങ്ങനെയെന്ന ക്ലാസ്സുകളും അദ്ദേഹം എടുക്കുന്നുണ്ട്. ഈ കട്ടകള്‍ ഉപയോഗിച്ച് ബഹുനിലക്കെട്ടിടങ്ങളും നിര്‍മ്മിക്കാനാവും എന്ന് ഡോ. ശിവ്ദര്‍ശന്‍ പറയുന്നു. കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴും അവശിഷ്ടങ്ങള്‍ പ്രകൃതിക്ക് ഭീഷണിയായി അവശേഷിക്കാതെ കരുതലേകാനാകും എന്നതാണ് പ്രധാന സവിശേഷത.