
ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് ദിഷാ പഠാണി. ഉത്തര്‍പ്രദേശിലെ സാധാരണകുടുംബത്തില്‍ ജനിച്ച് സിനിമാപാരമ്പര്യമില്ലാത്ത താരം കൂടിയാണ് ദിഷാ. 500 രൂപയുടെ നോട്ട് മാത്രമായിരുന്നു മുംബൈയിലേക്ക് എത്തുമ്പോള്‍ ദിഷായുടെ കൈയില്‍ ഉണ്ടായിരുന്നത്.
2016 ല്‍ പുറത്തിറങ്ങിയ എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രമാണ് ദിഷയുടെ ജീവിതത്തെ മാറ്റിമറിച്ചത്. പിന്നീടുള്ള ദിഷയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. വാടകമുറിയില്‍ നിന്നും അവര്‍ സ്വന്തം കരിയര്‍ പടുത്തുയര്‍ത്തി.
2017ലാണ് ദിഷാ ബാന്ദ്രയില്‍ ലിറ്റില്‍ ഹട്ട്' എന്ന വീട് വാങ്ങുന്നത്. അഞ്ചുകോടി മുടക്കിയാണ് താരം നഗരമധ്യത്തില്‍ തന്റെ സ്വപ്നവീട് വാങ്ങിയത്. 1118.59 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീടിന് രണ്ടു കാര്‍ പാര്‍ക്കിങ് സൗകര്യവുമുണ്ട്. മിനിമലിസ്റ്റിക് സ്‌റ്റൈലിലാണ് ദിഷ തന്റെ വീടിനെ ഒരുക്കിയിരിക്കുന്നത്. വെള്ളനിറമാണ് വീടിന് നല്‍കിയിരിക്കുന്നത്. വാതിലുകള്‍ക്കും ജനലുകള്‍ക്കുമൊക്കെ വെള്ളനിറമാണ് നല്‍കിയിരിക്കുന്നത്. വീട്ടിലെ ഭൂരിഭാഗം ഫര്‍ണിച്ചറും വൈറ്റ് ടോണിലാണ് ചെയ്തിരിക്കുന്നത്. മാര്‍ബിളാണ് നിലത്ത് പാകിയിരിക്കുന്നത്.
ആഡംബര ഗൃഹമെന്ന സങ്കല്‍പത്തെ പൊളിച്ചെഴുതി ലളിതമായാണ് വീട് അലങ്കരിച്ചിരിക്കുന്നത്. അകത്തളങ്ങളില്‍ വെള്ളയും വുഡന്‍ ടോണും ചേര്‍ത്താണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലിവിങ് റൂം മുതല്‍ ബെഡ്‌റൂം ഉള്‍പ്പെടെ ധാരാളം ചെടികളും വീട്ടിലുണ്ട്.
മറ്റു മുറികളിലേതിന് സമാനമായാണ് ബെഡ്‌റൂമും ദിഷ ഒരുക്കിയിരിക്കുന്നത്. ബെഡ് റൂമിനും വെള്ള നിറമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ചുവരില്‍ കറുത്ത നിറത്തിലുള്ള ധാരാളം ചിത്രശലഭങ്ങളെ പതിപ്പിച്ചിരിക്കുന്നതും കാണാം. ഫര്‍ണീച്ചറുകള്‍ക്കും വെള്ള നിറമാണ്.
എടുത്തു പറയേണ്ട പ്രത്യേകതയാണ് വീടിന്റെ വിശാലമായ ബാല്‍ക്കണി. നീളത്തിലുള്ള ബാല്‍ക്കണിയില്‍ ഇരിപ്പിടവും ചെടികളും മനോഹരമായൊരുക്കിയിട്ടുണ്ട്. വുഡന്‍ ഫ്‌ളോറിങ് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്. മുകളില്‍ നിന്ന് താഴേക്കു നീണ്ടുകിടക്കുന്ന ഗ്ലാസ്‌കൊണ്ടുള്ള ചുമരുകളും ദിഷയുടെ മിനിമല്‍ സ്‌റ്റൈലിനോടുള്ള താത്പര്യം വ്യക്തമാക്കും. കടുത്ത നിറങ്ങളോ ആഡംബരപൂര്‍ണമായ ഇന്റീരിയറുകളോ ഇവിടെ കാണാനില്ല. വളരെ ശാന്തവും സുന്ദരവുമായൊരിടമായാണ് തന്റെ 'ലിറ്റില്‍ ഹട്ടി'നെ അവര്‍ ഒരുക്കിയിരിക്കുന്നത്.