ഇതൊക്കെ ശ്രദ്ധിച്ചാല്‍ ചെലവു കുറച്ച് വീടുവയ്ക്കാം

By swathi.10 02 2022

imran-azhar

 

1. സാധാരണ ഉപയോഗിക്കുന്ന വീടുനിര്‍മാണ രീതികള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും പകരമായി ബദല്‍ രീതികള്‍ ഉപയോഗിച്ചും ചെലവു കുറയ്ക്കാം.ഫെറോസിമന്റ് രീതിയില്‍ സിമെന്റും കമ്പിയും മിനിമെറ്റലും ഉപയോഗിച്ച് നിര്‍മിക്കുന്ന പ്രീ കാസ്റ്റ് പലകകള്‍ കമ്പിയും കോണ്‍ക്രീറ്റ് മിശ്രിതവും ഉപയോഗിച്ചു നിര്‍മിക്കുന്ന റീ ഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് പോലെ ബലമുള്ളതും അത്ര തന്നെ ഭാരമില്ലാത്തതും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്. ഫെറോസിമെന്റ് പാളികള്‍ നിര്‍മിക്കുന്നതിന് തട്ടടിക്കല്‍,ക്യൂറിങ് തുടങ്ങിയ വിഷമകരമായ കാര്യങ്ങള്‍ ആവശ്യമില്ല എന്നതാണ് ഇതിന്റെ മേന്മ.ഗുണനിലവാരത്തില്‍ കുറവു വരുന്നുമില്ല.

 

2. തേക്ക്, ഈട്ടി തുടങ്ങിയ തടികള്‍ക്കു പകരം ചെറുതേക്ക്, ആഞ്ഞിലി, പ്ലാവ്, തെങ്ങ് തുടങ്ങിയ ഉപയോഗിക്കാം. അമ്പതു ശതമാനത്തില്‍ അധികം ഇതിലൂടെ ലാഭിക്കാം. പ്ലാവ്, ആഞ്ഞിലി പോലുള്ള തടികള്‍ പരമാവധി നഷ്ടം കുറച്ച് അറുത്തെടുക്കണം. ഫ്രെയിമുകള്‍ക്ക് ഭാരം കൂടിയ തടികള്‍ എടുക്കാം.ഷട്ടറുകള്‍ ഉണ്ടാക്കാന്‍ മഹാഗണിയോ തേക്കോ പ്ലാവോ പോലുള്ള ഭാരം കുറഞ്ഞ തടികളാണു നല്ലത്.

 

3. കൃത്യ സമയത്തു ജോലികള്‍ തീര്‍ക്കുന്നു എന്ന് ഉറപ്പു വരുത്തു്ക,പ്രത്യേകിച്ച് ഫിനിഷിങ് ഘട്ടത്തില്‍. ഏറ്റവും ചെലവ് വരുന്ന ഘട്ടമാണിത്. ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ പുലര്‍ത്തിയാല്‍ പാഴ്‌ചെലവുകള്‍ ഒഴിവാക്കാം.

 

4. വീടിന്റെ പുറത്തേക്കുള്ള വാതിലുകള്‍ക്ക് മാത്രം നല്ല കരുത്തുള്ളവ നല്‍കിയാല്‍ മതിയാകും. വീടിനുള്ളിലെ വാതിലുകളില്‍ വയ്ക്കുന്ന ബോള്‍ട്ടുകള്‍ ചെറുതു മതി. ഉള്ളിലെ വാതിലുകള്‍ക്ക് മരത്തിന്റെ കട്ടിളകള്‍ക്ക് പകരം കോണ്‍ക്രീറ്റ് പ്ലഗ് ഉപയോഗിച്ച് വിജാഗിരികള്‍ പിടിപ്പിച്ചാല്‍ മതിയാകും. തടി ലാഭിക്കാം, പെയിന്റ്, വാര്‍ണിഷ്, തുടങ്ങിയ ചെലവും കുറയ്ക്കാം. ടോയ്‌ലറ്റ് തുടങ്ങി ഈര്‍പ്പം കൂടിയ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് / ഫൈബര്‍ വാതിലുകളാണ് കൂടുതല്‍ ഉത്തമം.

 

5. അടുക്കളയുടെ ക്യാബിനറ്റുകളും ക്യാബിനറ്റ് ഷട്ടറുകളും തടികൊണ്ടു തന്നെ വേണമെന്നില്ല പകരം കംപ്രസ്ഡ് വുഡ് ഉപയോഗിച്ച് ഷട്ടറുകള്‍ ചെയ്യാം. അതിനു മുകളില്‍ ഓട്ടമോട്ടീവ് പെയിന്റ് അടിച്ചാല്‍ ചെലവു കുറയ്ക്കാന്‍ കഴിയും.ഗ്ലോസി ഫിനിഷിലുള്ള പെയിന്റ് ഫിനിഷ് നല്‍കുന്നതാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സാമ്പത്തികലാഭം തരുന്നത്.

