കലിഫോര്‍ണിയയിലെ ആഡംബര വസതി വില്പനയ്ക്ക് വച്ച് സംവിധായകന്‍ ജെയിംസ് കാമറൂണ്‍

By Lekshmi.12 07 2023

imran-azhar

 

സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ കലിഫോര്‍ണിയയിലെ ആഡംബര വസതി വില്പനയ്ക്ക് എന്ന് റിപ്പോര്‍ട്ട്. ടൈറ്റാനിക്, ടെര്‍മിനേറ്റര്‍, അവതാര്‍ അടക്കമുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനായ കാമറൂണ്‍ തന്റെ ഗവിയോട്ട നഗരത്തിലെ 102 ഏക്കര്‍ വിസ്തൃതമായ എസ്‌റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന വീടാണ് കൈമാറ്റം ചെയ്യുന്നത്. കടല്‍കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധത്തില്‍ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ വീട് സ്വന്തമാക്കാന്‍ പുതിയ ഉടമ 33 മില്യണ്‍ ഡോളര്‍ (272 കോടിയ്ക്കടുത്ത്) ചിലവഴിക്കേണ്ടി വരും.

 

ഒരു വീടും, ഗസ്റ്റ് ഹൗസും, ധാന്യപ്പുരയുമാണ് എസ്‌റ്റേറ്റില്‍ ഉള്ളത്. ഇതില്‍ പ്രധാന കെട്ടിടത്തിന് 8000 ചതുരശ്ര അടിയാണ് വിസ്തീര്‍ണ്ണം. അഞ്ച് കിടപ്പുമുറികളും ആറ് ബാത്‌റൂമുകളും ഇവിടെയുണ്ട്. 2000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഗസ്റ്റ് ഹൗസ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ 24000 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ധാന്യപ്പുര നിലവില്‍ ഒരു ഹെലികോപ്റ്റര്‍ അടക്കം നിരവധി വാഹനങ്ങള്‍ സൂക്ഷിക്കാനായാണ് കാമറൂണ്‍ ഉപയോഗിക്കുന്നത്. 1990കളില്‍ 4.3 മില്യന്‍ ഡോളറിനാണ് (35 കോടി രൂപ) കാമറൂണും ഭാര്യ സൂസി ആമിസും എസ്‌റ്റേറ്റ് സ്വന്തമാക്കിയത്.

 

ജിം, മൂവി തീയേറ്റര്‍, ഓഫിസ് റൂമുകള്‍, ഗെയിം റൂം, ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂള് എന്നിവയാണ് വീട്ടിലെ മറ്റ് സൗകര്യങ്ങള്‍. സമുദ്ര ജീവികളെക്കുറിച്ച് മനസ്സിലാക്കുന്നതില്‍ ഏറെ താല്പര്യമുള്ളതുകൊണ്ട് മിലിറ്ററി ഗ്രേഡ് ബൈനോക്കുലറുകളും കാമറൂണ്‍ സ്ഥാപിച്ചിട്ടുണ്ട്. സുസ്ഥിരതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് വായുവില്‍നിന്നും സൗരോര്‍ജത്തില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് പ്രധാനമായും വീട്ടില്‍ ഉപയോഗിക്കുന്നത്. സ്വാഭാവിക വെളിച്ചം ധാരാളമായി അകത്ത് ലഭിക്കുന്ന വിധത്തിലാണ് രൂപകല്പന. റൂഫിങ്ങിന് തടി കൊണ്ടുള്ള പാനലുകള്‍ ഉപയോഗിച്ചിരിക്കുന്നു. എസ്‌റ്റേറ്റില്‍ ഒരു പച്ചക്കറി തോട്ടവും കുടുംബം ഒരുക്കിയിട്ടുണ്ട്. നിലവില്‍ കൂടുതല്‍ സമയവും ന്യൂസിലന്‍ഡില്‍ ചിലവഴിക്കേണ്ടി വരുന്നതിനാലാണ് എസ്‌റ്റേറ്റ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

OTHER SECTIONS