 

6. വെയിലടിക്കുന്ന സിറ്റ് ഔട്ട്, വരാന്ത തുടങ്ങിയ ഭാഗങ്ങ ളിലും അരിക് ഉരുട്ടേണ്ട സ്ഥലത്തും വിട്രിഫൈഡ് ടൈലോ ഗ്രാനൈറ്റോ ഉപയോഗിച്ച് ബോര്‍ഡര്‍ ആയി ചെയ്തിട്ട് ബാക്കി വരുന്ന ഭാഗം സെറാമിക് ടൈലും ഉപയോഗിച്ചാല്‍ ഭംഗിവരുത്താനും ചെലവ് കുറയ്ക്കാനും ഇതിലൂടെ സാധിക്കും.ഗ്രാനൈറ്റും മാര്‍ബിളും അതിന്റെ മെറ്റീരിയലിന്റെ വില കൂടുന്നത് മാത്രമല്ല അത് വിരിക്കുന്നതിനുള്ള ചെലവും കൂടുതലാണ്. ഗ്രാനൈറ്റിന്റെ കടുപ്പമനുസരിച്ച് നിറം കൂടും. ഇളം നിറമുള്ള ഗ്രാനൈറ്റ് കടുപ്പം കുറഞ്ഞതും ഈര്‍പ്പം പിടിക്കാന്‍ സാധ്യതകൂടുതലുള്ള തുമാണ്.

 

7. പൈപ്പുകളും ഇലക്ട്രിക് വയറുകളും പെയിന്റുമെല്ലാം ഒന്നില്‍ക്കൂടുതല്‍ കടകളില്‍ കയറി വിലനിലവാരം അറിഞ്ഞതിനു ശേഷം മാത്രം വാങ്ങിക്കുക. താല്‍ക്കാലിക ലാഭം നോക്കി മെറ്റീരിയലുകള്‍ വാങ്ങിക്കുന്നത് പിന്നീടുള്ള മെയിന്റനന്‍സ് ചെലവ് കൂട്ടുന്നതിനാല്‍ ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ക്ക് പ്രാധാന്യം നല്‍കുക. വയറിങ്, പ്ലംബിങ് എന്നിവയ്ക്കുള്ള ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഐ.എസ്.ഐ മാര്‍ക്കുള്ളവയ്ക്ക് പ്രാമുഖ്യം കൊടുക്കുന്നതാണു നല്ലത്.

8. പ്ലാന്‍ തയാറാക്കുന്നതു മുതല്‍ കൃത്യമായ കണക്ക് എഴുതി സൂക്ഷിക്കുക. ആഴ്ചതോറും ഇതു പരിശോധിച്ചാല്‍ എവിടെ യെല്ലാം അധിക ചെലവ് വരുന്നു എന്ന് അറിയാന്‍ സാധിക്കും. വീടുപണിയുടെ ഓരോ ഘട്ടവും കഴിയുമ്പോള്‍ മൊത്തം ബജറ്റിന്റെ എത്ര ശതമാനം ചെലവായി എന്നു മനസ്സിലാക്കാനും വരാനിരിക്കുന്ന ചെലവുകളെക്കുറിച്ച് ധാരണയുണ്ടാക്കാനും സാധിക്കും.

 

9. ബെഡ്‌റൂം 10x10 മതി, ഡൈനിങ് 11x12 മതി എന്നൊക്കെ പറഞ്ഞാണ് പലരും ആര്‍ക്കിടെക്ടിനെ കാണുന്നത്. മിക്കവര്‍ക്കും ഇതിനെപ്പറ്റി ധാരണയില്ല.നിലവില്‍ താമസിക്കുന്ന മുറിയുടെ അളവുകള്‍ എടുത്തു നോക്കി അളവുകളെ കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടാക്കിയിട്ടു വേണം ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍. വിസ്തീര്‍ണത്തിന്റെ അളവു മനസ്സിലാക്കുക.ഒരു മുറിയുടെ നീളവും വീതിയും തമ്മില്‍ ഗുണിച്ചാല്‍ വിസ്തീര്‍ണമായി. ഇത്തരത്തില്‍ വീടിന്റെ മൊത്തം വിസ്തീര്‍ണം കണക്കാക്കാന്‍ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. ഭിത്തിക്കുള്ളില്‍ വരുന്ന സ്ഥലം കൂടി കണക്കിലെടുക്കണം. ഏകദേശം എട്ട് ഇഞ്ചോളം സ്ഥലം ഒരു ഭിത്തിക്കായി വിടേണ്ടി വരും. ഈ സ്ഥലം ഒഴിച്ച് ബാക്കി ഉപയോഗശൂന്യമായ സ്‌പെയ്‌സിനെ കാര്‍പെറ്റ് ഏരിയ എന്നു പറയും.

 

10. വീടുപണിയില്‍ എവിടെ ലാഭിച്ചാലും തറപണിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

 

 

OTHER SECTIONS